മാരുതിയുടെ ജനപ്രിയ മോഡലുകളായ ബലേനോ, െബ്രസ്സ എന്നിവക്ക് പിന്നാലെ ടൊയോട്ട റീ ബാഡ്ജ് ചെയ്ത വാഗൺ ആറും പുറത്തിറക്കുന്നതായി റിപ്പോർട്ട്. വാഹനത്തിന്‍റെ പരീക്ഷണ ഓട്ടത്തിന്‍റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ പ്രചരിക്കുകയാണ്.
അതേസമയം, ചിത്രത്തിൽ കാണുന്ന വാഹനം യഥാർത്ഥത്തിൽ ഇലക്ട്രിക് കാറാണെന്നാണ് വാഹനപ്രേമികൾ പറയുന്നത്. ആധുനിക ഇലക്ട്രിക് കാറുകൾക്ക് സമാനമായി മുൻവശത്ത് ചെറിയ വെന്‍റുകളും ഗ്രില്ലുമാണ് ഇതിനുള്ളത്. ഗ്രില്ലിന് മുകളിൽ വീതികുറഞ്ഞ നീളത്തിലുള്ള ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ സ്ഥാനം പിടിച്ചിരിക്കുന്നു.
പിൻഭാഗത്ത് സ്മോക്ക്ഡ് ടെയിൽ ലാമ്പുകളാണുള്ളത്. കൂടാതെ ബമ്പറിന്‍റെ ഇരുവശത്തും ലംബ റിഫ്ലക്ടറുകളും കാണാം. കാറിന് എക്‌സ്‌ഹോസ്റ്റ് ഇല്ലെന്നും വ്യക്തമായി കാണാൻ കഴിയും. ഇത് വാഹനം ഇലക്ട്രിക്കാണെന്ന് ഉറപ്പിക്കുന്നു.
ഈ കാർ ടൊയോട്ട ഇന്ത്യയിൽ ഇറക്കാൻ പോകുന്ന ഏറ്റവും ചെറിയ വാഹനമാകും. അതിനാൽ തന്നെ സാധാരണക്കാർക്കും നല്ലൊരു ഇലക്ട്രിക് വാഹനം സ്വന്തമാക്കാനുള്ള അവസരമാണ് കൈവരിക.
2018ൽ മാരുതി സുസുക്കി വാഗൺ ആർ ഇ.വിയുടെ 50 പ്രോട്ടോടൈപ്പുകൾ നിർമിച്ചിരുന്നു. 10-25 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പാക്കിലേക്ക് ബന്ധിപ്പിച്ച 72 വി ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ഉണ്ടായിരുന്നത്. അതേസമയം, റീ ബാഡ്ജ് ചെയ്ത മോഡലിൽ ഉപയോഗിക്കുന്ന മോട്ടോർ ഏതാണെന്ന് വ്യക്തമല്ല.
വാഗൺ ആറിന് പുറമെ മാരുതിയുടെ സിയാസും ടൊയോട്ട റീ ബാഡ്ജ് ചെയ്ത് ഇൗ വർഷം ഇറക്കുന്നുണ്ട്. ബെൽറ്റ എന്ന പേരിലിറങ്ങുന്ന ഈ സെഡാൻ ആഗസ്റ്റിൽ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
സിയാസും ബെൽറ്റയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മൈൽഡ് ഹൈബ്രിഡ് സംവിധാനത്തോട് കൂടിയുള്ള 105 എച്ച്.പി, 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനായിരിക്കും ഇതിലുണ്ടാവുക. കൂടാതെ 4 സ്പീഡ് ഓട്ടോമാറ്റിക്കും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.