രാഷ്ട്രീയത്തിലും അധികാരത്തിലും ഭരണനിർവഹണത്തിലും സ്വന്തം സിദ്ധിയും സാധനയും കൊണ്ട് മികവു തെളിയിച്ചൊരു നേതാവിനെയാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ മരണത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. അധികാരത്തിലിരുന്ന നാളുകളിൽ അപവാദം കൊണ്ടു മൂടിയവർപോലും വാഴ്ത്തുപാട്ടുകാരായി മാറുന്നത് കണ്ടാണ് സജീവരാഷ്ട്രീയത്തിൽനിന്നും വൈകാതെ ജീവിതത്തിൽനിന്നും ഡോ. സിങ് വിരമിച്ചത്. വാചകമടിക്കാരായ കക്ഷിരാഷ്ട്രീയക്കാരിൽനിന്ന് മാറി ഉന്നതവിദ്യാഭ്യാസത്തിൽനിന്നും ഉന്നത ഔദ്യോഗികജീവിതത്തിൽനിന്നും ആർജിച്ചെടുത്ത ഭരണവൈദഗ്ധ്യത്തിലൂടെ അധികാരത്തിന് പുതിയ രൂപവും ഭാവവും കൊണ്ടുവന്ന രാജ്യതന്ത്രജ്ഞനായിരുന്നു അദ്ദേഹം. 1991ൽ നരസിംഹറാവു സർക്കാറിൽ ധനമന്ത്രിയായ മൻമോഹൻ പാർലമെന്‍റിൽ ചെയ്ത ആദ്യപ്രസംഗം ഫ്രഞ്ച് എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ വിക്ടർ യൂഗോയുടെ വാക്കുകൾ ഏറ്റുചൊല്ലിയായിരുന്നു. സമയമെത്തിക്കഴിഞ്ഞ ഒരു ആശയത്തെ തടുത്തുനിർത്താൻ ഭൂമിയിൽ ഒരു ശക്തിക്കും സാധ്യമല്ല എന്ന ആ യൂഗോ ചൊല്ലുമായി തുടങ്ങിയ അദ്ദേഹം സാമ്പത്തികമായി തകർച്ചയിലേക്ക് കൂപ്പുകുത്താനിരുന്ന രാജ്യത്തിന് ഉദാരീകരണ സാമ്പത്തിക പരിഷ്കരണങ്ങളുടെ ചികിത്സ വിധിച്ചു. ഇന്ത്യ അന്നോളം പറഞ്ഞും പകർത്തിയും പോന്ന സോഷ്യലിസത്തിൻ പാതയിൽനിന്ന് രാജ്യത്തെ ഉദാരീകരണത്തിന്‍റെ പുത്തൻ സാമ്പത്തിക നയപരിപാടികളിലേക്ക് കൊണ്ടുപോയ നരസിംഹറാവു ഗവൺമെന്‍റിൽ പാരമ്പര്യത്തെ അടിമുടി പൊളിച്ചെഴുതി മൻമോഹൻ സിങ് പുത്തൻ പരിഷ്കരണങ്ങളുടെ ശിൽപിയായി. സോഷ്യലിസത്തിന്റെ പാതയിൽനിന്ന് രാജ്യത്തെ കുത്തക മുതലാളിത്തത്തിന്‍റെ ആഗോളീകരണവഴിയിൽ കൊണ്ടുചെന്നു കെട്ടിയയാൾ എന്ന ആക്ഷേപത്തിന് സിങ്ങും കോൺഗ്രസ് സർക്കാറും ശരവ്യമായി. അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും തീട്ടൂരങ്ങൾക്ക് വഴങ്ങിയുള്ള വായ്പയെടുപ്പ് മുതൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യമേഖലക്ക് തീറെഴുതിയതും ഇന്ത്യൻ വിപണി വിദേശനിക്ഷേപത്തിന് മലർക്കെ തുറന്നുകൊടുത്തതുമൊക്കെ നമ്മുടെ പതിവുശീലങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നു മാത്രമല്ല, ക്ഷേമഭരണസങ്കൽപത്തെ കീഴ്മേൽ മറിക്കുന്നതു കൂടിയായിരുന്നു. മുതലാളിത്തത്തിലേക്കുള്ള ഉടുത്തൊരുങ്ങാത്ത ഈ മാറ്റം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചതോടെ പുത്തൻ സാമ്പത്തിക പരിഷ്കരണങ്ങൾക്കെതിരെ രാജ്യവ്യാപകമായ എതിർപ്പുണ്ടായി. അപ്പോഴും തകർന്നു തുടങ്ങിയ രാജ്യത്തിന് മുന്നിൽ മറ്റുവഴികളില്ലെന്ന തീർപ്പിൽ മൻമോഹൻ സിങ് ഉറച്ചുനിന്നു. 1996ൽ നരസിംഹറാവു സർക്കാർ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതു കൂടിയായിരുന്നു.
