കൊച്ചി: നടപടികൾ തുടരുമ്പോഴും നിരത്തിലെ നിയമലംഘനങ്ങൾക്ക് അറുതിയില്ല. വാഹനങ്ങളിൽ രൂപമാറ്റം വരുത്തി സുരക്ഷാ ഭീഷണി ഉയർത്തിയതിനെതിരെ മോട്ടോർ വാഹന വകുപ്പ് 29,492 കേസാണ് മൂന്നുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ ഹൈകോടതിയും ശക്തമായി ഇടപെടുന്ന സാഹചര്യത്തിൽ പരിശോധന കൂടുതൽ വ്യാപകമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. എറണാകുളം നഗരത്തിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയ തിരുവനന്തപുരം സ്വദേശിയുടെ ലൈസൻസ് ആർ.ടി.ഒ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ബൈക്ക് രൂപമാറ്റം വരുത്തിയതിന് 9000 രൂപ പിഴ ഈടാക്കുകയും റോഡ് നിയമ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ നിർദേശിക്കുകയും ചെയ്തു. കാറിൽ സ്വിമ്മിങ് പൂൾ നിർമിച്ച വ്ലോഗറുടെ ലൈസൻസ് റദ്ദാക്കിയത് സമീപകാലത്താണ്.
ഒരു വാഹനത്തിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കും. ഒന്നിലധികം രൂപമാറ്റങ്ങളുണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ വീതം പിഴ ചുമത്തും. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന വാഹനങ്ങളിലെ രൂപമാറ്റത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ഇവിടെ പിഴയടക്കാതെ അവർ മടങ്ങിയാൽ അതത് സംസ്ഥാനത്ത് ലഭിക്കേണ്ട വാഹന സംബന്ധമായ സേവനങ്ങൾക്ക് തടസ്സമുണ്ടാകും. വലിയ രൂപമാറ്റങ്ങളാണെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാൻ അവിടേക്ക് ശിപാർശ ചെയ്യുന്നതടക്കം നടപടിയുണ്ടാകും.
നിയമവിരുദ്ധ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കുന്നത്, ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലും ഗാർഡും മാറ്റുന്നത്, സൈലൻസർ മാറ്റി സ്ഥാപിക്കുന്നത്, പുകക്കുഴലിലൂടെ തീപ്പൊരി വരുത്തുന്ന ക്രമീകരണം, ബൈക്കിന്റെ സെൻട്രൽ സ്റ്റാൻഡ് തറയിൽ ഉരസി തീപ്പൊരി വരുത്തുന്നത്, വലിയ ടയറുകൾ ഘടിപ്പിക്കുന്നത്, ഫൈബർ ബംപർ മാറ്റി മെറ്റലാക്കുന്നത്, അനധികൃത ക്രാഷ് ഗാർഡുകൾ സ്ഥാപിക്കുന്നത് എന്നിവക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.