ലോകത്തിലെ ഏറ്റവും വിലകൂടിയ വാഹനങ്ങളിലൊന്നാണ് റോൾസ് റോയ്‌സ്. അതുകൊണ്ട് തന്നെ റോൾസിനെ ചുറ്റിപ്പറ്റി ധാരാളം വ്യാജ കഥകളും പ്രചരിക്കാറുണ്ട്. അത്തരം കഥകളിൽ പലതിനും റോൾസിനോളംതന്നെ പ്രായവുമുണ്ട്. 1906 മുതൽ ലോകത്ത് വിൽക്കപ്പെടുന്ന വാഹനങ്ങളാണ് റോൾസിേന്റത്. 115 വർഷത്തെ പാരമ്പര്യമെന്നത് ചില്ലറ കാര്യമല്ലല്ലോ. രാജാക്കന്മാർമുതൽ മാഫിയ തലവന്മാർവരെ മോഹിച്ചിരുന്ന വാഹനത്തെപറ്റി അപസർപ്പക കഥകൾ പ്രചരിക്കുക സ്വാഭാവികവും. അത്തരം ചില ഇല്ലാക്കഥകൾ ഏതൊക്കെയാണെന്ന് നമ്മുക്കൊന്ന് പരിശോധിക്കാം.
1. റോൾസ് റോയ്‌സ് വാങ്ങാൻ യോഗ്യതാ പരിശോധന
റോൾസിനെപറ്റിയുള്ള കഥകളിൽ ഏറ്റവും വ്യാപകമായി പ്രചരിച്ചിരുന്ന ഒന്നാണ് വാഹനം വാങ്ങാൻ 'ഒരു യോഗ്യതയൊക്കെ' വേണമെന്നത്. റോൾസ് വാങ്ങാനെത്തുന്നവരുടെ പശ്ചത്തലം പരിശോധിച്ചശേഷം അനുയോജ്യമെന്ന് കണ്ടാൽ മാത്രമെ വാഹനം നൽകൂ എന്നതാണ് ഈ കഥയുടെ സാരം. പണ്ടുകാലത്ത് രാജാക്കന്മാർക്ക് മാത്രമാണ് വാഹനം വിറ്റിരുന്നതെന്നും പ്രചരണമുണ്ടായിരുന്നു. ഈ നിറംപിടിപ്പിച്ച കഥകളിൽ എന്തെങ്കിലും സത്യമുണ്ടോ? ഇല്ലെന്നതാണ് വാസ്തവം. ആർക്കും വാങ്ങാവുന്ന വാഹനമാണ് റോൾസ് റോയ്‌സ്.
പക്ഷെ റോൾസ് സ്വന്തമാക്കുന്നവരിലധികവും പണവും പ്രതാപവും ഉള്ളവരായിരുന്നത് വാസ്തവമാണ്. കാരണം ഇത്രയും വിലയുള്ള വാഹനം വാങ്ങാൻ അവർക്കുമാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന് റോൾസ് സ്വന്തമായുള്ള എല്ലാത്തരം ആളുകളും ലോകത്ത് എല്ലായിടത്തും ഉണ്ട്. അതിൽ കച്ചവടക്കാരും കൃഷിക്കാരും മുടിമുറിക്കുന്നവരും ബാർ ഡാൻസർമാരും മാഫിയ തലവന്മാരും ഒക്കെയുണ്ട്. റോൾസ് വാങ്ങാനുള്ള ഒരേെയാരു മാനദണ്ഡം കമ്പനി ആവശ്യപ്പെടുന്ന പണം നൽകുക എന്നതാണ്.
2. സമ്പൂർണ്ണമായും ബ്രിട്ടീഷ് വാഹനം
റോൾസിനെപറ്റിയുള്ള മറ്റൊരു അന്ധവിശ്വാസം അതൊരു സമ്പൂർണ ബ്രിട്ടീഷ് വാഹനം ആണെന്നതാണ്. ആ അവകാശവാദവും പൂർണമായും ശരിയാണെന്ന് പറയാനാകില്ല. റോൾസ് റോയ്‌സ് യുകെയിലെ അവരുടെ ഫാക്ടറിയിൽ നിർമിക്കുകയും ഒരുമിച്ച് ചേർക്കുകയും ചെയ്യുന്നെന്നത് ശരിയാണ്. പക്ഷെ റോൾസിന്‍റെ വാഹനഭാഗങ്ങളിലധികവും നിർമിക്കുന്നത് ലോകത്തിന്‍റെ വിവിധഭാഗങ്ങളിലാണ്. ഒരു റോൾസിന്‍റെ ജനനം ജർമനിയിലാണ് നടക്കുന്നത്. വാഹനത്തിന്‍റെ അലുമിനിയം ബോഡി പാനൽ നിർമിക്കുന്നത് അവിടെയാണ്. പിന്നീടിത് യുകെയിലെ ഫാക്ടറിയിലേക്ക് കൊണ്ടുവരുന്നു. റോൾസിന് ആവശ്യമായ ലെതർ, വുഡ്, ഇൻഫോടൈൻമെന്‍റ് സിസ്റ്റം തുടങ്ങിയവയൊക്കെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച് ബ്രിട്ടനിലെത്തിക്കുകയാണ് ചെയ്യുന്നത്.
