പെട്രോളിനൊപ്പം ഡീസലും സെഞ്ചുറി അടിച്ച് നിൽക്കുന്ന കാലമാണിത്. വാഹന ഉടമയെന്ന ബൗളറെ സംബന്ധിച്ച് സമയം അത്ര നല്ലതല്ലെന്ന് പറയേണ്ടിവരും. ഇനിയെന്ത് എന്ന ചോദ്യത്തിനുമുന്നിൽ വൈദ്യുത വാഹനങ്ങളാണ് ഏക വഴിയെന്നാണ് വിദഗ്ധഭാഷ്യം. പക്ഷെ നിലവിൽ നിരത്തിലുള്ള വാഹനങ്ങളുടെ 20 ശതമാനമെങ്കിലും വൈദ്യുതീകരിക്കാൻ കുറഞ്ഞത് 10 വർഷമെടുക്കും. അതുവരെ ഇത് സഹിക്കുകയാണ് നമ്മുടെ മുന്നിലുള്ള ഏക പോംവഴി.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ വാഹനങ്ങളുടെ ഇന്ധനച്ചിലവ് 30 ശതമാനംവരെ കുറക്കാൻ കഴിയും. ഇതേപറ്റിയുള്ള ഒരു വീഡിയോ കേരള മോേട്ടാർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. 10 വർഷം കൊണ്ട് പുതിയ വാഹനം വാങ്ങുന്നതിനുള്ള തുക ഈ തരത്തിൽ ലാഭിക്കാൻ കഴിയുമെന്നാണ് എം.വി.ഡി പറയുന്നത്. മാത്രവുമല്ല അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും ഫോസിൽ ഇന്ധനങ്ങൾ സംരക്ഷിക്കുവാനും വാഹനത്തിെൻറ തേയ്മാനം കുറക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഈ രീതികൾ ഗുണപ്രദമാണ്. ഇന്ധനം ലാഭിക്കാനുള്ള മാർഗങ്ങളെ മൂന്നായി തിരിക്കാം. ഡ്രൈവിങുമായി ബന്ധപ്പെട്ടവ, വാഹനവുമായി ബന്ധപ്പെട്ടവ, മറ്റ് കാര്യങ്ങൾ എന്നിങ്ങനെയാണ് ഇവ തരംതിരിച്ചിരിക്കുന്നത്.
1.ഡ്രൈവിങുമായി ബന്ധപ്പെട്ടവ
ഇക്കോണമി റേഞ്ചിൽ വാഹനം ഒാടിക്കുന്നത് ശീലമാക്കുക. വാഹനം 'ചവിട്ടി വിടുന്നത്' ഒഴിവാക്കിയാൽ തന്നെ 10 ശതമാനം ഇന്ധനം ലാഭിക്കാനാവും. പ്രത്യേകിച്ചും വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള റോഡുകളിൽ ഇത് വളരെ പ്രധാനമാണ്. മോേട്ടാർ സൈക്കിളുകൾ 40 കിലോമീറ്റർ സ്പീഡിലും കാറുകളുംമറ്റും 50 കിലോമീറ്റർ വേഗതയിലുമാണ് ഒാടിക്കേണ്ടത്. ഇരുചക്രവാഹനങ്ങളിൽ സ്പീഡോ മീറ്ററിൽ ഇക്കോണമി റേഞ്ച് അടയാളപ്പെടുത്തിയിരിക്കും. അതിനിടയിൽ വേഗത നിയന്ത്രിച്ചാൽ മൈലേജ് വർധിക്കും.
വേഗത വർധിക്കുന്തോറും മൈലേജ് കുറയും. വാഹനത്തിെൻറ വേഗത 60 കിലോമീറ്ററിൽ എത്തിയാൽ 7.5 ശതമാനവും 70ൽ എത്തിയാൽ 22 ശതമാനവും 80ൽ എത്തുേമ്പാൾ 40 ശതമാനവും 90 കിലോമീറ്ററിലെത്തുേമ്പാൾ 63 ശതമാനവും അധിക ഇന്ധനനഷ്ടം ഉണ്ടാകും. വാഹനം ഒാടിക്കുേമ്പാൾ ഇന്ധനം ലാഭിക്കാനുള്ള പ്രധാന മാർഗം ആക്സിലറേറ്ററിെൻറ യുക്തിപരമായ ഉപയോഗമാണ്. വേഗത കൂട്ടിയും കുറച്ചും ഒാടിക്കുന്നതിനുപകരം മിതമായ നിരക്കിൽ ഒരേവേഗതയിൽ ക്രമീകരിച്ചാൽ ഇന്ധനം വളരെയധികം ലാഭിക്കാനാവും.
