ഇന്ന് മാർക്കറ്റിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇ.വികളാണ് സൈക്കിളുകൾ. പക്ഷെ ഇവരുടെ വലിയ പരിമിതി ചെറിയ ബാറ്ററിയും കുറഞ്ഞ റേഞ്ചുമാണ്. 50 കിലോമീറ്റർ ഒക്കെയാണ് ഒരു ഇ.വി സൈക്കിളിന്റെ പരമാവധി റേഞ്ച്. എന്നാലീ പ്രശ്നം പരിഹരിക്കുകയാണ് അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായുള്ള ഒപ്റ്റ്ബൈക് എന്ന കമ്പനി. ഇവരുടെ ആർ 22 എവറസ്റ്റ് എന്ന ഇ.വി സൈക്കിളിന് 510 കിലോമീറ്റർ ആണ് റേഞ്ച് അവകാശപ്പെടുന്നത്. സൈക്കിളുകളുടെ മാത്രമല്ല മിക്ക ഇ.വി സ്കൂട്ടറുകളുടേയും കാറുകളുടേയും റേഞ്ചുവരെ എവറസ്റ്റ് മറികടക്കും.
ആർ 22 എവറസ്റ്റ് ഒരു മൗണ്ടൻ ബൈക്കാണ്. 3,260 Wh ലിഥിയം-അയൺ ബാറ്ററിയാണ് വാഹനത്തിന് കരുത്തുപകരുന്നത്. ബാറ്ററി പായ്ക്ക് നീക്കം ചെയ്യാവുന്നതാണെന്നതും പ്രത്യേകതയാണ്. ഏകദേശം 16 കിലോഗ്രാം ഭാരമുള്ള 3.26 kWh ബാറ്ററി, 'പൊതുവായ' ഇ-സൈക്കിളുകളിലെ ബാറ്ററി പായ്ക്കുകളേക്കാൾ കൂടുതൽ ശേഷിയുള്ളതും ചില ഇലക്ട്രിക് സ്കൂട്ടറുകളിലും ബൈക്കുകളിലും ഉള്ള ബാറ്ററി പായ്ക്കുകളേക്കാൾ വലുതുമാണ്.
അത് മാത്രമല്ല, ആർ 22 എവറസ്റ്റിന് 58 കിലോമീറ്റർ വേഗതയും 190 Nm ടോർക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. 72 കിലോഗ്രാം വരെ ഭാരമുള്ള ഒരു റൈഡർ 24 കിലോമീറ്റർ വേഗതയിൽ പെഡൽ ചെയ്ത് മുന്നോട്ട് പോകുമ്പോഴാണ് 510 കിലോമീറ്റർ എന്ന മാക്സിമം റേഞ്ച് കിട്ടുക. വേഗത കൂടിയാലോ ഭാരം കൂടിയാലോ റേഞ്ച് കുറയും. ദുർഘടമായ ഭൂപ്രദേശങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, കാർബൺ-ഫൈബർ ഫ്രെയിമും സ്വിംഗ്‌ആമും, ദൈർഘ്യമേറിയ സസ്പെൻഷനും സൈക്കിളിനെ കരുത്തുറ്റതാക്കുന്നു. ഡിസ്‌ക് ബ്രേക്കുകൾ ഇതിന് മതിയായ സ്റ്റോപ്പിംഗ് പവറും ഉറപ്പാക്കുന്നു.
ആർ 22 എവറസ്റ്റിൽ ബാക്ക്‌ലൈറ്റുള്ള എൽ.സി.ഡി സ്‌ക്രീൻ സജ്ജീകരിച്ചിട്ടുണ്ട്. ബാറ്ററി ഗേജ്, വേഗത, രണ്ട് റീസെറ്റ് ചെയ്യാവുന്ന ട്രിപ്പ് ഓഡോമീറ്ററുകൾ, ലൈഫ് ടൈം ഓഡോമീറ്റർ എന്നിങ്ങനെയുള്ള വിവരങ്ങൾ സ്‌ക്രീൻ കാണിക്കുന്നു. ഈ സൗകര്യങ്ങളൊക്കെ ഉള്ളതിനാൽ എവറസ്റ്റിന് വില അൽപ്പം കൂടുതലാണ്. 18,900 ഡോളർ അഥവാ 15 ലക്ഷം രൂപയാണ് വാഹന വില. പരിമിതമായ എണ്ണം യൂനിറ്റുകൾ മാത്രമാണ് നിർമിക്കുകയെന്നും കമ്പനി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.