ന്യൂഡൽഹി: കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾ തങ്ങളുടെ അധികാരപരിധിയിലുള്ള കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നതിനുള്ള പൊതുസമ്മതം പിൻവലിച്ചതായി കേന്ദ്ര സർക്കാർ ബുധനാഴ്ച ലോക്സഭയെ അറിയിച്ചു.
പഞ്ചാബ്, ഝാർഖണ്ഡ്, കേരളം, രാജസ്ഥാൻ, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാൾ, മിസോറാം, തെലങ്കാന, മേഘാലയ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ പൊതുസമ്മതം പിൻവലിച്ചതായി ഇതുസംബന്ധിച്ച ചോദ്യത്തിന് സഹമന്ത്രി ജിതേന്ദ്ര സിങ് രേഖാമൂലം മറുപടി നൽകി.
1946ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഡി.എസ്.പി.ഇ) നിയമത്തിലെ വകുപ്പ് ആറു പ്രകാരം, സി.ബി.ഐക്ക് വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്താൻ അതത് സംസ്ഥാന സർക്കാറുകളുടെ സമ്മതം ആവശ്യമാണ്. ഈ നിബന്ധന ഒഴിവാക്കാൻ ഉദ്ദേശ്യമുണ്ടോ എന്ന ചോദ്യത്തിൽ ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ചില സംസ്ഥാനങ്ങൾ പൊതുസമ്മതം പിൻവലിച്ചത് സുപ്രധാന കേസുകളിൽ സി.ബി.ഐയുടെ അധികാരങ്ങൾക്ക് കനത്ത ആഘാതം വരുത്തുന്നതിനാൽ പൊതുസമ്മത നിബന്ധന പിൻവലിക്കണമെന്ന് ഈയിടെ ഒരു പാർലമെന്ററി സമിതി ശിപാർശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.