കാടിനുള്ളിലൂടെ കൂറ്റൻ കല്ലും കുന്നും വെള്ളക്കെട്ടും താണ്ടി 4x4 വാഹനം ഓടിക്കാൻ കൊതിക്കാത്തവരായി ആരാണുള്ളത്. ഡ്രൈവിങ് ജീവനായവർക്ക് അതൊരു ഹരം തന്നെയാണ്. ഓഫ് റോഡ് പ്രേമികൾ എക്കാലും ഉറ്റുനോക്കുന്ന റെയിൻ ഫോറസ്റ്റ് ചലഞ്ച് (ആർ.എഫ്.സി) ഇന്ത്യ 2022 പതിപ്പ് ഗോവയിൽ ജൂലൈ 23ന് തുടക്കമാവും.
30 വരെ നടക്കുന്ന സാഹസിക വാഹനയോട്ട മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 28 ടീമുകളാണ് പങ്കെടുക്കുന്നത്. തെലങ്കാനയിൽ നിന്ന് ഒമ്പത് ടീമുകൾ, മഹാരാഷ്ട്രയിൽ നിന്ന് ആറ്, ഗോവ നാല്, ഡൽഹി മൂന്ന്, കർണാടക, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് ടീമുകൾ വീതവും ചണ്ഡിഗഢ്, കേരളം എന്നിവിടങ്ങളിൽ നിന്ന് ഓരോ ടീമുകളും മോട്ടോർ സ്പോർട്സ് ഇവന്റിൽ പങ്കെടുക്കും. മൂന്ന് പുതുമുഖങ്ങളാണ് ഈ വർഷമുള്ളത്. ആർ.എഫ്.സി രാജ്യത്തെ ഏറ്റവും വലിയ ഓഫ്-റോഡ് മത്സരം മാത്രമല്ല, ഇന്ത്യയിലെമ്പാടുമുള്ള ഓഫ്-റോഡർമാരുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളവേദി കൂടിയാണ്. മത്സരാർഥികൾ കരുതിവച്ചിരിക്കുന്ന പുതിയ തന്ത്രങ്ങളും സാഹസികതകളും കാണാനുള്ള ആവേശത്തിലാണ് കാണികൾ.
കഠിനമായ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകാനുള്ള ട്രാക്കുകളാണ് റെയിൻഫോറസ്റ്റ് ചലഞ്ചിൽ സജ്ജമാക്കിയത്. ഇതിലൂടെയുള്ള വാഹനയോട്ടം ഡ്രൈവർമാർക്കും വാഹനങ്ങൾക്കും ഏറെ സാഹസികമായിരിക്കും. മത്സരം പൂർത്തിയാവുന്നതോടെ ഇന്ത്യൻ മോട്ടോർസ്പോർട്ടിൽ ഇതൊരു നാഴിക കല്ലാവുമെന്ന് തീർച്ച. സ്‌കോഡ മോട്ടോർസ്‌പോർട്ടിന്റെ (2018) ലോകത്തിലെ ഏറ്റവും കഠിനമായ അഞ്ച് ഓഫ്-റോഡ് റേസുകളിൽ മൂന്നാം സ്ഥാനത്താണ് ആർ.എഫ്.സി ഇന്ത്യ.
കൂടാതെ, 21 രാജ്യങ്ങളിലായി നടന്ന 51 പതിപ്പുകളിൽ ഏറ്റവും മികച്ച രണ്ട് ഗ്ലോബൽ ആർ.എഫ്.സി റേസുകൾ ഇന്ത്യയിലേതാണ്. ഡ്രൈവിങ്, വെഹിക്കിൾ റിക്കവറി കഴിവുകൾ, ടീം സ്പിരിറ്റ് എന്നിവയ്‌ക്കൊപ്പം ഡ്രൈവർമാരുടെ ശാരീരികവും മാനസികവുമായ കരുത്തും ഓഫ്-റോഡ് സാഹചര്യങ്ങളിൽ പരീക്ഷിക്കപ്പെടും. ഡ്രൈവറും കോ-ഡ്രൈവറും അടങ്ങുന്ന ഓരോ ടീമും 26 പ്രത്യേക ഘട്ടങ്ങളിലൂടെയാവും മത്സരത്തിലെ വെല്ലുവിളികൾ നേരിടുക. ഓരോ ഘട്ടത്തിലും നിശ്ചിത പോയിന്‍റുകൾ ടീമുകൾക്ക് ലഭിക്കും. മത്സരത്തിന്റെ അവസാനം കൂടുതൽ പോയിന്റുകൾ നേടിയ ടീം ആർ.എഫ്.സി ഇന്ത്യ 2022 പതിപ്പിലെ ചാമ്പ്യൻമാരാവും. ഇൗ വർഷം അവസാനം മലേഷ്യയിൽ നടക്കുന്ന ആർ.എഫ്.സി ഗ്ലോബൽ സീരീസ് ഫൈനലിലേക്ക് ചാമ്പ്യൻമാർ സൗജന്യ പ്രവേശനം നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.