പലപ്പോൾ നാം ഏറ്റവും അലക്ഷ്യമായി ചെയ്യുന്ന ജോലികളിലൊന്നാണ് വാഹനങ്ങൾ കഴുകിവൃത്തിയാക്കുക എന്നത്. എന്നാലിത് അത്ര നിസാരമായൊരു ജോലിയാണോ? പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളുടെ കാര്യംവരുമ്പോൾ നാം ഏറെ ശ്രദ്ധിക്കണമെന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്. ഇല്ലെങ്കിൽ വാഹനങ്ങളിൽ കാര്യമായ തകരാറുകൾ സംഭവിക്കാൻ ഇടയാകും. ബൈക്കുകൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്ക് പരിശോധിക്കാം.
തയ്യാറെടുക്കുക
ബൈക്ക് കഴുകുന്നതിനുമുമ്പ് ചില്ലറ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ആവശ്യമായ എല്ലാ സാധന സാമഗ്രികളും മുന്‍കൂട്ടി എടുത്തുവയ്ക്കുകയാണെങ്കിൽ കാര്യങ്ങൾ എളുപ്പമാകും. ശുചീകരണ സാമഗ്രികള്‍, മോപ്പുകള്‍, ബ്രഷുകള്‍ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തുക. പകൽ സമയത്ത് ബൈക്കുകൾ കഴുകുന്നതാണ് നല്ലത്. കാരണം കഴുകിക്കഴിഞ്ഞശേഷം നന്നായി ഉണങ്ങാൻ വേണ്ട ഇളം വെയിലും ചൂടും വാഹനത്തിന് ലഭിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഈർപ്പം തങ്ങിനിന്ന് വാഹനം തുരുമ്പിക്കാൻ സാധ്യതയുണ്ട്.
ചൂടായിരിക്കുമ്പോൾ കഴുകരുത്
ദീര്‍ഘദൂര യാത്രകള്‍ക്ക് ശേഷം ബൈക്ക് വൃത്തികേടാകുമെന്ന് നമ്മള്‍ക്ക് എല്ലാര്‍ക്കും അറിയാം. പലരും വീട്ടിലെത്തിയ ഉടന്‍ തന്നെ ബൈക്ക് കഴുകുകയാണ് ചെയ്യുന്നത്. ഇതത്ര നല്ല കാര്യമല്ല. എഞ്ചിന്‍ ചൂടായിരിക്കുന്ന അവസ്ഥയില്‍ ഒരു കാരണവശാലും ബൈക്ക് കഴുകരുത്. ചൂടുള്ളപ്പോള്‍ തണുത്ത വെള്ളം എഞ്ചിനിലേക്ക് ഒഴിക്കുമ്പോൾ താപനിലയിൽ വരുന്ന പെട്ടെന്നുള്ള മാറ്റം എഞ്ചിനെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്.
ബാത്ത് സോപ്പ് ഉപയോഗിക്കരുത്
പലപ്പോഴും പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഇത്. നമ്മളില്‍ പലരും വീടുകളില്‍ ഉപയോഗിക്കുന്ന സോപ്പുകളും ഡിറ്റര്‍ജന്റുകളും ഉപയോഗിച്ചാകും ബൈക്ക് കഴുകുക. എന്നാല്‍ ഒരിക്കലും ഇത്തരം സോപ്പുകളോ, സോപ്പ് പൊടികളോ ഉപയോഗിച്ച് ബൈക്കുകള്‍ കഴുകരുത്. ബൈക്കുകള്‍ വൃത്തിയാക്കാന്‍ പ്രത്യേകം നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് ഇത്തരം സാഹചര്യങ്ങളിൽ നല്ലത്.
ബൈക്കുകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ചിട്ടില്ലാത്ത ഉല്‍പ്പന്നങ്ങളില്‍ കഠിനമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കാം. അവ ബൈക്കിന്റെ പെയിന്റിന് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്. കൂടാതെ, ബൈക്കിന്റെ ലോഹ ഭാഗങ്ങള്‍ക്കും പ്രശ്നമുണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴുകുന്നതിൽ ചില മുൻഗണനകൾ പാലിക്കുക
ബൈക്കിൽ ആദ്യം കഴുകിത്തുടങ്ങേണ്ടത് ചെയിനുകളിൽ നിന്നാണ്. ചെയിനിൽ തുരുമ്പ് വല്ലതും ഉണ്ടെങ്കിൽ അത് ആദ്യം നീക്കം ചെയ്യണം. ഡബ്ല്യു ഡി 40 പോലുള്ള ലൂബ്രിക്കന്റുകൾ ഇതിനായി ഉപയോഗിക്കാം. ആദ്യം തന്നെ ഇങ്ങിനെ ചെയ്താൽ അവസാനം ചെയിനിൽ നിന്ന് മാലിന്യം ഒലിച്ചിറങ്ങുന്നത് ഒഴിവാക്കാനുമാവും. ബൈക്ക് മുഴുവൻ കഴുകി വൃത്തിയാക്കിയശേഷം എന്തെങ്കിലും ലൂബ്രിക്കന്റ് ചെയിനിൽ ഇട്ടുകൊടുക്കുന്നത് വളരെ നല്ലതാണ്. അടുത്തതായി വൃത്തിയാക്കേണ്ടത് ക്രോം പൂശാത്ത എഞ്ചിൻ ഭാഗങ്ങളാണ്. പഴയ ടൂത്ത്ബ്രഷ് ഉപയോഗിച്ച് ഈ ഭാഗങ്ങൾ വൃത്തിയാക്കുന്നത് നല്ലതാണ്. ബൈക്കിൽ പ്രത്യേക ശ്രദ്ധവേണ്ട ഭാഗമാണ് എഞ്ചിൻ.
അടുത്തതായി പ്ലാസ്റ്റിക് ഭാഗങ്ങൾ കഴുകാം. ഈ ഭാഗങ്ങൾ മൃദുലമായ സ്പോഞ്ച് പോലുള്ളവ ഉപയോഗിച്ചുവേണം കഴുകാൻ. തോർത്ത്, കോട്ടൻ തുണി തുടങ്ങിയവ തുടർച്ചയായി ഉപയോഗിച്ചാൽ വാഹനത്തിന്റെ പാർട്സുകളിൽ ചെറിയ പോറലുകൾ വീഴും. കാലക്രമത്തിൽ ഇത് വാഹനത്തിന്റെ പെയിന്റ് മങ്ങാൻ ഇടയാക്കും. തുടർന്ന് ക്രോം ഭാഗങ്ങളും വൃത്തിയാക്കം. അവിടേയും മൃദുലമായ തുണിയോ സ്പോഞ്ചോ ആണ് ഉപയോഗിക്കേണ്ടത്. എല്ലാ ഭാഗങ്ങളും വൃത്തിയാക്കിക്കഴിഞ്ഞാൽ വെള്ളം ഒഴിച്ച് അഴുക്കും സോപ്പും കഴുകിക്കളയണം.
അവസാനമായി വാഹനം തുടച്ച് വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ഉണങ്ങിയ മൈക്രോ ഫൈബർ ക്ലോത്തുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. തുടർന്ന് നേരിട്ട് വെയിൽ അടിക്കാത്ത സ്ഥലത്തുവച്ച് വാഹനം നന്നായി ഉണക്കുക. ഈർപ്പം തങ്ങിനിൽക്കാതിരിക്കാൻ ഇത് ഏറെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.