വാഹനം വാങ്ങുന്നവരുടെ പ്രധാന തലവേദനയാണ് അതിന്റെ മെയിന്റനൻസ്. വാങ്ങാൻ ചെല്ലുമ്പോൾ ചിരിച്ചും കളിച്ചും പെരുമാറുന്ന വാഹന നിർമാതാക്കൾ എന്തെങ്കിലും പണി വന്നാൽ പ്രതികരിക്കുക അങ്ങിനെയാവില്ല. നിയമങ്ങളുടെ ഇഴകീറി പരിശോധിച്ച് വാറന്റി നിഷേധിക്കുകയും വലിയ പ്രശ്നങ്ങളാണെങ്കിൽ കയ്യൊഴിയുകയും ചെയ്യും. പലപ്പോഴും സർവ്വീസിന് ചെല്ലുമ്പോഴും ഇതുതന്നെയാവും ഗതി. അതുകൊണ്ടുതന്നെ മെയിന്റൻസ് കുറഞ്ഞ വാഹനം വാങ്ങുക എന്നത് ഉപഭോക്താവിന്റെ ഏറ്റവും വലിയ മുൻഗണനയാണ്.
അടുത്തിടെ നടന്ന ഒരു പഠനത്തിൽ ലോകത്തിലെ ഏറ്റവും മെയിന്റനൻസ് കുറഞ്ഞ വാഹന ബ്രാൻഡിനെ കണ്ടെത്തി. ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട ആണ് ഈ കമ്പനി. നേരത്തേതന്നെ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ ബ്രാൻഡുകളിലൊന്നായി ടൊയോട്ട പേരെടുത്തിട്ടുണ്ട്. ഇന്ത്യയിലും ആളുകൾ ടൊയോട്ട വാഹനങ്ങൾ ലക്ഷക്കണക്കിന് കിലോമീറ്ററുകൾ ഓടിച്ചതിന്റെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അധിക ചെലവുകളൊന്നുമില്ലാതെ ഇന്നും പഴഞ്ചൻ ക്വാളിസും ഇന്നോവയുമെല്ലാം നമ്മുടെ നിരത്തുകളിൽ ഓടുന്നുമുണ്ട്. അതുകൊണ്ടുതന്നെ അത്ര അതിശയോക്തിയില്ലാത്ത കണ്ടെത്തലാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
10 വർഷക്കാലം വാഹനം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അറ്റകുറ്റപ്പണിയുടെ കണക്കുകൾ വച്ചാണ് ടൊയോട്ടയെ മികച്ച കമ്പനിയായി തിരിഞ്ഞെടുത്തിരിക്കുന്നത്. അതായത് ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ കൊണ്ടുനടക്കാൻ കഴിയുന്ന കാറാണിതെന്നാണ് ചുരുക്കം. അമേരിക്കൻ വിപണി കേന്ദ്രീകരിച്ചാണ് പഠനം നടന്നിരിക്കുന്നത്.
10 വർഷ കാലയളവിൽ ടൊയോട്ട കാറുകൾക്ക് മെയിന്റനൻസ് ചെലവായി ശരാശരി 5,996 ഡോളർ വേണമെന്ന് പഠനം പറയുന്നു. പരിപാലിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ കാറുകളുടെ പട്ടികയിൽ ടൊയോട്ട കാറുകൾ ആദ്യ ആറ് സ്ഥാറ്‍വും കരസ്ഥമാക്കി. അതിൽ ഹൈബ്രിഡ് കാറായ പ്രയുസ് ആണ് ഒന്നാം സ്ഥാനം നേടിത്. കാറിന് പത്ത് വർഷ കാലയളവിൽ വെറും 4,000 ഡോളറിൽ താഴെ മാത്രമാണ് മെയിന്റനൻസ് ചെലവായി വന്നിരിക്കുന്നത്.
ടൊയോട്ട യാരിസ്, കൊറോള, പ്രയുസ് പ്രൈം, കാമ്രി, അവലോൺ എന്നീ ടൊയോട്ട കാറുകളാണ് അടുത്ത സ്ഥാനങ്ങളിൽ വരുന്നത്. ഹോണ്ട ഫിറ്റ്, മിത്സുബിഷി മിറേജ്, ടൊയോട്ട സുപ്ര, ഹോണ്ട സിവിക് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയ മറ്റ് കാറുകൾ.
