വാഹനമോടിക്കുമ്പോൾ 'കാഴ്ച' മങ്ങുന്നുണ്ടോ? വൈപ്പറുകൾ പരിശോധിക്കാൻ സമയമായി

വാഹനങ്ങളിൽ നാം നിസാരമായി കാണുന്ന ചില സാധനങ്ങളുണ്ട്. ഉദാഹരണമായി വൈപ്പറുകളെ എടുക്കാം. വണ്ടി വാങ്ങിയ കാലം മുതൽ വീശിക്കൊണ്ടിരിക്കുന്ന ഇവയെ നാം എന്നെങ്കിലും സൂക്ഷിച്ച് നോക്കിയിട്ടു​ണ്ടോ? ഒന്ന് പരിശോധിച്ചിട്ടു​ണ്ടോ? ഇല്ലെങ്കിൽ അത് എത്രയും വേഗം ചെയ്യേണ്ടതാണ്. കാരണം വൈപ്പറുകൾ വാഹനത്തിലെ പ്രധാനപ്പെട്ട ധർമം നിർവഹിക്കുന്ന ഉപകരണമാണ്.

വൈപ്പറുകളുടെ പ്രാധാന്യം

ഏത് കാലാവസ്ഥലയിലും ഏത് പ്രതലത്തിലൂടെയുള്ള ഡ്രൈവിങ്ങിലും വാഹനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈപ്പറുകള്‍. എന്നാല്‍, ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയും മിഥ്യാധാരണകളും മൂലം ഏറ്റവുമധികം അവഗണിക്കപ്പെടുന്ന ഒന്നുമാണിത്. വാഹനമോടിക്കുമ്പോൾ വ്യക്തവും തടസ്സ രഹിതവുമായി റോഡ് കാണുന്നതിന് വൈപ്പറുകൾ മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. കാരണം റോഡിലെ വ്യക്തമായ കാഴ്ചയ്ക്ക് തടസ്സമാകുന്നതെന്തും ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കുന്നവയാണ്.

വൈപ്പറും വിൻഡ്ഷീൽഡും

വാഹനങ്ങളിലെ വൈപ്പറിന്റെ ഉപയോഗവും വിന്‍ഡ് ഷീല്‍ഡുകളുടെ കാര്യക്ഷമതയുമായി വലിയ ബന്ധമാണുള്ളത്. അതുകൊണ്ട് വൈപ്പറുകളെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. വാഹനങ്ങളിലെ യാത്രകള്‍ തുടങ്ങുന്നതിന് ടയറുകളും ബ്രേക്കുമെല്ലാം പരിശോധിക്കുന്നത് പോലെ വൈപ്പറുകള്‍ വൃത്തിയാക്കണം. വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ വീണ് കിടക്കുന്ന ഇലകളും മറ്റും മാറ്റിയതിനുശേഷം മാത്രമേ വൈപ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം വിന്‍ഡ് ഷീല്‍ഡുകളില്‍ സ്‌ക്രാച്ച് വീഴാനുള്ള സാധ്യത ഏറെയാണ്.

വെള്ളമില്ലാതെ വൈപ്പർ ഉപയോഗിക്കരുത്

പൊടിയുള്ള റോഡിലൂടെ പോകുമ്പോള്‍ വാഹനത്തിന്റെ ചില്ലില്‍ ചെളി നിറയുന്ന സാധാരണയാണ്. ഈ ചെളി കളയുന്നതിനായി വാഷര്‍ ഓണാക്കി പെട്ടെന്ന് വൈപ്പര്‍ ഓണാക്കുന്നതും വിന്‍ഡ് സ്‌ക്രീനിന് കേടുപാടുണ്ടാക്കും. വാഷറില്‍ നിന്ന് കുറച്ച് വെള്ളം മാത്രമേ ചില്ലുകളില്‍ എത്തിയിട്ടുള്ളൂവെങ്കില്‍ ഈര്‍പ്പമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ഉരയുന്ന ശബ്ദം കേള്‍ക്കാം. ഇത് ഒഴിവാക്കുന്നതിനായി വിന്‍ഡ് സ്‌ക്രീന്‍ വാഷര്‍ ഫ്‌ളൂയിഡ് ടാങ്കില്‍ സോപ്പ് ലായനിയോ ഷാമ്പുവോ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതുവഴി വൈപ്പര്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിന്‍ഡ് ഷീല്‍ഡില്‍ ഉണ്ടായേക്കാവുന്ന പോറലുകള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിച്ചേക്കും.

പാർക് ചെയ്യുമ്പോൾ ഉയർത്തിവയ്ക്കണം

എന്നാല്‍, സോപ്പ് ലായനിയും ഷാമ്പുവും ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ പത വരികയും കാഴ്ച മങ്ങുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതും ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ വെയിലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ വൈപ്പറുകള്‍ ഉയര്‍ത്തി വയ്ക്കുന്നതും നല്ലതാണ്. ഇത് വൈപ്പര്‍ ബ്ലേഡിന്റെ പ്രവര്‍ത്തന കാലാവധി വര്‍ധിപ്പിക്കുകയും ഗ്ലാസുകള്‍ തകരാറാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്‌തേക്കും.

Tags:    
News Summary - How to protect windshield wipers: Key tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.