സാമ്പത്തിക മാന്ദ്യവും കോവിഡും എല്ലാം ചേർന്ന് രാജ്യത്തെ വാഹനവിപണി വൻ പ്രതിസന്ധിയിലായ വർഷമാണ് 2020. പുതിയ വിൽപ്പന കണക്കുകൾ പുറത്തുവരുേമ്പാൾ കടുത്ത മത്സരമാണ് ആഢംബര വിപണിപിടിക്കാൻ രണ്ട് ജർമൻ കമ്പനികൾ തമ്മിൽ നടന്നതെന്ന് കാണാം. ലോകത്തിലെ പ്രമുഖ ലക്ഷ്വറി കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസിന് വിൽപ്പനയിൽ വൻ ഇടിവാണ് രാജ്യത്ത് സംഭവിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 42.75 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
2020ൽ 7,893 വാഹനങ്ങളാണ് ബെൻസ് വിറ്റഴിച്ചത്. വിൽപ്പനയുടെ 14 ശതമാനം ഓൺലൈൻ ബുക്കിങിലൂടെയായിരുന്നെന്നും കമ്പനി പറയുന്നു. 2019 ൽ വിറ്റ 13,786 യൂനിറ്റുകളെ അപേക്ഷിച്ച് വൻ തകർച്ചയാണ് ബെൻസിന് വിൽപ്പനയിൽ ഉണ്ടായത്. 2019ലെ ആദ്യ ക്വാർട്ടറിൽ 563 യൂണിറ്റ് മാത്രമാണ് വിറ്റഴിക്കാനായത്. പ്രാരംഭ തിരിച്ചടിക്ക് ശേഷം വിൽപനയിൽ ചെറിയചില നേട്ടങ്ങൾ കൈവരിക്കാനും ബെൻസിന് കഴിഞ്ഞു. മൂന്നാം ക്വാർട്ടറിൽ 2058 യൂനിറ്റും നാലിൽ 2886 യൂനിറ്റുമാണ് വിറ്റത്. മറ്റൊരു പ്രമുഖ ആഢംബരവാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യുവും അവരുടെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു.
ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയിൽ ആകെ 9,167 യൂനിറ്റുകൾ വിറ്റഴിച്ചു. ഇതിൽ ബിഎംഡബ്ല്യു കാറുകൾ 6,097ഉം മിനി ബ്രാൻഡിലെ വാഹനങ്ങൾ 512 എണ്ണവുമാണ്. ബാക്കിയുള്ള 2,563 യൂനിറ്റുകൾ ബിഎംഡബ്ല്യു മോട്ടോറാഡ് വഴിയാണ് വിറ്റഴിച്ചത്. ആഢംബര ബൈക്കുകൾ വിൽക്കുന്ന ബി.എം.ഡബ്ല്യൂവിന്‍റെ ഉപവിഭാഗമാണ് മോട്ടോറാഡ്. മറ്റ് ലക്ഷ്വറി കാർ ബ്രാൻഡുകളായ ഓഡി, ജാഗ്വാർ ലാൻഡ് റോവർ, വോൾവോ എന്നിവ 2020ലെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.
കാറുകളും എസ്.യു.വികളും ചേർന്ന വിൽപ്പന പരിശോധിച്ചാൽ ഇപ്പോഴും ബെൻസ് തന്നെയാണ് രാജ്യത്ത് മുന്നിലെന്ന് പറയേണ്ടിവരും. ഇടക്കാലത്ത് ഒന്നുരണ്ട് വർഷങ്ങളൊഴിച്ചാൽ എന്നും ഇന്ത്യയിലെ ആഢംബര വിപണി നിയന്ത്രിച്ചിരുന്നത് ബെൻസ് ആണ്. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.