തുർക്കി തങ്ങളുടെ ആദ്യത്തെ തദ്ദേശീയ പറക്കൽ കാർ പരീക്ഷിച്ചു, പേര് സെസെരി. ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമയിൽ നിന്ന് നേരിട്ട് ഇറങ്ങിവന്ന രൂപഭാവങ്ങളുള്ള വാഹനമാണ് സെസെരി. ബേയ്ക്കർ കമ്പനിയിലെ ടർക്കിഷ് എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്ത സെസെരി സെപ്റ്റംബർ 15ന് ഇസ്താംബൂളിൽ വിജയകരമായി പരീക്ഷിച്ചു. നിലവിൽ വാഹനത്തിെൻറ പ്രോട്ടോടൈപ്പാണ് തയ്യാറായിരിക്കുന്നത്.
പറക്കും കാർ എന്ന് വിപണിയിലെത്തുമെന്ന് ഉറപ്പായിട്ടില്ല. വിശദ പരിശോധനയ്ക്കായി കൂടുതൽ പ്രോട്ടോടൈപ്പുകൾ നിർമ്മിക്കാൻ കമ്പനി ആഗ്രഹിക്കുന്നുണ്ടെന്ന് ബേയ്ക്കർ അധികൃതർ പറഞ്ഞു. 'അടുത്ത ഒന്ന്രണ്ട് വർഷങ്ങൾക്കകം ഞങ്ങൾ കൂടുതൽ നൂതന പ്രോട്ടോടൈപ്പുകൾ നിർമ്മിക്കും. കൂടാതെ മനുഷ്യനെവഹിച്ചുകൊണ്ട് യാത്രകളും നടത്തും'-തുർക്കി മാധ്യമങ്ങളോട് സംസാരിച്ച ബേയ്ക്കർ ചീഫ് ടെക്‌നോളജി ഓഫീസർ സെൽകുക് ബെയ്‌രക്തർ പറഞ്ഞു.
10 മീറ്ററിലധികം നീളവും 230 കിലോഗ്രാം ഭാരവുമുള്ള വാഹനമാണ് സെസെരി. വ്യാവസായിക അടിസ്ഥാനത്തിൽ സെസരി നിർമിക്കുന്നതിന് 10-15 വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സെസെരി ആദ്യമായി പ്രദർശിപ്പിച്ചത് കഴിഞ്ഞ വർഷം നടന്ന ടർക്കിഷ് ടെക്‌നോളജി മേളയായ ടെക്നൊഫെസ്റ്റിലാണ്. തുർക്കിയിലെ പ്രശസ്തനായ എഞ്ചിനീയർ ഇസ്മായീൽ അൽ ജസരിയുടെ സ്മരണാർഥമാണ് പറക്കും വാഹനത്തിന് സെസെരി എന്ന് പേര് നൽകിയിരിക്കുന്നത്.1984ലാണ് ബേയ്ക്കർ എഞ്ചിനീയേഴ്സ് പ്രവർത്തനം ആരംഭിച്ചത്. ഡ്രോണുകൾ ഉൾപ്പടെ നിർമിക്കുന്ന കമ്പനിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.