എന്നാൽ, തുടർന്നു മാറിവന്ന ഭരണകൂടങ്ങൾക്കൊന്നും പുത്തൻ സാമ്പത്തിക പരിഷ്കരണങ്ങളെ തള്ളാനോ പുതിയ ബദൽ കൊള്ളാനോ കഴിഞ്ഞതുമില്ല. ഈ സാമ്പത്തിക നയപരിപാടികളുടെ കടുത്ത വിരോധികളായിരുന്ന ഇടതുപക്ഷം ഭരണത്തിലിരുന്ന സംസ്ഥാനങ്ങളിലടക്കം മൻമോഹൻ സിങ് തെളിച്ച വഴിയിലൂടെയായിരുന്നു സർക്കാറുകളുടെ സഞ്ചാരം. അതൊക്കെ മനസ്സിൽവെച്ചു തന്നെയാവണം മാധ്യമങ്ങളോ രാഷ്ട്രീയ പ്രതിയോഗികളോ എന്തു പ്രചരിപ്പിച്ചാലും ചരിത്രം നന്ദിപൂർവമായിരിക്കും തന്നെ ഓർക്കുക എന്ന് ഒടുവിൽ ഡോ. സിങ് പറഞ്ഞുവെച്ചത്. ലോകത്തെ ഏറ്റവും വിവരവും വൈദഗ്ധ്യവുമുള്ള ഭരണാധികാരി എന്നു പേരെടുത്ത അദ്ദേഹത്തിന്‍റെ പരിഷ്കരണപാതയിൽനിന്ന് മാറിയൊരു വഴി പിന്നീട് ആരും കണ്ടുപിടിച്ചിട്ടില്ല. ലോകോത്തര കലാശാലകളിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായി അക്കാദമിക രംഗത്തും പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേഷ്ടാവ്, റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണകമീഷൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ ഭരണനിർവഹണ രംഗത്തും മികവ് തെളിയിച്ച മൻമോഹൻ സിങ് പിന്നീട് പ്രധാനമന്ത്രി സ്ഥാനത്ത് നിയുക്തനായതോടെ തന്‍റെ പരിഷ്കരണങ്ങൾ കൂടുതൽ ത്വരിതഗതിയിൽ മുന്നോട്ടു കൊണ്ടുപോയി. അക്കാലയളവിലാണ് 2007ൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ചനിരക്ക് എക്കാലത്തെയും മികച്ച ഒമ്പതു ശതമാനത്തിലെത്തിയതും അതിദ്രുതം വളരുന്ന ലോകത്തെ പ്രമുഖ സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യ രണ്ടാം സ്ഥാനം പിടിച്ചതും.