3. വെള്ളിയിൽ തീർത്ത സ്പിരിറ്റ് ഓഫ് എക്സ്റ്റസി
റോൾസിന്‍റെ മുഖമുദ്രയാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി എന്ന ലോഗോ. വാഹനം സ്റ്റാർട്ട് ചെയ്യുേമ്പാൾ ഉയർന്നുവരുന്ന ഈ ശിൽപ്പം വെള്ളിയിലാണ് നിർമിക്കുന്നതെന്നൊരു അന്ധവിശ്വാസം ലോകത്തുണ്ട്. എന്നാൽ ഒരു സ്റ്റാേന്റർഡ് കാറിൽ സ്പിരിറ്റ് ഓഫ്എക്സ്റ്റസി നിർമിക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ്. പക്ഷെ ഒരുകാര്യം സത്യമാണ്. വാഹന ഉപഭോക്താവ് ആവശ്യെപ്പടുന്ന ലോഹം ഉപയോഗിച്ച് സ്പിരിറ്റിനെ നിർമിച്ചുകൊടുക്കുന്ന പതിവ് റോൾസിനുണ്ട്. അത് ചിലപ്പോൾ സ്വർണവും വെള്ളിയും രത്നം പതിച്ചതും ഒക്കെ ആകാറുമുണ്ട്. ഓരോ വാഹനത്തിനും സ്പിരിറ്റ് ഓഫ് എക്സ്റ്റസി വ്യത്യാസപ്പടുമെന്ന് സാരം.
4.ടാക്സികളായി ഉപയോഗിക്കാറില്ല
റോൾസ് റോയ്‌സ് ഒരിക്കലും ടാക്സികളായി ഉപയോഗിക്കാറില്ല എന്നൊരു അന്ധവിശ്വാസം പലർക്കും ഉണ്ട്. ഇതും തെറ്റാണ്. ലോകത്ത് ആയിരക്കണക്കിന് റോൾസ് റോയ്‌സ് ടാക്സികൾ നിലവിലുണ്ട്. നമ്മുടെ നാട്ടിൽതന്നെ ബോബി ചെമ്മണ്ണൂർ വാങ്ങി ടാക്സിയായി ഓടിക്കുന്ന റോൾസ് റോയ്‌സ് പ്രശസ്തമാണല്ലോ. ബംഗളൂരുവിലെ ഹെയർ സ്റ്റൈലിസ്റ്റായ രമേഷ് ബാബു തന്‍റെ ടാക്സി ശേഖരത്തിൽ റോൾസുകളേയും ഉൾപ്പടുത്തുകയും അത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു.
5.ഒരിക്കലും തിരിച്ചുവിളിച്ചിട്ടില്ല
ആധുനിക കാലത്ത് വാഹനങ്ങൾ തിരിച്ചുവിളിക്കുക എന്നത് അത്ര മോശംകാര്യമൊന്നുമല്ല. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് തകരാർ കണ്ടെത്തിയാൽ വാഹനം തിരിച്ചുവിളിച്ച് പരിഹരിക്കുകതന്നെ വേണം. ഇല്ലെങ്കിൽ വൻ തുക പിഴ നൽകേണ്ടിവരും. റോൾസുകൾ ഒരിക്കലും തിരിച്ചുവിളിക്കേണ്ടിവന്നിട്ടില്ല എന്നൊരു വിശ്വാസം വാഹനപ്രേമികൾക്കിടയിൽ ഉണ്ട്. റോൾസിന്‍റെ ഈടും ഉറപ്പും സൂചിപ്പിക്കാനാണ് ഈ കഥ പ്രചരിപ്പിക്കുന്നത്. എന്നാൽ നിരവധിതവണ റോൾസ് റോയ്‌സ് വാഹനങ്ങൾ തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനം റോൾസിന്‍റെ 2015 മോഡൽ ഗോസ്റ്റ് തിരിച്ചുവിളിച്ചിരുന്നു. 2003നും 2010നും ഇടയിൽ ഫാന്‍റത്തിന്‍റെ നിരവധി മോഡലുകളും കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.