182 സീറ്റുകളിൽ നിന്ന് ഗുജറാത്ത് അസംബ്ളിയിലെത്തിയത് 13 സ്ത്രീകൾ

ന്യൂഡൽഹി: സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും എല്ലാ രാഷ്ട്രീയ പാർട്ടികളും നെടുനെടുങ്കൻ പ്രസംഗങ്ങൾ നടത്തുന്ന സമയമാണ് തെരഞ്ഞെടുപ്പുകൾ. പക്ഷെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോൾ രാ,്ട്രീയ പാർട്ടികളും നേതക്കളും ഇതെല്ലാം മറക്കുന്നു. 

ദേശീയ രാഷ്ട്രീയം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഗുജറാത്ത് തെരഞ്ഞടുപ്പിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് കണക്കുകൾ തെളിയിക്കുന്നു. സംസ്ഥാനത്ത് ആകെ മത്സരിച്ച 1834 സ്ഥാനാർഥികളിൽ 122 പേർ മാത്രമായിരുന്നു സ്ത്രീകൾ. അതായത് ഏഴു ശതമാനം മാത്രം. ഇതിൽ തന്നെ സംസ്ഥാനത്തെ പ്രധാന പാർട്ടികളായ കോൺഗ്രസും ബി.ജെ.പിയും ചേർന്ന് മത്സരിപ്പിച്ചത് 22 പേർ. ബി.ജെ.പി 12 സ്ത്രീകൾക്ക് ടിക്കറ്റ് നൽകിയപ്പോൾ കോൺഗ്രസ് നൽകിയത് 10 പേർക്ക്. അതിൽ നിന്നും വിജയിച്ചത് 13 പേർ. കഴിവുതെളിയിച്ച സ്ത്രീകൾ ഇല്ലാത്തതുകൊണ്ടാണ് ടിക്കറ്റ് നൽകാത്തതെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വാദം. ഇത് ശരിയാണോ എന്ന് നോക്കാം. 

കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇടപെടുന്ന സുരേഷ് ഭക്തി ഫൗണ്ടേഷന്‍റെ ചുമതല വഹിക്കുന്ന രശ്മി ബഹുഗു‍ണയുടെ കാര്യമെടുക്കാം. സാമൂഹ്യപ്രവർത്തനങ്ങളിൽ തൽപരയായ രശ്മി തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ലഭിക്കുന്നതിനായി കോൺഗ്രസിനേയും ബി.ജെ.പിയേയും സമീപിച്ചു. 

അമിത്ഷായുടെ വീട്ടിൽ പലതവണ ഞാൻ പോയി. പി.എ പിറ്റേന്ന് വരാനാവശ്യപ്പെട്ടു. പിന്നെയും പോയി. പക്ഷെ കാണാൻ കഴിഞ്ഞില്ല. കോൺഗ്രസ് പാർട്ടിക്ക് പലതവണ ഇമെയിലുകൽ അയച്ചു. ഒരു പ്രതികരണവുമുണ്ടായില്ല^ രശ്മി പറഞ്ഞു

പുകയിലെക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുകയും പാവപ്പെട്ട കുട്ടികൾക്ക്  ഭക്ഷണം നൽകുകയുമാണ് രശ്മി ബഹുഗുണയുടെ ഫൗണ്ടേഷൻ ചെയ്തുകൊണ്ടിരിക്കുന്നത്. നേതാക്കൾ പറയുന്ന സ്ത്രീ ശാക്തീകരണത്തിൽ സ്ത്രീ പ്രാതിനിധ്യം ഉൾപ്പെടില്ലേ എന്നാണ് രശ്മി ഉന്നയിക്കുന്ന ചോദ്യം. 

47.80 ശതമാനം വനിതകൾ വോട്ടർമാരായുള്ള സംസ്ഥാനത്ത് രണ്ടു പ്രധാന പാർട്ടികൾ മുന്നോട്ടുവെച്ചത് വെറും 1.19 ശതമാനം വനിത സ്ഥാനാർഥികളെ മാത്രമാണെന്ന്ത് വിരോധാഭാസമായി തോന്നാം. എല്ലായ്പോഴും സ്ത്രീകളുടെ വോട്ട് തേടുന്ന നേതാക്കൾ അവരെ അധികാരത്തിലെത്തിക്കുന്ന കാര്യമെത്തുമ്പോൾ പിന്നോട്ടടിക്കുകയാണ്. ഭാരത് മാതയെക്കുറിച്ചും ഗംഗാമാതായെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവർ തെരഞ്ഞെടുപ്പ് എത്തുമ്പോൾ അക്കാര്യമെല്ലാം മറക്കുന്നു.

യഥാർഥത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതകളുടെ വിജയശതമാനം പുരുഷന്മാരേക്കാൾ ഏറെ മുന്നിലാണ് എന്നതാണ് വാസ്തവം. 2012ൽ ബി.ജെ.പി 20 വനിതകൾക്കാണ് ടിക്കറ്റ് നൽകിയത്. ഇതിൽ 13 പേരും വിജയിച്ചു. അതേ വർഷം ആനന്ദി ബെൻ പട്ടേൽ 175,000 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം നേടിയെടുക്കുകയും ചെയ്തു. ഈ വർഷം ബി.ജെ.പിയും കോൺഗ്രസും നിർത്തിയ 22 വനിതകളിൽ 13 പേരും വിജയിച്ചു. അതായത് ശതമാനക്കണക്കിൽ പറയുകയാണെങ്കിൽ വനിത സ്ഥാനാർഥികൾക്ക് ലഭിച്ചത് 59 ശതമാനം വിജയമാണ്. 

പാർലമെന്‍റിൽ വനിതാസംവരണ ബിൽ പാസ്സാക്കാനുള്ള സമയം അതിക്രമിച്ചു എന്നാണ് ഇക്കാര്യങ്ങളിലൂടെ വെളിവാകുന്നതെന്ന് സ്ത്രീകൾ തന്നെ പറയുന്നു.

Tags:    
News Summary - In 182 Seat Gujarat Assembly, Only 13 Members Are Women-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.