ന്യൂഡൽഹി: പാകിസ്താനിലേക്ക് ചാരവൃത്തിക്ക് നിയോഗിക്കുകയും അവിടെ പിടിയിലായി 14 വർഷം തടവിൽ കഴിയേണ്ടി വരുകയും ചെയ്തതായി പറയുന്ന വയോധികന് ശമ്പളവും പെൻഷനും നിഷേധിച്ച കേന്ദ്രസർക്കാറിനോട് 10 ലക്ഷം രൂപ ഉടൻ നൽകാൻ സുപ്രീംകോടതി ഉത്തരവ്.
രാജസ്ഥാൻ സ്വദേശി മഹ്മൂദ് അൻസാരി (75) നടത്തിയ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്‍റെ വിധി. തുക മൂന്നാഴ്ചക്കകം കൈമാറണം.
1966ൽ തപാൽ വകുപ്പിൽ നിയമനം ലഭിച്ച അൻസാരിക്ക് ഇന്‍റലിജൻസ് ബ്യൂറോയിൽ ചേർന്നു പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അവസരം നൽകി. തുടർന്ന് രഹസ്യ പ്രവർത്തനങ്ങൾക്കായി പാകിസ്താനിലേക്ക് നിയോഗിക്കുകയായിരുന്നുവെന്ന് അൻസാരി അവകാശപ്പെട്ടു. രണ്ടു തവണ അതിർത്തി കടന്ന് പാകിസ്താനിൽ പോയി ദൗത്യം പൂർത്തിയാക്കി മടങ്ങാൻ പറ്റിയെങ്കിലും മൂന്നാം തവണത്തെ യാത്രയിൽ പാകിസ്താനി റേഞ്ചേഴ്സിന്‍റെ പിടിയിലായി. 1976 ഡിസംബർ 23നായിരുന്നു അറസ്റ്റ്.
ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന് പാകിസ്താൻ കുറ്റവിചാരണ നടത്തി 14 വർഷത്തേക്ക് ജയിലിൽ അടച്ചു. 1989ൽ വിട്ടയച്ചു. തുടർന്ന് ഇന്ത്യയിലെത്തി അധികൃതരെ സമീപിച്ചെങ്കിലും ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവദിച്ചില്ല. 1980ൽ തന്നെ പിരിച്ചുവിട്ടതായി അറിയിക്കുകയാണ് ചെയ്തത്.
ജോലിയും മുൻകാല ശമ്പളവും ആവശ്യപ്പെട്ട് അൻസാരി 2000-ൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. 2017ൽ രാജസ്ഥാൻ ഹൈകോടതിയും അൻസാരിയുടെ പരാതി തള്ളി. തുടർന്നാണ് 2018ൽ സുപ്രീംകോടതിയെ സമീപിച്ചത്.
സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്ന് കേന്ദ്രസർക്കാർ തന്നെ സമ്മതിക്കുന്ന കാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജോലിക്ക് ഹാജരാകാതിരുന്നതിനാൽ പിരിച്ചുവിട്ടതായും സമ്മതിക്കുന്നു. 1976 മുതൽ അൻസാരി ജോലി ചെയ്തിട്ടില്ല. എന്നാൽ പിരിച്ചു വിട്ടത് 1980ൽ മാത്രം.
ജോലിക്ക് എത്താത്തതോ, പിരിച്ചുവിട്ടതോ ആശ്രിതരായ കുടുംബത്തെ അറിയിച്ചില്ല. അവർക്ക് അൻസാരിയുടെ ശമ്പളാനുകൂല്യങ്ങൾ കൈമാറിയിട്ടില്ല. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവർക്ക് കുടുംബം നിവേദനം നൽകിയതാണ്.
രണ്ടു വട്ടം അതിർത്തി അങ്ങോട്ടുമിങ്ങോട്ടും കടന്ന അൻസാരിക്ക് അതിനുശേഷം ജോലിയിൽ തുടരാൻ കഴിഞ്ഞിട്ടുണ്ട്. ഈ കാലയളവിൽ അദ്ദേഹം ജോലിക്കെത്താതിരുന്ന ദിവസങ്ങൾ കേന്ദ്രസർക്കാർ എങ്ങനെ പരിഗണിച്ചുവെന്ന് സുപ്രീംകോടതി ചോദിച്ചു. ഇതൊക്കെ കെട്ടുകഥയാണെന്ന മറുപടിയാണ് സർക്കാർ അഭിഭാഷകൻ നൽകിയത്.
എന്നാൽ ഈ രണ്ടു തവണയും അൻസാരി ജോലിക്ക് ഹാജരാകാതിരുന്നിട്ടില്ല എന്ന് ബോധ്യപ്പെടുത്താൻ കോടതി ആവശ്യപ്പെട്ടു. 1976ലെ ഫയലുകൾ കാണാനില്ലെന്ന മറുപടി മാത്രമാണ് സർക്കാർ നൽകുന്നത്.
മകളെ പൂർണമായും ആശ്രയിച്ചാണ് അൻസാരി കഴിയുന്നതെന്നും രാജ്യത്തിന് വേണ്ടി സേവനം നടത്തിയ ആളെ സർക്കാർ തള്ളിപ്പറയുകയും ആനുകൂല്യങ്ങൾ നിഷേധിക്കുകയുമാണ് ചെയ്യുന്നതെന്നും പരാതിക്കാരന്‍റെ അഭിഭാഷകൻ വാദിച്ചു. പ്രത്യേക സാഹചര്യങ്ങളുള്ള കേസ് പരാതിക്കാരന് 10 ലക്ഷം രൂപ നൽകി അവസാനിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.
തുക നൽകാൻ നിർദേശിക്കുക വഴി ചാരവൃത്തിയുടെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിന് മേൽ വരുമെന്ന് സർക്കാർ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. സാമ്പത്തിക ഉത്തരവാദിത്തം പരിഹരിക്കുന്നതിനപ്പുറമുള്ള കാര്യങ്ങളിൽ കോടതി നിരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.