ന്യൂഡൽഹി: നഗരങ്ങളിലെ നിരത്തുകളിൽനിന്ന് നാല് ചക്ര ഡീസൽ വാഹനങ്ങൾ പൂർണമായും ഒഴിവാക്കാൻ കേന്ദ്രത്തിന് പഠനസമിതി നിർദേശം. 2027ഓടെ ഇന്ത്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറക്കുന്നതിന് വൈദ്യുതി, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയോഗിച്ച എനര്‍ജി ട്രാന്സ്മിഷൻ പാനലാണ് സർക്കാറിന് നിർദേശം നൽകിയിട്ടുള്ളത്.
നഗരങ്ങളിൽ സർവിസ് നടത്തുന്ന ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നല്‍കരുതെന്നും സമിതി സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു. മൂന്നു വർഷത്തിനുള്ളിൽ റെയിൽപാത പൂർണമായും വൈദ്യുതിവത്കരിക്കണം.
2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ അനുവദിക്കണം. ചരക്ക് നീക്കത്തിന് ട്രെയിനും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കുകളും ഉപയോഗിക്കണം. ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിന് ആനുകൂല്യങ്ങൾ നൽകുന്ന കാലപരിധി നീട്ടണമെന്നും നിർദേശത്തിലുണ്ട്.
കൂടാതെ ദീർഘദൂര ബസുകൾ ദീർഘകാലത്തേക്ക് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടിവരുമെന്നും, 10 മുതല്‍ 15 വർഷത്തേക്ക് വാതകം പരിവർത്തന ഇന്ധനമായി ഉപയോഗിക്കാമെന്നും സമിതി പറയുന്നു. 2030ഓടെ ഊർജമിശ്രിതത്തിൽ വാതകത്തിന്റെ പങ്ക് 15 ശതമാനം ആയി ഉയർത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
നിലവിൽ ഇന്ത്യയിലെ ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും ഡീസൽ ആണ്. 80 ശതമാനവും ഗതാഗത മേഖലയിലാണ് ഉപയോഗിക്കുന്നത്. രാജ്യത്ത് രണ്ടു മാസത്തെ ഉപയോഗത്തിന് ആവശ്യമായ ഗ്യാസ് സൂക്ഷിക്കുന്നതിന് ഭൂഗർഭ സ്റ്റോറേജ് സംവിധാനം നിർമിക്കുന്നത് പരിഗണിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.