അഴകളവുകൾ തികഞ്ഞവൻ; റോയൽ എൻഫീൽഡ്​ ഷോട്ട്​ഗൺ 650 അവതരിപ്പിച്ചു

650 സി.സി നിരയിലെ പുതിയ ബൈക്കായ ഷോട്ട്​ ഗൺ ഔദ്യോഗികമായി അവതരിപ്പിച്ച്​ റോയൽ എൻഫീൽഡ്​. ഗോവയിൽ നടന്ന മോട്ടോവേഴ്​സ്​ 2023ലാണ് ഷോട്ട്​ ഗൺ ആദ്യം പ്രദർശിപ്പിച്ചത്​.​ അന്നുതന്നെ വാഹനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബോബർ സെഗ്​മെന്‍റിലാണ് ബൈക്ക്​ വിപണിയിൽ എത്തുന്നത്​.

അഴകളവുകൾ തികഞ്ഞ രൂപവും ഭാവവുമാണ് ഷോട്ട്ഗൺ 650 എത്തുന്നത്​. ക്രൂസർ ബൈക്കായ സൂപ്പർ മീറ്റിയോർ 650യുടെ അതേ എഞ്ചിനും പ്ലാറ്റ്ഫോമും കടമെടുത്താണ് ഷോട്ട്ഗണ്ണും നിർമിച്ചിരിക്കുന്നത്. കോണ്ടിനെന്റൽ ജിടി 650, സൂപ്പർ മീറ്റിയോർ 650 എന്നിവക്കിടയിലാവും ഷോട്ട്ഗൺ സ്ഥാനംപിടിക്കുക. സ്റ്റെൻസിൽ വൈറ്റ്, പ്ലാസ്മ ബ്ലൂ, ഗ്രീൻ ഡ്രിൽ, ഷീറ്റ്മെറ്റൽ ഗ്രേ എന്നിങ്ങനെ നാല് വ്യത്യസ്ത നിറങ്ങളിൽ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 വാങ്ങാനാവും.


18 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ അലോയ് വീൽ സെറ്റപ്പാണ് ബൈക്കിൽ കമ്പനി ഉപയോഗിക്കുക. ക്ലാസിക് ടച്ചുണ്ടെങ്കിലും ആളൊരു മോഡേൺ ബൈക്കാണെന്നാണ് എൻഫീൽഡ് അവകാശപ്പെടുന്നത്. ഇതിനായി എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രിപ്പർ നാവിഗേഷൻ, യുഎസ്ബി ചാർജിംഗ് പോർട്ട്, റോയൽ എൻഫീൽഡ് വിംഗ്മാൻ സപ്പോർട്ട് എന്നിങ്ങനെ വാഹനത്തിൽ ലഭിക്കും.


31 ഒറിജിനൽ മോട്ടോർസൈക്കിൾ ആക്സസറികളും ബൈക്കിന്റെ മാറ്റുകൂട്ടാൻ ഉപയോഗിക്കാം. 13.8 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് ഷോട്ട്ഗണ്ണിനുള്ളത്. 795 മില്ലീമീറ്ററിന്റെ സീറ്റ് ഹൈറ്റാണ്. കമ്പനിയുടെ മറ്റ് 650 സിസി മോട്ടോർസൈക്കിളുകളിൽ കാണുന്ന അതേ എഞ്ചിൻ തന്നെയാണ്​ ഇവിടേയും.


648 സിസി പാരലൽ-ട്വിൻ എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ഷോട്ട്ഗണ്ണിൽ. 47 bhp പവറിൽ പരമാവധി 52 Nm ടോർക്​ വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.


സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിന്​​ മുൻവശത്ത് പ്രത്യേക ഫംഗ്‌ഷനുള്ള 43 mm ബിഗ് പിസ്റ്റൺ ഷോവ ഫോർക്കുകളും പിന്നിൽ ട്വിൻ ട്യൂബ് 5-സ്റ്റെപ്പ് ഷോക്ക് അബ്‌സോർബറുകളുമാണ് നൽകിയിരിക്കുന്നത്. ഷോട്ട്ഗണ്ണിന് 795 മില്ലീമീറ്റർ സീറ്റ് ഉയരവും 1,465 മില്ലീമീറ്റർ വീൽബേസുമുണ്ട്. മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നത്. ഡ്യുവൽ ചാനൽ എബിഎസ് ഓഫറിലുണ്ടാകും.

Tags:    
News Summary - Royal Enfield Shotgun 650 revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.