കര്‍വിനോട് മത്സരിക്കാൻ സിട്രണ്‍ ബസാള്‍ട്ട്; പുറത്തിറങ്ങുന്നത് സ്പോർട്ടി ലുക്കിൽ

നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷം ഒരു കിടിലന്‍ മോഡലുമായി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തിയിരിക്കുകയാണു ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍. ലംബോര്‍ഗിനി ഉറൂസിന്റെ രൂപ സാദൃശ്യമുള്ള ബസാള്‍ട്ട് കൂപ്പെ എസ്.യു.വിയുമായാണു സിട്രണ്‍ വിപണിയിലേക്കെത്തുന്നത്. കണ്‍സെപ്റ്റ് രൂപത്തില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ കൈയടി നേടിയ വാഹനം ടാറ്റ മോട്ടോര്‍സിന്റെ വരാനിരിക്കുന്ന കര്‍വുമായാണ് മത്സരിക്കുക.

സിട്രണിന്റെ ആദ്യ മോഡലായ സി5 എയര്‍ക്രോസിനും രണ്ടാമത് അവതരിപ്പിച്ച സി3ക്കും വിചാരിച്ച ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ല. പിന്നീട് മിഡ്-സൈസ് എസ്.യു.വി വിഭാഗത്തില്‍ എത്തിയ സി3 എയര്‍ക്രോസാണ് അല്‍പമെങ്കിലും ശ്രദ്ധിക്കപ്പെട്ടത്. ടാറ്റ കര്‍വ് ഓഗസ്റ്റ് ഏഴിന് വിപണിയില്‍ അവതരിപ്പിക്കുമെങ്കില്‍ സിട്രണ്‍ ബസാള്‍ട്ടിനെ അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കുമെന്നാണു കരുതുന്നത്. വില പുറത്തുവിട്ടിട്ടില്ല.

ലംബോര്‍ഗിനി ഉറൂസിനെ അനുസ്മരിപ്പിക്കും വിധമാണ് സിട്രണ്‍ ബസാള്‍ട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. തിളങ്ങുന്ന സ്‌പോര്‍ട് മഞ്ഞ നിറം കൂടിയാകുമ്പോള്‍ ഒറ്റനോട്ടത്തില്‍ ഉറൂസിന്റെ കോപ്പിയാണെന്ന് വരെ തോന്നിയേക്കാം. സിട്രണ്‍ ലോഗോ ആലേഖനം ചെയ്തിരിക്കുന്ന ഗ്രില്ലാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണം. റേഡിയേറ്റര്‍ ഗ്രില്ലുള്ള ആകര്‍ഷകമായ ഫ്രണ്ട് ബമ്പര്‍, ഫ്ലിപ്-സ്‌റ്റൈല്‍ ഡോര്‍ ഹാന്‍ഡിലുകള്‍, എൽ.ഇ.ഡി ടെയില്‍ലാമ്പുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, ഉയര്‍ത്തിയ ടെയില്‍ഗേറ്റ് പാനല്‍ എന്നിവയും ചുറ്റിനും കട്ടിയുള്ള ക്ലാഡിങ്ങും അവതരിപ്പിക്കും.

അകത്തും നിരവധി സൗകര്യങ്ങളാണു വാഹനത്തിനു നല്‍കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിങ് ഐ.ആർ.വി.എം, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ ബസാള്‍ട്ട് കൂപ്പെയില്‍ ഉണ്ടായിരിക്കും. എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.സി, റിവേഴ്‌സ് കാമറ ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ എന്നിവയും സുരക്ഷക്കായി ഒരുക്കും.

വാഹനത്തില്‍ വിശാലമായ സ്ഥലസൗകര്യം ഉണ്ടായിരിക്കും. എയര്‍ക്രോസില്‍ കാണുന്ന അതേ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍ ഓപ്ഷനായിരിക്കും ബസാള്‍ട്ടിലും ഉണ്ടാകുക. എൻജിന്‍ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ യൂണിറ്റുമായിട്ടായിരിക്കും ജോടിയാക്കുക. 108 ബി.എച്ച്.പി കരുത്തില്‍ പരമാവധി 205 എൻ.എം ടോര്‍ക്ക് ഉൽപാദിപ്പിക്കാനും ഈ 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എൻജിന് സാധിക്കും. 

Tags:    
News Summary - Tata Curvv Vs Citroen Basalt: Here's What We Know So Far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.