ധാതുസമ്പത്തിലെ വിധി: തീർപ്പായത് അരനൂറ്റാണ്ടിലേറെ നീണ്ട തർക്കം

ന്യൂഡൽഹി: ധാതു സമ്പത്തിൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താമെന്ന സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോടെ വിരാമമാകുന്നത് അരനൂറ്റാണ്ടിലേറെ നീണ്ട തർക്കങ്ങൾക്ക്. ഇന്ത്യ സിമന്റ് ലിമിറ്റഡും തമിഴ്നാട് സർക്കാറുമായുള്ള തർക്കമാണ് സങ്കീർണമായ നിയമവ്യവഹാരങ്ങളിലേക്ക് നീങ്ങിയത്.

1963ലാണ് തമിഴ്‌നാട് സർക്കാർ ഇന്ത്യ സിമൻറ്‌ ലിമിറ്റഡിന് ചുണ്ണാമ്പുകല്ല് ഖനനം ചെയ്യുന്നതിന് ലൈസൻസ് നൽകിയത്. ഖനി നിയമപ്രകാരം റോയൽറ്റി തുകയും നിശ്ചയിച്ചു. അതേ സമയം, മദ്രാസ് പഞ്ചായത്ത് ആക്ടിലെ സെക്ഷൻ 115 (1) പ്രകാരം, സർക്കാറിന് നൽകുന്ന റോയൽറ്റിക്കുമേൽ പഞ്ചായത്തുകളിൽ പ്രാദേശിക സെസ് ഈടാക്കി.

റോയൽറ്റിയിൽ സെസ് ഈടാക്കാനുള്ള നിയമനിർമാണത്തിന് തമിഴ്‌നാട് സർക്കാറിന് അധികാരമില്ലെന്ന് വാദിച്ച് ഇന്ത്യ സിമൻറ് മദ്രാസ് ഹൈകോടതിയെ സമീപിച്ചു. എന്നാൽ, തങ്ങളുടെ അധികാര പരിധിയിലുള്ള ഭൂമിക്ക് ഈടാക്കുന്ന നിരക്കാണ് സെസ് എന്ന് വ്യക്തമാക്കി ഹൈകോടതി സംസ്ഥാനത്തിന് അനുകൂലമായി വിധിച്ചു.

ഇതിനെതിരെ ഇന്ത്യ സിമൻറ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. റോയൽറ്റി നികുതിയാണെന്നും അതിനാൽ റോയൽറ്റിക്കുമേലുള്ള സെസ് സംസ്ഥാനത്തിന്റെ അധികാരത്തിന് പുറത്താണെന്നും 1989ൽ ഏഴംഗ ബെഞ്ച് വിധിച്ചു. ഖനി നിയമപ്രകാരം നികുതി ചുമത്താനുള്ള അവകാശം കേന്ദ്രത്തിനാണെന്നും ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് റോയൽറ്റി ചുമത്താമെങ്കിലും മറ്റ് നികുതികൾ ഈടാക്കാൻ അധികാരമില്ല.

2004ൽ, ഖനനത്തിന് സെസ് ചുമത്തുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളും കേശോറാം ഇൻഡസ്ട്രീസ് ലിമിറ്റഡും തമ്മിലുള്ള കേസിൽ, ഇന്ത്യ സിമൻറ്സ് വിധിയിലെ ടൈപ്പിങ് പിശക് സുപ്രീംകോടതി അംഗീകരിച്ചു. റോയൽറ്റികൾ നികുതികളല്ലെന്നും ഉടമസ്ഥനും പാട്ടക്കാരും തമ്മിലുള്ള കരാർ തുകയാണെന്നും അഞ്ചംഗ ബെഞ്ച് വിധിച്ചു. ‘റോയൽറ്റി നികുതിയാണ്’ എന്ന വാചകം ‘റോയൽറ്റിയുടെ മേലുള്ള സെസ് നികുതിയാണ്’ എന്ന് വായിക്കണമെന്നും കോടതി അന്ന് വ്യക്തമാക്കി.

തുടർന്നുള്ള വർഷങ്ങളിൽ 86 ഹരജികളാണ് സുപ്രീംകോടതിയിലെത്തിയത്. ഇന്ത്യ സിമൻറ് വിഷയം ഏഴംഗ ബെഞ്ച് കൈകാര്യം ചെയ്തതിനാൽ, റോയൽറ്റി നികുതിയാണോ അതോ ഇന്ത്യ സിമൻറ് കേസ് വിധിയിൽ പിഴവുണ്ടോ എന്ന് തീരുമാനിക്കാൻ വിഷയം ഒമ്പതംഗ ബെഞ്ചിന് വിടുകയായിരുന്നു.

Tags:    
News Summary - supreme court judgement on mines and minerals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.