വാഹനം വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യത്തെപ്പറ്റി മുന്നറിയിപ്പ് നൽകി എം.വി.ഡി കേരള. ഏതൊരു വാഹനവും വിൽക്കുമ്പോൾ ഉടമസ്ഥാവകാശം മാറ്റണമെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് നൽകുന്ന നിർദേശം. ഇല്ലെങ്കിൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാം എന്നും എം.വി.ഡി സോഷ്യൽ മീഡിയയിൽ കുറിച്ചു. എം.വി.ഡി കേരള ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിന്‍റെ പൂർണരൂപം താഴെ.
ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്? എന്നാൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാം!
വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്.
മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആർ.ടി.ഓഫീസിലൊ വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫീസിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇതിനായി വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ് ഡോക്യുമെന്റുകളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത്, വിൽക്കുന്ന ആളുടെയും വാങ്ങുന്ന ആളുടെയും മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി എന്റർ ചെയ്ത് അപേക്ഷ തയ്യാറാക്കി നിലവിലുള്ള ഓഫീസിൽ തന്നെ അപേക്ഷ നൽകിയാൽ മതിയാകുന്നതാണ്. പേര് മാറിയതിനു ശേഷം ആർസി ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ ഉടമസ്ഥന് ആർ ടി ഓഫീസിൽ നിന്ന് അയച്ചു നൽകുന്നതാണ്.
ആധാർ അധിഷ്ഠിത ഫേസ് ലെസ് സർവീസ് ആയിട്ടാണ് അപേക്ഷ സമർപ്പിക്കുന്നത് എങ്കിൽ നിലവിലുള്ള ഒറിജിനൽ ഡോക്യുമെന്റുകൾ RTO ഓഫീസിൽ ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ഇപ്പോൾ സാധ്യമാണ്.
ക്രിമിനൽ പ്രവർത്തനങ്ങളിൽ വാഹനങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിൽ ക്യാമറ എൻഫോഴ്സ്മെന്റിന്റെ ആധുനിക കാലത്ത് നിർബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമാണ് വാഹനം കൈമാറ്റം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.