ഥാർ റോക്സ് മുതൽ ബി.ഇ 6 വരെ, ഇവിയും എസ്.യു.വിയും കളം നിറഞ്ഞ വർഷം; 2024 ലെ 10 പ്രധാന കാർ ലോഞ്ചുകൾ

ഇന്ത്യൻ കാർ വിപണിയിൽ ഇലക്ട്രിക്-സി.എൻ.ജി വാഹനങ്ങളും എസ്.യു.വികളും മിന്നിത്തിളങ്ങി നിന്ന വർഷമാണ് 2024 എന്ന് നിസ്സംശയം പറയാം.

ലോക വിപണിയിലെ ഇലക്ട്രിക് വാഹന ഭ്രമം ഇന്ത്യയിലേക്ക് പടർന്നു കയറി വർഷം. ഒപ്പം എസ്.യു.വി ആരാധകരുടെ സ്വപ്നങ്ങൾ നിറമേകിയ വർഷവും. 2024 ൽ പുറത്തിറങ്ങിയ പത്ത് പ്രധാന കാർ ലോഞ്ചുകൾ.  


1. മഹീന്ദ്ര ഥാർ റോക്സ്

മഹീന്ദ്ര ഥാർ, ജനം ഏറ്റെടുത്ത മോഡലുകളിലൊന്നാണെങ്കിലും കുടുംബങ്ങൾക്ക് അത്ര പ്രിയമുള്ളതായിരുന്നില്ല. കാരണം മറ്റൊന്നല്ല, നാലംഗ കുടുംബത്തിന് പോലും തിങ്ങിനിരങ്ങി യാത്ര ചെയ്യേണ്ടി വരുന്നു എന്നതായിരുന്നു. ആ കുറവ് നികത്തി കുടുംബ ഹൃദയങ്ങളെ കീഴടക്കിയ ഥാർ റോക്സ് എത്തിയ വർഷം കൂടിയാണ് 2024. അഞ്ച് ഡോറുകളുള്ള ഥാർ റോക്സ് ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിലാണ് പുറത്തിറങ്ങിയത്. 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുള്ള ഥാർ റോക്സ് ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിനകം 1.76 ലക്ഷത്തോളം ഓർഡറുകളാണ് ലഭിച്ചത്.

177PS പവറും 380Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ എഞ്ചിൻ 6 സ്പീഡ് MT, 6 AT ഗിയർബോക്‌സ്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 6-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് എന്നിവയും നൽകുന്നു.


2. മാരുതി സുസുക്കി ന്യൂ ഡിസയർ

മാരുതി സുസുക്കിയുടെ സെഡാൻ ഡിസയറിനെ പാടെ മാറ്റി ന്യൂ ഡിസയറായി അവതരിപ്പിച്ചതും ഈ വർഷം തന്നെയാണ്. മാരുതി സുസുക്കി ആദ്യമായി ക്രാഷ് ടെസ്റ്റിൽ ഫുൾമാർക്ക് നേടി പുറത്തിറക്കിയ പുതിയ ഡിയർ നവംബർ 11നാണ് അവതരിച്ചത്. 6.79 ലക്ഷം രൂപ മുതൽ 10.14 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. 1.2 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി അസ്പയേഡ് പെട്രോൾ എഞ്ചിനാണുള്ളത്. 5 സ്പീഡ് മാനുവൽ/ എ.എം.ടി ഗിയർ ബോക്സുകളിലാണ് പുതിയ ഡിസയർ പുറത്തിറങ്ങിയത്. 


3. മഹീന്ദ്ര ബി.ഇ 6 & എക്സ്.ഇ.വി 9ഇ

മഹീന്ദ്രയുടെ ഇലക്ട്രിക് കൂപ്പെ എസ്.യു.വിയായ മഹീന്ദ്ര ബി.ഇ 6, എക്സ്.ഇ.വി 9ഇ നവംബർ 26 നാണ് പുറത്തിറങ്ങിയത്. മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ ഇന്‍ഗ്ലോയിലാണ് ബിഇ 6ഇയുടെ നിര്‍മാണം. 59കെഡബ്ല്യുഎച്ച്, 79കെഡബ്ല്യുഎച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. ആദ്യത്തേതില്‍ 228 എച്ച്പിയും രണ്ടാമത്തേതില്‍ 281എച്ച്പിയുമാണ് കരുത്ത്. വലിയ ബാറ്ററിയില്‍ 682 കിലോമീറ്ററും ചെറുതില്‍ 535 കിലോമീറ്ററുമാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച്. 18.90 ലക്ഷം രൂപ മുതലായിരുന്നു എക്സ് ഷോറൂം വില.

ഇന്‍ഗ്ലോ പ്ലാറ്റ്‌ഫോമിലാണ് എക്‌സ്ഇവി 9ഇയെ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ബിഇ 6ഇയെ പോലെ 59കെഡബ്ല്യുഎച്ച്, 79കെഡബ്ല്യുഎച്ച് എല്‍എഫ്പി ബാറ്ററി ഓപ്ഷനുകളിലാണ് വന്നിരുന്നത്.

286എച്ച്പി, 380എന്‍എം, 79കെഡബ്ല്യുഎച്ച് ബാറ്ററിയുടെ റേഞ്ച് 656 കിലോമീറ്റര്‍. 21.90 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. 


4. സ്കോഡ കൈലാഖ്

ചെക് ആഡംബര വാഹന നിർമാതാക്കളായ സ്കോഡയുടെ സബ് 4 മീറ്റർ എസ്.യു.വി കൈലാഖ് ഡിസംബർ രണ്ടിനാണ് പുറത്തിറങ്ങിയത്. കുഷാക്കിനും സ്ലാവിയയ്ക്കും ശേഷം MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ സ്‌കോഡ മോഡലാണിത്. 7.89 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ പ്രാരംഭ വില. 


