ഷിരൂർ: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ 11-ാം ദിവസത്തിലേക്ക്. രാവിലെ പ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ട്. ഗംഗാവാലി പുഴയിൽ അഴിയൊഴുക്കും ശക്തമാണ്. ഈ സാഹചര്യത്തിൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡൈവർമാർ പുഴയിൽ ഇറങ്ങൂവെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, മന്ത്രിമാരായ എ.കെ. ശശീന്ദ്രനും മുഹമ്മദ് റിയാസും ഇന്ന് ഉച്ചക്ക് അപകട സ്ഥലമായ ഷിരൂരിലെത്തും. സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്നു ദിവസത്തേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചക്കുശേഷം നടന്ന തിരച്ചിലിലാണ് അർജുൻ ഉണ്ടെന്ന് കരുതുന്ന ട്രക്കിനെക്കുറിച്ച് ഏതാനും വിവരങ്ങൾ ലഭിച്ചത്. റോഡരികിൽനിന്നും 50 മീറ്റർ ദൂരത്താണ് ട്രക്ക് ഉള്ളത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ച് മീറ്റർ ആഴത്തിലാണിത്. ട്രക്കിന്റെ നീളവും കൂടി കണക്കിലെടുത്താൽ, നിലംതൊട്ട് നിൽക്കുകയാണെങ്കിൽ 10 മീറ്റർ ആഴത്തിലാണ് ട്രക്കുള്ളതെന്നാണ് കരുതുന്നത്.
നാനൂറോളം മരക്കഷണങ്ങൾ കെട്ടിവെച്ചതാണ് അർജുന്റെ ട്രക്ക് എന്ന് മനസ്സിലായിട്ടുണ്ട്. ഇവ അതേപോലെ തന്നെയായിരുന്നെങ്കിൽ ട്രക്ക് വെള്ളത്തിനടിയിൽതന്നെ കിടക്കുമായിരുന്നു. എന്നാൽ, ഇന്നലെ നടത്തിയ പരിശോധനയിൽ ഇതിന്റെ കെട്ടഴിഞ്ഞ് മരക്കഷണങ്ങൾ ഒഴുകിയതായി കാണാൻ കഴിഞ്ഞു.
ട്രക്കിന്റെ കാബിനകത്ത് അർജുൻ ഉണ്ടായിരുന്നോ എന്നതാണ് രക്ഷാപ്രവർത്തകരെ കുഴക്കുന്ന പ്രതിസന്ധി. അപകടം നടക്കുമ്പോൾ അദ്ദേഹം അതിലുണ്ടായിരുന്നു എന്നതിന് തെളിവുകളില്ല. കാബിനകത്ത് അദ്ദേഹം ഉണ്ടോയെന്നറിയാൻ തെർമൽ ഇമേജിങ് നടത്തിയിരുന്നു.
തെർമൽ ഇമേജിങ് നടത്തുമ്പോൾ ശരീരം അതിനകത്തുണ്ടെങ്കിൽ അതിന്റെ താപം അറിയാൻ കഴിയും. എന്നാൽ, ഇതുവരെ അത്തരമൊരു വിവരം രക്ഷാപ്രവർത്തകർക്ക് കിട്ടിയിട്ടില്ല. അഥവാ അർജുൻ കാബിനകത്തുണ്ടെങ്കിൽ എങ്ങനെ പുറത്തേക്കെടുക്കും എന്നതും പ്രധാന പ്രതിസന്ധിയാണ്. ഇക്കാര്യത്തിൽ ഉന്നതതല ആലോചന നടത്തി തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.