ഔഡിയുടെ ലോഗോയിലെ നാല് വളയങ്ങൾ; അറിയാം ആ ഐതിഹാസികമായ ചരിത്രം

ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയുടെ ലോഗോ ലോകപ്രശസ്തമാണ്. ഒന്നിനുമേൽ ഒന്നായി കൊരുത്തെടുത്ത നാല് വളയങ്ങളാണ് ഈ വാഹന ഭീമന്റെ ​ലോഗോയിലുള്ളത്. ഈ വളയങ്ങൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ഔഡിയുടെ ലോഗോയ്ക്ക് സങ്കീർണ്ണമായൊരു ചരിത്ര പശ്ചാത്തലമുണ്ട്. അത് കമ്പനിയുടെ ജർമ്മനിയിലെ തുടക്കത്തോളം പഴക്കമുള്ളതാണ്.

അൽപ്പം ചരിത്രം

ജർമ്മൻ സംരംഭകനും എഞ്ചിനീയറുമായ ഓഗസ്റ്റ് ഹോർച്ച് 1899-ൽ കൊളോണിൽ ഒരു ഓട്ടോമൊബൈൽ കമ്പനി സ്ഥാപിച്ചു. തന്റെ കുടുംബപ്പേരായ 'ഹോർച്ച് ആൻഡ് കോ' എന്ന പേരാണ് ആ കമ്പനിക്ക് അദ്ദേഹം നൽകിയത്. നേരത്തേ ബെൻസ് നിർമാതാക്കളായ കാൾ ബെൻസിന്റെ കമ്പനിക്കുവേണ്ടിയും ഹോർച്ച് പ്രവർത്തിച്ചിട്ടുണ്ട്. കമ്പനിയുടെ മുദ്രാവാക്യം 'നല്ലതും ശക്തവുമാണ്' എന്നായിരുന്നു. തുടക്കം മുതൽ തന്നെ, അദ്ദേഹത്തിന്റെ വാഹനങ്ങൾ അവയുടെ ഗുണനിലവാരത്തിന്റേയും ഈടിന്റേയും പേരിൽ വേറിട്ടു നിന്നിരുന്നു.


1909-ൽ കമ്പനി സാങ്കേതിക ഡയറക്ടർമാരായ ഫ്രിറ്റ്സ് സീഡലും ഹെൻറിച്ച് പോൾമാനും ഹോർച്ചും തമ്മിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. മറ്റ് രണ്ടുപേരും ചേർന്ന് ഹോർച്ചിനെ മാനേജ്മെന്റിൽ നിന്ന് നീക്കം ചെയ്യുന്നതിലാണ് ഇത് കലാശിച്ചത്. ഹോർച്ച് പിന്നീട് സ്വന്തം വഴിക്ക് പോകാൻ തീരുമാനിച്ചു. താൻ സൃഷ്ടിച്ച കമ്പനി ഉപേക്ഷിച്ച് മറ്റൊരു സംരംഭം തുടങ്ങാനാണ് അദ്ദേഹം മുതിർന്നത്. തന്റെ കുടുംബപ്പേര് ഇതിനകം രജിസ്റ്റർ ചെയ്തതിനാൽ അത് ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. തുടർന്നാണ് ലാറ്റിൻ ഭാഷയിൽ 'കേൾക്കുക' എന്നർത്ഥമുള്ള ഔഡി എന്ന മറ്റൊരു ബ്രാൻഡ് അദ്ദേഹം സ്ഥാപിക്കുന്നത്.


ഓഡിയുടെ നാല് വളയങ്ങൾ

1930കൾവരെ വരെ ഔഡി ഓട്ടോമൊബിൽവർക്സ് വളർന്നുകൊണ്ടിരുന്നു. പിന്നീടുവന്ന ഗ്രേറ്റ് ഡിപ്രഷന്റെ ആഘാതം കാരണം കമ്പനിയെ ഉലച്ചു. തന്റെ സ്വപ്നം നിലനിൽക്കാൻ ഡി.കെ.ഡബ്ല്യു, ഹോർച്ച്, വാണ്ടറർ എന്നീ ബ്രാൻഡുകളുമായി ഔഡിക്ക് പിന്നീട് ലയിക്കേണ്ടിവന്നു. അങ്ങനെ ഓട്ടോ യൂനിയൻ എന്നറിയപ്പെടുന്ന ഒരു വ്യാവസായിക കൂട്ടായ്മ ജനിച്ചു. ആ കൂട്ടായ്മയാണ് നാല് വളയങ്ങളെന്ന ആശയത്തിലേക്ക് എത്തുന്നത്. നാല് കമ്പനികളെ സൂചിപ്പിക്കാനാണ് ലോഗോയിൽ നാല് വളയങ്ങൾ നലകിയിരിക്കുന്നത്. ഇന്നും, ഔഡി തങ്ങളുടെ കാറുകളുടെ മുൻവശത്ത് വ്യതിരിക്തവും സവിശേഷവുമായ ഈ ​ലോഗോ നിലനിർത്തുന്നുണ്ട്.


രണ്ടാം ലോകമഹായുദ്ധസമയത്ത്, 1964-ൽ ഫോക്സ്‍വാഗൺ ഗ്രൂപ്പ്, വിപുലീകരണ വ്യാവസായിക പദ്ധതികളെ തുടർന്ന് ഓട്ടോ യൂനിയൻ വാങ്ങി. അവരും കമ്പനിയുടെ ലോഗോ അതേപടി തുടരുകയായിരുന്നു. ഓഗസ്റ്റ് ഹോർച്ച് തന്റെ കാറുകൾക്ക് നൽകാൻ ആഗ്രഹിച്ചത് ഗുണനിലവാരം, വിശ്വാസ്യത, പ്രകടനപരത എന്നീ മൂല്യങ്ങളായിരുന്നു. ഇന്നും ഔഡി തങ്ങളുടെ പഴയ അതേ വിശ്വാസ്യതയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നുണ്ട്. 

Tags:    
News Summary - Audi: What do the four rings on its logo stand for​?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.