5. ഹോണ്ട അമേസ്

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാർസ് ഡിസംബർ നാലിനാണ് പുതിയ ജനറേഷൻ അമേസിനെ അവതരിപ്പിച്ചത്. പുതുക്കിയ സബ്-ഫോർ-മീറ്റർ സെഡാൻ മൂന്ന് വേരിയൻ്റുകളിലും ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷനിലും ലഭ്യമാണ്. വില 8-10.90 ലക്ഷം രൂപ. 


6. മാരുതി സുസുക്കി സ്വിഫ്റ്റ്

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഹച്ച്ബാക്കുകളിലൊന്നായ സ്വിഫ്റ്റ് നാലാം തലമുറ അവതരിച്ചത് മെയ് ഒമ്പതിനാണ്. അരങ്ങേറ്റ മാസം തന്നെ 19,393 കാറുകളാണ് വിറ്റുപോയത്. ആറു മോഡലുകളിൽ മാനുവലും അഞ്ചു മോഡലുകളിലായി എ.ജി.എസ് ഗിയർ ബോക്സിലും എത്തിയ സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതൽ 9.64 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. 


7. ഹ്യൂണ്ടായ് ക്രെറ്റ ന്യൂ ജനറേഷൻ & ക്രെറ്റ എൻ ലൈൻ

ഹ്യുണ്ടായിയുടെ സെയിൽസ് ചാർട്ടുകളിലെ പ്രിയങ്കരമായ ക്രെറ്റയും അതിന്റെ സ്‌പോർട്ടി എതിരാളിയായ ക്രെറ്റ എൻ ലൈനും ഈ വർഷമാണ് പുറത്തിറങ്ങിയത്. പുതിയ ഇൻ്റീരിയറും പുതിയ എക്സ്റ്റീരിയർ ഡിസൈനുമായാണ് മിഡ് സൈസ് എസ് യു വി വിഭാഗത്തിലെ പോരാളിയായ ക്രേറ്റയുടെ മൂന്നാം തലമുറ വന്നത്. ജനുവരി 16ന് ഇന്ത്യയില്‍ പുറത്തിറക്കിയ ഹ്യൂണ്ടായ് ക്രെറ്റക്ക് 20.30 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. മാർച്ചിലാണ് ക്രെറ്റ എൻ ലൈൻ എത്തിയത്. വില 16.82 ലക്ഷം മുതല്‍ 20.29 ലക്ഷം രൂപ വരെ. 


8. ടാറ്റ പഞ്ച് ഇവി

ടാറ്റയുടെ ബെസ്റ്റ് സെല്ലറായ പഞ്ചിന്റെ ഇവി പുറത്തിറങ്ങിയത് ജനുവരി 17 നാണ്. 5 സീറ്റ് ഇലക്ട്രിക് മൈക്രോ എസ് യു വിയില്‍ 25 കിലോ വാട്ട്, 35 കിലോവാട്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമായ ഇവിയിൽ 315-421 കീലോമീറ്ററായിരുന്നു റേഞ്ച്. 10.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. 


9. ടാറ്റ കർവ്

കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി രംഗത്തേക്ക് ടാറ്റ മോട്ടോർസിന്റെ അരങ്ങേറ്റമായിരുന്നു ടാറ്റ കർവ്. കോംപാക്റ്റ് എസ്‌.യു.വി വിഭാഗത്തിൽ ഐ.സി.ഇ, ഇലക്ട്രിക്ക് എഞ്ചിൻ പവർട്രെയിനുമായി ടാറ്റ അവതരിപ്പിച്ച മോഡൽ ആഗസ്റ്റ് ഏഴിനാണ് എത്തിയത്.

രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടാറ്റ കർവ് ഇ.വിയെത്തിയത്. 45 കിലോ വാട്ട്, 55 കിലോ വാട്ട് ബാറ്ററി പാക്കിൽ ലഭ്യമായ ഇവിക്ക് 502 കിലോമീറ്റർ മതുൽ 502 കിലോമീറ്റർ വരെയാണ് റേഞ്ചുണ്ടായിരുന്നത്.

1.2 ലിറ്റർ GDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിൽ എത്തിയ കർവ് ഹൈപ്പീരിയർ എന്ന പേരിലാണ് പുറത്തിറങ്ങിയത്. 


10. കിയ സിറോസ്

ദക്ഷിണ കൊറിയൻ കാർ ബ്രാൻഡായ കിയ മോട്ടോർസ് കിയ സിറോസിനെ ഡിസംബർ 19നാണ് അവതരിപ്പിച്ചത്. സബ്-4 മീറ്റർ എസ്.യു.വി വിഭാഗത്തിൽ പെടുന്ന സിറോസ് കിയ സോനറ്റ്, കിയ സെൽറ്റോസ് എസ്.യു.വികൾക്കിടയിലായിരിക്കും സ്ഥാനം. കിയയുടെ ഇന്ത്യൻ നിരയിലെ അഞ്ചാമത്തെ എസ്.യു.വിയാണ് സിറോസ്.

വില പുതുവർഷത്തിലേ പ്രഖ്യാപിക്കൂ. 2025 ജനുവരി മൂന്നിന് ബുക്കിങ് ആരംഭിക്കുന്ന സിറോസിന്റെ വിതരണം ഫ്രെബ്രുവരി 25 മുതൽ ആരംഭിക്കും.

Tags:    
News Summary - Top Car Launches In 2024 – Creta, Dzire, BE 6, Thar Roxx, Punch EV, Swift

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.