ലോകത്ത് ഏറ്റവും കൂടുതൽ വിൽക്കുന്ന പാസഞ്ചർ കാർ ഇനിമുതൽ ഈ ഇ.വി; പുതിയ യുഗത്തിന് തുടക്കമെന്ന് വിദഗ്ധർ

ഇലക്ട്രിക് കാറുകളാണ് ഭാവിയുടെ വാഹനങ്ങളെന്നതിൽ ഇപ്പോൾ ആരും തമ്മിൽ തർക്കമൊന്നുമില്ല. ഇതിനെ അരക്കിട്ടുറപ്പിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഹന ചരിത്രത്തിൽ ആദ്യമായി ഒരു ഇലക്ട്രിക് കാർ ലോകത്തിലെ ഏറ്റവും വിറ്റഴിക്കുന്ന പാസഞ്ചർ കാറുകളുടെ ലിസ്റ്റിൽ ഒന്നാമത് എത്തി. ടെസ്‍ല മോഡൽ വൈ ആണ് ചരിത്രം കുറിച്ച ആ കാർ.

ടെസ്‍ല പുതിയ നേട്ടം കുറിക്കുമ്പോൾ ചർച്ചയാകുന്നത് കമ്പനി സി.ഇ.ഒ എലോൺ മസ്കിന്റെ ഒരു പ്രവചനം കൂടിയാണ്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എലോണ്‍ മസ്‌ക് ഒരു പ്രവചനം നടത്തിയത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ മോഡല്‍ Y ഇലക്ട്രിക് എസ്‌യുവി ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ വാഹനമായി മാറുമെന്നായിരുന്നു മസ്‌കിന്റെ പ്രവചനം.നിക്ഷേപകരുടെ ഒരു വാര്‍ഷിക യോഗത്തിനിടെയായിരുന്നു മസ്‌കിന്റെ പ്രഖ്യാപനം. എന്നാൽ മോഡൽ വൈ പോലെ വിലകൂടിയ ഒരു വാഹനം ഉടനൊന്നും ഈ പദവിയിൽ എത്തില്ല എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാലിപ്പോൾ മസ്കിന്റെ പ്രവചനം ഫലിച്ചിരിക്കുകയാണ്.


ലോകത്ത് ഓട്ടോമൊബൈല്‍ വ്യവസായം ഫോസില്‍ ഇന്ധന വാഹനങ്ങളെ വിട്ട് ഇലക്ട്രിക് വാഹനങ്ങളെ പുല്‍കുകയാണെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ടെസ്‌ല മോഡല്‍ വൈ ഇ.വിയുടെ നേട്ടം. ലോകമെമ്പാടുമുള്ള 53 വിപണികളില്‍ നിന്ന് ശേഖരിച്ച ഡാറ്റ അനുസരിച്ചാണ് ടെസ്ല മോഡല്‍ വൈ വില്‍പ്പന ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്. ടൊയോട്ട കൊറോളയെ പിന്തള്ളിയാണ് മോഡല്‍ വൈ ലോക ഒന്നാം നമ്പര്‍ കാറായി മാറിയത്. ആദ്യ അഞ്ച് സ്ഥാനങ്ങൾ പരിശോധിച്ചാൽ നാലും ടൊയോട്ട വാഹനങ്ങളാണ്.

2023 ആദ്യപാദത്തില്‍ ആഗോളതലത്തില്‍ മോഡല്‍ വൈ-യുടെ 267,200 യൂനിറ്റുകളാണ് ടെസ്ല വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ 69 ശതമാനമാണ് വര്‍ധനവ്. ഇലക്ട്രിക് കാറുകളുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ചൈനയില്‍ നിന്നാണ് ടെസ്‌ല ഏറ്റവും ഉയര്‍ന്ന വില്‍പ്പന വാരിക്കൂട്ടിയത്. സ്വന്തം തട്ടകമായ അമേരിക്കയില്‍ നിന്നുള്ളതിനേക്കാള്‍ വില്‍പ്പനയാണ് ടെസ്‌ലക്കിപ്പോള്‍ ചൈനയില്‍ ലഭിക്കുന്നത്. ചൈനീസ് കമ്പനികളില്‍ നിന്ന് വെല്ലുവിളികള്‍ ഉയര്‍ന്നതോടെ ടെസ്‌ല കാറുകള്‍ക്ക് വില കുറച്ചിരുന്നു. ഇത് വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചു.


2023 ആദ്യപാദത്തില്‍ ലോകത്താകമാനം ടൊയോട്ട കൊറോളയുടെ 256,400 യൂനിറ്റുകളാണ് വില്‍പ്പന നടത്തിയത്. ചൈനയില്‍ 29 ശതമാനവും യുഎസ്എയില്‍ 10 ശതമാനവും വില്‍പ്പന ഇടിവ് രേഖപ്പെടുത്തി. 2018 മാര്‍ച്ചിലാണ് ടൊയോട്ട കൊറോളയുടെ നിലവിലെ തലമുറ പതിപ്പ് പുറത്തിറങ്ങിയത്. കൊറോളയ്ക്ക് പുറമേ, ഹൈലക്‌സ്, RAV4, കാമ്രി എന്നീ മോഡലുകളാണ് ടോപ് 5 പട്ടികയിലുള്ളത്.


Tags:    
News Summary - Tesla Model Y becomes 1st EV to earn world's best-selling car tag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.