നമ്മുടെ വാഹനത്തിന് എത്ര ചലാനുകൾ അടയ്ക്കാനുണ്ട്?; അറിയാം വളരെ എളുപ്പത്തിൽ

വാഹനലോകത്തെ പിഴ ശിക്ഷകളും കാമറയുമൊക്കെ ചർച്ചയാവുന്ന കാലമാണല്ലോ ഇത്. നിരത്തിലിറങ്ങിയാൽ കാമറക്കണ്ണുകളിൽപ്പെടുമെന്ന ഭയത്തിലാണ് നാട്ടുകാർ. വാഹനമോടിക്കുന്നവരുടെയും മറ്റ് പൗരന്‍മാരുടെയുമെല്ലാം സുരക്ഷക്ക് വേണ്ടിയാണ് ഗതാഗത നിയമങ്ങള്‍ കൊണ്ടുവരുന്നത്. പലപ്പോഴും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴശിക്ഷയാണ് ലഭിക്കുക. ഓരോ നിയമലംഘനത്തിനും അതിന്റെ തീവ്രതയും തരവും അനുസരിച്ച് വിവിധ ശിക്ഷകളും പിഴകളുമാകും ചുമത്തുക.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കുക, ലൈസന്‍സില്ലാതെ വാഹനം ഓടിക്കുക, ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുക, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കുക, എന്നിങ്ങനെ ഓരോ നിയമ ലംഘനത്തിനും വേറെ വേറെ പിഴയാണ് പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ ഈടാക്കുക. വാഹന നിയമ ലംഘകരുടെ എക്കാല​ത്തേയും പേടിസ്വപ്നമാണ് കാമറകൾ. കയ്യോടെ പിടിക്കപ്പെട്ട് പിഴയീടാക്കാനുള്ള ചലാനുകൾ വീട്ടിലെത്തുമ്പോഴാകും നാം നിയമലംഘന വാർത്ത അറിയുകതന്നെ.

പുതിയ തലമുറ നിരീക്ഷണ ക്യാമറകള്‍ നിയമലംഘകരെ കൃത്യമായി തിരിച്ചറിയുകയും നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും തെളിവുകള്‍ സഹിതം പൊലീസിന് അയയ്ക്കുകയും ചെയ്യും. ആ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമം ലംഘിക്കുന്ന വാഹനത്തിന് ചലാന്‍ ഇടുകയാണ് ചെയ്യുന്നത്.

നമ്മുടെ വാഹനത്തിന് എത്ര പിഴയടക്കാനുണ്ട്

ഒരു വാഹനത്തിന്റെ ചലാനുകളുടെ വിവരങ്ങൾ അറിയുക ഇന്ന് വളരെ എളുപ്പമുള്ള കാര്യമാണ്. ഒരു മിനിറ്റുകൊണ്ട് ഇക്കാര്യം നമ്മുക്ക് അറിയാനാകും. പരിവാഹന്‍ വെബ്‌സൈറ്റ് വഴിയാണ് ഇന്ത്യയിൽ നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം സ്പീഡ് ക്യാമറയിലോ മറ്റോ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചറിൻ 'പരിവാഹന്‍' വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്. ഇനി വാഹനം കാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി പിഴ അടക്കുകയും ചെയ്യാം.

മൊബൈല്‍ ഫോണിലോ ഡെസ്‌ക്‌ടോപ്പിലോ ലാപ്‌ടോപ്പിലോ ടാബ്‌ലെറ്റിലോ https://echallan.parivahan.gov.in/  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'ഗെറ്റ് ചലാന്‍ സ്റ്റാറ്റസ്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും.

ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പര്‍ രേഖപ്പെടുത്തുക. അതിന് താഴെ എഞ്ചില്‍ അല്ലെങ്കില്‍ ഷാസി നമ്പര്‍ രേഖപ്പെടുത്തുക. അതിന് കീഴെ കാണുന്ന ക്യാപ്ച തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ദൃശ്യമാകും.

വാഹനത്തിന് പിഴ ഉണ്ടെങ്കില്‍ സ്‌പോട്ടില്‍ തന്നെ തീര്‍പ്പാക്കാനും പറ്റും. പിഴ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് തെട്ടടുത്ത് തന്നെ 'പേ' എന്ന ഓപ്ഷനും കാണാം. അതില്‍ ക്ലിക്ക് ചെയ്ത് പണമടക്കാന്‍ സാധിക്കും. ഗതാഗത നിയമലംഘകരെ കുടുക്കാന്‍ അധികൃതര്‍ ഇന്ന് ടെക്‌നോളജിയെ ആശ്രയിക്കുന്നതിനാല്‍ എന്റെ വണ്ടിക്ക് പിഴ ഒന്നും ഉണ്ടാവില്ലെന്ന് കരുതി ആശ്വസിച്ചിരിക്കാന്‍ വരട്ടെ. സ്ഥിരമായി ഹൈവേയിലൂടെയും മറ്റും കാറില്‍ സഞ്ചരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇത്തരത്തില്‍ ചലാന്‍ സ്റ്റാറ്റസ് അറിയാന്‍ ഒരു പരിശോധന നടത്തുന്നത് നല്ലതാണ്.

Tags:    
News Summary - how to check e-challan status online if police or mvd clicked photo of your vehicle step by step guide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.