ചെന്നൈ: ടി.ടി.വി. ദിനകരൻ പക്ഷത്തെ 18 എം.എൽ.എമാർക്ക് അയോഗ്യത കൽപിച്ച തമിഴ്നാട് നിയമസഭ സ്പീക്കറുടെ നടപടി മദ്രാസ് ഹൈകോടതി ശരിവെച്ചു. സ്പീക്കറുടെ നടപടി ചോദ്യംചെയ്ത എം.എൽ.എമാരുടെ ഹരജി തള്ളിയ ഹൈകോടതി 18 നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്താൻ തടസ്സമില്ലെന്നും വ്യക്തമാക്കി. നിയമസഭയിൽ വിശ്വാസ വോെട്ടടുപ്പ് നടത്താൻ നേരേത്ത പുറപ്പെടുവിച്ച വിലക്കും നീക്കി. സ്പീക്കറുടെ അധികാരത്തിൽ ഇടപെടാനാവില്ലെന്നും തീരുമാനം നിയമവിരുദ്ധമല്ലെന്നും ജസ്റ്റിസ് എം. സത്യനാരായണൻ വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. കോടതിവിധി എടപ്പാടി പളനിസാമി സർക്കാറിന് താൽക്കാലിക ആശ്വാസവും ദിനകരൻപക്ഷത്തിന് തിരിച്ചടിയുമായി.
ജൂൺ 14ന് ജഡ്ജിമാർ ഭിന്നവിധി പുറപ്പെടുവിച്ചതോടെ അന്തിമവിധിക്കായി കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു. മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചേപ്പാൾ ജസ്റ്റിസ് എം. സുന്ദർ വിയോജിക്കുകയായിരുന്നു. തുടർന്നാണ് സുപ്രീംകോടതി നിർദേശപ്രകാരം ജസ്റ്റിസ് എം. സത്യനാരായണൻ കേസിൽ വാദംകേട്ടത്.
ശശികല, ദിനകരൻ എന്നിവരെ അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് 18 എം.എൽ.എമാർ 2017 ആഗസ്റ്റിൽ അന്നത്തെ ഗവർണർ വിദ്യാസാഗർ റാവുവിനെ സന്ദർശിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ വിശ്വാസം നഷ്ടപ്പെട്ടതായും പിന്തുണ പിൻവലിക്കുന്നതായും കത്ത് നൽകിയത്. ഇതോടെ അണ്ണാ ഡി.എം.കെ ചീഫ് വിപ്പ് എസ്. രാജേന്ദ്രൻ ഇവർ പാർട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചതായി ആരോപിച്ച് സ്പീക്കർക്ക് പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് 2017 സെപ്റ്റംബർ 18ന് സ്പീക്കർ അയോഗ്യത കൽപിച്ചത്.
കോടതിവിധി പ്രതികൂലമായിരുന്നുവെങ്കിൽ എടപ്പാടി സർക്കാറിെൻറ നിലനിൽപ് അപകടത്തിലാവുമായിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാറിനു മുന്നിലെ ഭീഷണി തൽക്കാലം ഒഴിവായി. നിലവിലെ 214 അംഗങ്ങളിൽ കേവല ഭൂരിപക്ഷത്തിന് 108 സീറ്റ് മതി. അണ്ണാ ഡി.എം.കെക്ക് ഇപ്പോൾ സ്പീക്കറെ കൂടാതെ 109 അംഗങ്ങളുണ്ട്. ഇവരിൽ സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ആറു എം.എൽ.എമാർക്കും പാർട്ടി വിപ്പ് അനുസരിക്കേണ്ടിവരും.
അതേസമയം, തന്നോടൊപ്പമുണ്ടായിരുന്ന 18 എം.എൽ.എമാരുടെ പദവി നഷ്ടപ്പെട്ടത് ദിനകരന് തിരിച്ചടിയായി. ബംഗളൂരു ജയിലിൽ കഴിയുന്ന ശശികലയോടും ടി.ടി.വി. ദിനകരനടക്കം നേതാക്കളുമായും കൂടിയാലോചിച്ച് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വിമത നേതാവ് തങ്കതമിഴ്ശെൽവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.