ഹെവി വാഹനം നിശ്ചലാവസ്ഥയിൽ നിന്ന് 80 കിലോമീറ്റർ വേഗതയാർജിക്കാൻ 100 മില്ലി ലിറ്റർ ഇന്ധനം ആവശ്യമാണ്. ഒാരോതവണയും വേഗത കുറക്കുകയും കൂട്ടുകയും ചെയ്യുന്നത് ഭീമമായ ഇന്ധനനഷ്ടത്തിന് ഇടയാക്കും. ഒരു പ്രാവശ്യം സഡൻ ബ്രേക്കിടുേമ്പാൾ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലുള്ള അത്രയും ടയർ തേയ്മാനം സംഭവിക്കുമെന്നാണ് കണക്ക്.
ഗിയർ മാറ്റവും ശ്രദ്ധിക്കേണ്ടതാണ്. വാഹനം പരമാവധി 'വലിപ്പിക്കുക'എന്നത് മൈലേജ് കൂട്ടില്ല. കൃത്യമായ ഗിയറിലാണ് വാഹനം നിരത്തിൽ ഒാടിക്കേണ്ടത്. കയറ്റത്തും ഇറക്കത്തും ഉചിതമായ ഗിയർ മാത്രം തിരഞ്ഞെടുക്കുക. ക്രൂസ് കൺട്രോൾ ഉള്ള വാഹനങ്ങളിൽ ഹൈവേകളിൽ അത് പരീക്ഷിക്കുന്നതും മൈലേജ് വർധിപ്പിക്കും.
ട്രാഫിക് സിഗ്നലുകളിൽ ഏറെനേരം നിർത്തിയിടേണ്ടിവന്നാൽ എഞ്ചിൻ ഒാഫാക്കുന്നത് ശീലമാക്കാവുന്നതാണ്. 30 സെക്കൻഡിൽ കൂടുതൽ നിത്തിയിടുേമ്പാഴാണ് വാഹനം നിർബന്ധമായും ഒാഫ് ചെയ്യേണ്ടത്. ക്ലച്ച് പെഡലിലും ബ്രേക്കിലും കാലുവച്ച് ഒരിക്കലും വാഹനം ഒാടിക്കരുത്.
വാഹനവുമായി ബന്ധപ്പെട്ടവ
വാഹനത്തിെൻറ എയറോഡൈനാമിക് സ്വഭാവത്തിന് മാറ്റംവരുത്തുന്ന ഒരുതരം മാറ്റങ്ങളും വരുത്താതിരിക്കുക. അത്തരം എക്സ്ട്രാ ഫിറ്റിങ്ങുകൾ ഒഴിവാക്കുക. സ്പോർട്ടി ബമ്പർ, അധിക സ്പോയിലർ, കാരിയേജുകൾ എന്നിവയെല്ലാം ഇത്തരത്തിൽ വാഹനത്തിെൻറ എയറോഡൈനാമിക് സ്വഭാവത്തിന് കുറവുവരുത്തുന്നവയാണ്. ബൂട്ടിൽ അനാവശ്യ സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.
ടയർ എയർപ്രഷർ ഒാരോ വാഹന നിർമാതാവും നിർദേശിച്ചതുതന്നെ നിലനിർത്താൻ ശ്രദ്ധിക്കുക. ടയർ പ്രഷറിൽ 15 ശതമാനം കുറവുവന്നാൽതന്നെ ഇന്ധനച്ചിലവ് അഞ്ച് ശതമാനം വർധിക്കും.വാഹനം പാർക്ക് ചെയ്യുേമ്പാൾ തണലിലാകാൻ ശ്രദ്ധിക്കുക. വാഹനം കൃത്യമായി സർവ്വീസ് ചെയ്യുന്നതും ഇന്ധനം ലാഭിക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.