മാരുതി വാഹനമിറക്കുന്നു, നാട്ടുകാർ വാങ്ങുന്നു എന്നത് ഇന്ത്യയിലൊരു നാട്ടുനടപ്പാണ്. പുതുതായി അവതരിപ്പിച്ച ഫ്രോങ്ക്സ് ക്രോസോവറും ഇതേ വഴിയിലാണ് സഞ്ചരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ വിൽപ്പന കണക്കുകൾ കാണിക്കുന്നത്. എസ്.യു.വി എന്ന അവകാശവാദത്തോടെയാണ് മാരുതി ഫ്രോങ്ക്സ് അവതരിപ്പിച്ചതെങ്കിലും ഇത് അൽപ്പം ഉയരംകൂടിയ ക്രോസോവർ മാത്രമാണ്. തൽക്കാലം വിൽപ്പനക്കണക്കിൽ ഫ്രോങ്ക്സിനെ എസ്.യു.വി വിഭാഗത്തിൽ ഉൾപ്പെടുത്തി പരിശോധിച്ചാൽ എട്ടാം സ്ഥാനമാണ് ലഭിച്ചതെന്ന് കാണാം. മാരുതിയുടെ മറ്റൊരു ന്യൂ എൻട്രിയായ ഗ്രാൻഡ് വിറ്റാര ഒമ്പതാമതും എത്തിയിട്ടുണ്ട്.
ഏപ്രിലിൽ ആകെ 8,784 യൂനിറ്റുകളുടെ വിൽപ്പനയാണ് ഫ്രോങ്ക്‌സിന് ലഭിച്ചത്. ആകെ എസ്.യു.വി വിൽപ്പനയുടെ 8.33 ശതമാനംവരുമിത്. 2023 മാർച്ചിലാണ് വാഹനം പുറത്തിറക്കിയത്. ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള മോഡലിന് 7.56 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില തുടങ്ങുന്നത്. 7,742 യൂനിറ്റുകളുടെ വിൽപ്പനയുമായി ഗ്രാൻഡ് വിറ്റാര ഒമ്പതാം സ്ഥാനത്താണ്.
2023 ഏപ്രിലിൽ എസ്.യു.വി സെയിൽസിലെ ടോപ്പ് 10 ലിസ്റ്റിൽ ഇടംപിടിച്ച മൊത്തം എസ്.യു.വികളുടെ വിൽപ്പന 1,05,400 യൂനിറ്റാണ്. 2022 ഏപ്രിലിൽ വിറ്റഴിച്ച 72,032 യൂണിറ്റുകളിൽ നിന്ന് 46.32 ശതമാനം വർധനവാണ് സെഗ്മെന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ടാറ്റ നെക്സൺ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 2022 ഏപ്രിലിൽ വിറ്റ 13,471 യൂനിറ്റുകളേ അപേക്ഷിച്ച് 2023 ഏപ്രിലിൽ നെക്‌സോണിന്റെ വിൽപ്പന 11.37 ശതമാനം വർധനയോടെ 15,002 യൂനിറ്റായി. ഹ്യുണ്ടായ് ക്രെറ്റയാണ് രണ്ടാം സ്ഥാനത്ത്. 14,186 യൂനിറ്റ് ക്രെറ്റകളാണ് ആകെ വിറ്റത്. 2022 ഏപ്രിലിൽ വിറ്റ 12,651 യൂനിറ്റുകളിൽ നിന്ന് 2023 ഏപ്രിലിൽ 12.13 ശതമാനം വളർച്ച നേടാൻ വാഹനത്തിനായി.
11,836 യൂനിറ്റ് വിൽപ്പന നേടി മാരുതി ബ്രെസ്സയാണ് അടുത്ത സ്ഥാനത്തുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് എസ്‌യുവികളുടെ ലിസ്റ്റിൽ ടാറ്റ പഞ്ചും സ്ഥാനം പിടിച്ചു. 2022 ഏപ്രിലിൽ വിറ്റ 10,132 യൂണിറ്റുകളിൽ നിന്ന് 2023 ഏപ്രിലിൽ 7.92 ശതമാനം വളർച്ചയോടെ 10,934 യൂണിറ്റുകളുടെ വിൽപ്പനയാണ് എഞ്ച് കൈവരിച്ചത്.
തുടർന്നുവരുന്ന ഹ്യുണ്ടായി വെന്യുവിന്റെ വിൽപ്പനയിൽ 23.24 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2022 ഏപ്രിലിൽ 8,392 യൂണിറ്റായിരുന്ന വിൽപ്പന കഴിഞ്ഞ മാസം 10,342 ആയി മെച്ചപ്പെട്ടു. കിയ സോനറ്റ്, മഹീന്ദ്ര സ്കോർപിയോ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.