സ്​ക്രാപ്പേജ്​ പോളിസി പാർലമെന്‍റിൽ; അറിയാം ഈ അഞ്ച്​ കാര്യങ്ങൾ

കഴിഞ്ഞ ദിവസമാണ്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്യത്തിന്‍റെ സ്​ക്രാപ്പേജ്​​ പോളിസി പാർലമെന്‍റിൽ അവതരിപ്പിച്ചത്​. സ്ക്രാപ്പേജ് നയത്തെ വലിയ വിജയമെന്നാണ്​ നിതിൻ ഗഡ്കരി വിശേഷിപ്പിക്കുന്നത്​. പഴയ വാഹനങ്ങൾ പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ മലിനീകരണം സൃഷ്​ടിക്കുന്നതായും ഗഡ്കരി പറയുന്നു. പുതിയനയം വാഹനനിർമാണ മേഘലയിലെ വളർച്ച വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസിയിൽ പ്രധാനപ്പെട്ട പോയിന്‍റുകൾ എന്തൊക്കെയാണ്​? പഴയ വാഹനങ്ങളുടെ ഉടമകളേയും വാഹന നിർമാതാക്കളേയും നയം എങ്ങിനെ ബാധിക്കും? സ്ക്രാപ്പേജ് പോളിസിയെക്കുറിച്ച് ശ്രദ്ധിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ ഇതാ:


1. ഈ വാഹനങ്ങൾ ഒഴിവാക്കണം

ഇന്ത്യൻ റോഡുകളിൽ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 51 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്ന് ഗഡ്കരി പറയുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 17 ലക്ഷത്തോളം വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും എന്നാൽ വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 34 ലക്ഷം വാഹനങ്ങളും ഉണ്ട്.

ഈ വാഹനങ്ങൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക നയത്തിന്‍റെ പ്രധാന ലക്ഷ്യമാണ്​. പഴയ വാഹനങ്ങൾ മലിനീകരണം സൃഷ്​ടിക്കാനുള്ള സാധ്യത പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ കൂടുതലാണ്. മാത്രമല്ല ഇവ റോഡ് സുരക്ഷയ്ക്ക് ഭീഷണിയുമാണ്.

2. പഴയ വാഹന ഉടമകൾ ചെയ്യേണ്ടത്​

20 വർഷത്തിനുമുകളിൽ പഴക്കമുള്ള സ്വകാര്യ വാഹനം നിങ്ങൾക്ക്​ ഉണ്ടെങ്കിൽ ചില നിബന്ധനകൾ പാലിച്ച്​ വാഹനം സൂക്ഷിക്കാം. വാണിജ്യ വാഹനത്തിന് ഇൗ കാലയളവ്​ 15 വർഷമാണ്. വാഹനം റോഡുകളിൽ ഓടുന്നത് തുടരാൻ നിയമപരമായി അനുവദിക്കുന്നതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഫിറ്റ്‌നസ് പരിശോധനയിൽ പരാജയപ്പെടുന്ന അല്ലെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുന്നതിൽ പരാജയപ്പെടുന്ന വാഹനം എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ ആയി പ്രഖ്യാപിക്കുകയും ഇവ സ്​ക്രാപ്പിന്​ നൽകുകയും ചെയ്യും.

3. വാഹന വ്യവസായത്തിന് എന്ത്​ സംഭവിക്കും

പോളിസി നടപ്പാവുന്നതോടെ പുതിയ വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുമെന്നാണ്​ പ്രതീക്ഷ. ഇതോടെ വാഹന വ്യവസായത്തിൽ ഉണർവ്വുണ്ടാകും. പൊളിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഘടകങ്ങൾ പുനരുപയോഗം ചെയ്യാൻ കഴിയുന്നതിനാൽ സ്ക്രാപ്പേജ് പോളിസി വാഹനഘടകങ്ങളുടെ വില കുറയ്ക്കാൻ സാധ്യതയുണ്ട്.

4. ആനുകൂല്യങ്ങൾ

ഒരു പഴയ വാഹനം സ്ക്രാപ്പ്​യാർഡിലേക്ക് അയയ്ക്കുന്നതിനും പുതിയത് വാങ്ങുന്നതിനുമുള്ള ആനുകൂല്യങ്ങളുടെ വിശദാംശങ്ങൾ ഇതുവരെ അറിവായിട്ടില്ല. പക്ഷേ പഴയ വാഹനത്തിന്‍റെ ഉടമയ്ക്ക് രജിസ്ട്രേഷനും റോഡ് ടാക്സിനും കിഴിവ് നൽകുന്നത് ഉൾപ്പടെ സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് ഗഡ്കരി വിശദീകരിച്ചു. സ്ക്രാപ്പിങ്​ സർട്ടിഫിക്കറ്റ്​ ലഭിച്ചവർക്ക്​ പുതിയ വാഹനം വിൽക്കുമ്പോൾ എല്ലാ വാഹന നിർമ്മാതാക്കൾക്കും അഞ്ച് ശതമാനം കിഴിവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗഡ്കരി പറയുന്നു.

5.ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ്​

വാഹനങ്ങൾ സ്ക്രാപ്പ് ചെയ്യുന്നതിന് ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾ ആരംഭിക്കും. ഓട്ടോമേറ്റഡ് ടെസ്റ്റുകളിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് വൻതുക പിഴ ഈടാക്കുകയും ശിക്ഷിക്കുകയും ചെയ്യും. സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയാകും സ്​ക്രാപ്പ്​യാർഡുകളും ഫിറ്റ്നസ് സെന്‍ററുകളും തുടങ്ങുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.