ബ്രാൻഡുകളുടെ കാര്യം നോക്കിയാൽ ശരാശരി മെയിന്റനെൻസിനായി 7,787 ഡോളർ മാത്രം ചെലവായ മിത്സുബിഷിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യയിൽ നിർത്തലാക്കിയെങ്കിലും മറ്റ് ഏഷ്യൻ വിപണികളിലും വിദേശ വിപണികളിലും ശക്തമായ സാന്നിധ്യമാണ് ഇന്ന് മിത്സുബിഷി. മെയിന്റനെൻസ് ചെലവിന്റെ കാര്യത്തിൽ ഹോണ്ട ($7,827), മസ്ദ ($8,035), നിസാൻ ($8,088) എന്നീ കമ്പനികളാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്. ലിസ്റ്റിൽ ജാപ്പനീസ് നിർമാതാക്കളുടെ ആധിപത്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ആഡംബര ബ്രാൻഡുകളുടെ മെയിന്റനെസിന്റെ കാര്യത്തിലേക്ക് വരുമ്പോൾ ടെസ്‌ലയാണ് ഏറ്റവും കുറവ് ചെലവ് വരുന്ന വാഹനമെന്നാണ് കണ്ടെത്തൽ. പഠനമനുസരിച്ച് ടെസ്‌ല കാറുകൾക്ക് 10 വർഷത്തിനിടെ 5,867 ഡോളർ മാത്രമാണ് മെയിന്റനെൻസിനായി ചെലവഴിക്കേണ്ടി വരുന്നത്. ടെസ്‌ല മോഡൽ 3, മോഡൽ S, മോഡൽ S എന്നിവയാണ് ആഡംബര കാറുകളിൽ ഏറ്റവും കുറഞ്ഞ പരിപാലനം ആവശ്യമായി വരുന്ന കാറുകൾ.
ലെക്സസ്, അക്യൂറ, ഇൻഫിനിറ്റി, ലിങ്കൺ എന്നിവ കമ്പനികളാണ് ഈ പട്ടികയിലെ ആദ്യത്തെ 5 സ്ഥാനങ്ങളിലുള്ളത്. അതേസമയം കൊണ്ടുനടക്കാൻ ഏറ്റവും ചെലവേറിയ കാർ ബ്രാൻഡ് ഏതാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കൻ ട്രക്ക് നിർമാതാക്കളായ റാമിന്റെ മോഡലുകളാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ എത്തിയിരിക്കുന്നത്.
റാമിന്റെ വാഹനങ്ങൾ 10 വർഷത്തിലേറെ ഉപയോഗിക്കാൻ ശരാശരി 22,075 ഡോളർ ചെലവാകുമെന്നാണ് കണ്ടെത്തൽ. റാമിന്റെ സഹോദര ബ്രാൻഡായ ജീപ്പ് മോഡലുകളാണ് മെയിന്റനെൻസ് ചെലവിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള മറ്റ് കമ്പനി. ജീപ്പിന് 11,476 ഡോളറും, ക്രൈസ്‌ലർ 11,364 ഡോളർ, ഡോഡ്ജ് 11,079 ഡോളർ എന്നിങ്ങനെയാണ് ചെലവ് വരുന്നത്.
10 വർഷ കാലയളവിലേക്ക് കൊണ്ടുനടക്കാൻ ഏറ്റവും കൂടുതൽ ചെലവ് വേണ്ടി വരുന്ന മറ്റൊരു ആഡംബര വാഹന ബ്രാൻഡാണ് പോർഷ. ഇവക്ക് ഏകദേശം 22,075 ഡോളറാണ് മെയിന്റനെൻസിനായി ചെലവാക്കേണ്ടി വരികയെന്ന് പഠനത്തിൽ തെളിഞ്ഞു. രണ്ടാം സ്ഥാനത്ത് ബിഎംഡബ്ല്യത്‍വും എത്തി. 19,312 ഡോളറാണ് ജർമൻ ബ്രാൻഡിന്റെ മോഡലുകൾക്കായി മുടക്കേണ്ടി വരിക. ടാറ്റ മോട്ടോർസിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവറിന് 18,569 ഡോളറും, ജാഗ്വറിന് 17,636 ഡോളറും മെർസിഡീസ് ബെൻസിന് 15,986 ഡോളറുമാണ് പത്ത് വർഷത്തെ കാലയളവിലേക്കായി മെയിന്റനെൻസ് തുകയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.