'വെളുത്തതോ ഇളം നിറമുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം'; പ്രഭാത സവാരികൾ അപകട രഹിതമാക്കാനുള്ള സൂത്രങ്ങളിതാണ്​

പ്രഭാത നടത്തങ്ങൾ നമ്മുടെ ശീലങ്ങൾ ആവുകയാണ്. അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലങ്ങൾക്ക് ശേഷം പ്രത്യേകിച്ചും സ്വാഭാവികമായും റോഡപകടങ്ങളിൽ പെടുന്നവരും വർധിക്കുന്നു. ഇന്ത്യയിൽ 2019ൽ മാത്രം ഏകദേശം 26000 കാൽനട യാത്രികരാണ് കൊല്ലപ്പെട്ടത്. ഇരുചക്രവാഹന സഞ്ചാരികൾ കഴിഞ്ഞാൽ മരണത്തി​െൻറ കണക്കിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതും കാൽനടക്കാർ തന്നെ.


പരിമിതമായ ഫുട്​പാത്തുകളും, വളവ് തിരിവുകൾ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകളും നമ്മുടെ അജ്ഞതയും പലപ്പോഴും അപകടങ്ങൾ സൃഷ്ടിക്കുന്നു. രാത്രിയിൽ കാൽനടയാത്രക്കാരുടെ ദൃശ്യത ഒരു സങ്കീർണ്ണ പ്രശ്​നമാണ്. കാൽനടയാത്രക്കാരനെ താരതമ്യേന വളരെ മുൻ കൂട്ടി കണ്ടാൽ മാത്രമേ ഒരു ഡ്രൈവർക്ക് അപകടം ഒഴിവാക്കാൻ കഴിയൂ. ഡ്രൈവർ കാൽനടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകൾ അമർത്തി പ്രതികരിക്കണം.

കേരളത്തിലെ സാധാരണ റോഡുകളിൽ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറിൽ 70 കി.മീ (സെക്കന്റിൽ 19.5 മീറ്റർ)സഞ്ചരിക്കുന്ന ഡ്രൈവർ ഒരു കാൽനടയാത്രക്കാരനെ കണ്ട് പെട്ടെന്ന് കണ്ട് ബ്രേക്ക് ചവിട്ടാൻ എടുക്കുന്ന റിയാക്ഷൻ സമയം രാത്രിയിൽഏകദേശം ഒന്ന്​ മുതൽ 1.5 സെക്കൻഡ് ആണ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ഈ സമയത്ത് വാഹനം 30 മീറ്റർ മുന്നോട്ട് നീങ്ങും, ബ്രേക്ക് ചവിട്ടിയതിന് ശേഷം പൂർണമായി നിൽക്കാൻ പിന്നെയും 36 മീറ്റർ എടുക്കും. അതായത് ഡ്രൈവർ കാൽനടയാത്രക്കാരനെ ഏറ്റവും കുറഞ്ഞത് 66 മീറ്ററെങ്കിലും മുമ്പ്​ കാണണം. നനഞ്ഞ റോഡുകളിൽ അതിൽ കൂടുതൽ വേണ്ടിവരും.

വെളിച്ചമുള്ള റോഡുകളിൽ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാൻ കഴിയുന്നത് കേവലം 30 മീറ്റർ പരിധിക്ക് അടുത്തെത്തുമ്പോൾ മാത്രമാണെന്ന് പഠനങ്ങൾ കാണിക്കുന്നു (വെളിച്ചം കുറവുള്ള റോഡിൽ അത് 10 മീറ്റർ വരെയാകാം ) അതും കാൽനടയാത്രികൻ റോഡി​െൻറ ഇടത് വശത്താണെങ്കിൽ. ഡ്രൈവറുടെ വലതു വശത്തെ വിൻറ്​ ഷീൽഡ് പില്ലറി​െൻറ തടസ്സം മൂലവും പെരിഫറൽ വിഷ​െൻറ പ്രശ്നം കൊണ്ടും വലത് വശത്തെ കാഴ്​ച പിന്നെയും കുറയും.

മഴ, മൂടൽമഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാധ്യത പതിൻമടങ്ങ് വർധിപ്പിക്കുന്നു.കാൽനടയാത്രക്കാർ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാൽനടയാത്രക്കാരെ ഡ്രൈവർമാർ പ്രതീക്ഷിക്കില്ല എന്നതും പ്രശ്​നമാണ്.

വസ്ത്രത്തി​െൻറ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി. കറുത്ത വസ്ത്രവും, വെളിച്ചം ഇല്ലായ്മയും ,കറുത്ത റോഡും ചേർന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാൽ പോലും കാണുക എന്നത് തീർത്തും അസാദ്ധ്യമാക്കുന്നു. എന്നാൽ റോഡിൽ കൂടി നടക്കുന്നയാളുടെ ചിന്ത നേരെ മറിച്ചാണ്.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

• സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം

• കഴിയുന്നതും മൈതാനങ്ങളോ പാർക്കുകളോ തിരഞ്ഞെടുക്കുക

• വെളിച്ചമുള്ളതും, ഫുട്​പാത്തുകൾ ഉള്ളതുമായ റോഡുകൾ തിരഞ്ഞെടുക്കാം

• തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ള റോഡുകൾ പൂർണമായും ഒഴിവാക്കുക

• ഫുട്​പാത്ത് ഇല്ലെങ്കിൽ നിർബന്ധമായും അരികിൽ കൂടി വരുന്ന വാഹനങൾ കാണാവുന്ന രീതിയിൽ റോഡി​െൻറ വലത് വശം കൂടി നടക്കുക

• വെളുത്തതോ ഇളം കളറുള്ളതോ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കണം

• റിഫ്ളക്ടീവ് ജാക്കറ്റുകളൊ വസ്ത്രങ്ങളൊ ഉപയോഗിക്കുക

• ഫോൺ ഉപയോഗിച്ചു കൊണ്ടും ഇയർ ഫോൺ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം

• കുട്ടികൾക്ക് അധിക ശ്രദ്ധ നൽകണം

• വർത്തമാനം പറഞ്ഞു കൂട്ടംകൂടി നടക്കുന്നത് ഒഴിവാക്കണം.

• മൂടൽ മഞ്ഞ്, മഴ എന്നീ സന്ദർഭങ്ങളും കറുത്ത കുട പിടിച്ച് നടക്കുന്നതും ഒഴിവാക്കണം

വിവരങ്ങൾക്ക്​ കടപ്പാട്​ എം.വി.ഡി കേരള

Tags:    
News Summary - Morning walk precautions you must keep in mind before stepping outdoors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.