വാഹനം വിൽക്കാൻ ആലോചിക്കുന്നുണ്ടോ; ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

നിങ്ങളുടെ വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെ ഉത്തരവാദിത്തം ഉടമയ്ക്കാണെന്നും വാഹനം കൈമാറ്റം ചെയ്യുമ്പോൾ തന്നെ വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റിയിരിക്കണമെന്നും പൊലീസ്. വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ, കുറ്റകൃത്യങ്ങൾ, ട്രാഫിക് ലംഘനങ്ങൾ എന്നിവ സംബന്ധിച്ച ബാധ്യതകളെല്ലാം ആർ.ടി.ഒ രേഖകൾ പ്രകാരം വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമക്കായിരിക്കും. വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെ (ഫോം 29, 30) ഉത്തരവാദിത്തം ഉടമയ്ക്കാണ്. അതിനാൽ വാഹനം കൈമാറ്റം ചെയ്യുമ്പോൾ തന്നെ വാഹനം വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റിയിരിക്കണമെന്നും പൊലീസ് അറിയിച്ചു.

വളരെ ലളിതമായ നടപടിക്രമങ്ങൾ മാത്രമേ ഇക്കാര്യത്തിലുള്ളൂ. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ വാങ്ങുന്ന ആളും വിൽക്കുന്ന ആളും സംയുക്തമായി രണ്ട് പേരുടെയും മൊബൈലിൽ വരുന്ന OTP രേഖപ്പെടുത്തിയാൽ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ. വിൽക്കുന്ന ആളുടെയോ വാങ്ങുന്ന ആളുടെയോ താമസ പരിധിയിലുള്ള ഓഫീസിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അനുബന്ധ രേഖകളും പ്രിൻ്റ് ചെയ്ത അപേക്ഷയുടെ ഒപ്പിട്ട സ്കാൻ ചെയ്ത പകർപ്പും ഓൺലൈനായി അപ്ലോഡ് ചെയ്യുക.

തപാൽ മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ ഒറിജിനൽ ആർ.സി., മറ്റ് അനുബന്ധ രേഖകൾ, മതിയായ സ്റ്റാമ്പൊട്ടിച്ച് അഡ്രസ് എഴുതിയ ( വാങ്ങുന്ന ആളുടെ ) കവർ എന്നിവ സഹിതം തെരെഞ്ഞെടുത്ത ഓഫീസിലേക്ക് തപാൽ മുഖാന്തിരം അയക്കുക. അപേക്ഷ ആർ.ടി. ഓഫീസിൽ സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിച്ചാലും മതി. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെങ്കിൽ മാത്രം നേരിട്ട് ഓഫീസിൽ (ഓൺ ലൈൻ ടോക്കൺ എടുത്ത് ) വന്നാൽ മതി.

ഇത്തരം ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാ ക്രമം അനുസരിച്ച് മാത്രമേ ഓഫീസിൽ തീർപ്പ് കൽപ്പിക്കുകയുള്ളൂ. കൈമാറ്റം ചെയ്യപ്പെടുന്ന വാഹനം സംബന്ധിച്ച് എന്തെങ്കിലും ശിക്ഷാ നടപടികളോ വകുപ്പ് തല ഒബ്ജക്ഷൻസോ ഉണ്ടെങ്കിൽ ആയത് തീർപ്പ് കൽപ്പിച്ചതിന് ശേഷം മാത്രമേ ഉടമസ്ഥാവകാശ മാറ്റം നടത്താൻ സാധിക്കുകയുള്ളൂ.

Tags:    
News Summary - Are you planning to sell the vehicle? These things must be taken care of

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.