അതുകൊണ്ടുതന്നെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സാമ്പത്തികവളർച്ചയും വികസനവുമായിരുന്നു മൻമോഹണോമിക്സിന്‍റെ സവിശേഷത. സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുകയും വിദേശനിക്ഷേപത്തിന് ഇന്ത്യൻ വിപണി തുറന്നുകൊടുക്കുകയും ചെയ്ത മൻമോഹൻതന്നെയാണ് മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും മറ്റു സാമൂഹിക സുരക്ഷിതത്വ പദ്ധതികളും ആവിഷ്കരിച്ചത്. 14 കോടിയോളം ജനങ്ങളെ ദാരിദ്ര്യരേഖക്ക് മുകളിലെത്തിക്കാൻ ഈ സംവിധാനങ്ങളിലൂടെ കഴിഞ്ഞെന്നാണ് കണക്ക്. ഭരണരംഗത്ത് സുതാര്യതയും വിശ്വാസ്യതയും വളർത്തുന്നതിന്റെ ഭാഗമായി വിവരാവകാശ നിയമം കൊണ്ടുവന്നു. വിദ്യാഭ്യാസ അവകാശനിയമം, ആധാർ കാർഡ്, റൂപേ കാർഡ് തുടങ്ങിയ പരിഷ്കരണങ്ങളും മൻമോഹൻസിങ് നടപ്പിലാക്കി. രാജ്യം വികസനത്തിലേക്ക് കുതിക്കണമെങ്കിൽ സാമൂഹിക പുരോഗതി സർവതലസ്പർശിയാകണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. രാജ്യത്തെ ദലിതർ, പിന്നാക്കവിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരെ ഉദ്ധരിക്കുന്നതിനുവേണ്ടിയുള്ള പരിപാടികൾകൂടി നടപ്പാക്കിയാലേ വികസനം സാധ്യമാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങൾകൂടി വികസനഫലങ്ങൾ അനുഭവിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് രാഷ്ട്രത്തിന്‍റെ വികസനത്തിനും പുരോഗതിക്കും ആവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് രജിന്ദർ സച്ചാറിനെ മൻമോഹൻ സർക്കാർ നിയോഗിച്ചത് ഈ കാഴ്ചപ്പാടിലായിരുന്നു.
രാജ്യത്തെ വിദേശനയവും മൻമോഹൻലൈനിൽ തിരുത്തിയെഴുതിയതിന്‍റെ ഭാഗമായിരുന്നു ഇന്ത്യ-അമേരിക്ക ആണവകരാർ. ചേരിചേരാനയത്തിൽനിന്ന് ഇന്ത്യ പ്രകടമായി അമേരിക്കൻപക്ഷം പിടിക്കാനുള്ള തീരുമാനത്തിനെതിരെ യു.പി.എ സർക്കാറിനെ പുറത്തുനിന്നു പിന്താങ്ങിയിരുന്ന ഇടതുപക്ഷം പിന്തുണ പിൻവലിച്ചു. എന്നാൽ, ദീർഘദൂര രാഷ്ട്രതാൽപര്യം ചൂണ്ടി മൻമോഹൻ വഴങ്ങിയില്ല. ആണവകരാറിന്‍റെ പേരിൽ നേരിട്ട വിശ്വാസവോട്ടെടുപ്പിൽ വിജയിച്ച അദ്ദേഹം രാഷ്ട്രീയ കരുനീക്കങ്ങൾക്കും തനിക്ക് പ്രാപ്തിയുണ്ടെന്ന് തെളിയിച്ചു. സംശുദ്ധരാഷ്ട്രീയത്തിന്റെ പേരിൽ വാഴ്ത്തപ്പെടുമ്പോഴും അധികാരത്തിൽനിന്ന് അദ്ദേഹത്തെ പുറന്തള്ളിയത് സർക്കാറിനെതിരായ അഴിമതിയാരോപണങ്ങളായിരുന്നു. മൻമോഹൻ സിങ്ങിന്‍റെ പേരിൽതന്നെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ ആരോപണമുയർന്നെങ്കിലും പതിറ്റാണ്ടു പിറകെ അത് വ്യാജമെന്ന് തെളിഞ്ഞു. മൻമോഹനുശേഷം വന്ന മോദി ഭരണത്തിന്‍റെ ദയനീയ പ്രകടനം മൻമോഹൻ പരിഷ്കരണങ്ങളെ കൂടുതൽ പ്രസക്തമാക്കുകയും ചെയ്തു. ക്രാന്തദർശിയും സാമൂഹിക പ്രതിബദ്ധനുമായ ഭരണാധികാരിയായി മൻമോഹൻസിങ് ഇന്ത്യ ചരിത്രത്തിൽ അമരത്വം നേടും എന്നതിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.