ന്യൂഡൽഹി: ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിലുള്ള ദുഃഖാചരണത്തിലാണ് രാജ്യം. മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹനുമൊത്തുള്ള ഓർമ്മകൾ പ്രമുഖർ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. 15 വർഷം മുമ്പ് മൻമോഹനെ ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയ ഡോക്ടറുടെ അനുഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
2009ൽ ഡൽഹി എയിംസിൽവെച്ച് കൊറോണറി ബൈപാസ് ശസ്ത്രക്രിയയ്ക്ക് മൻമോഹൻ വിധേയനായിരുന്നു. സീനിയർ കാർഡിയാക് സർജൻ ഡോ. രമാകാന്ത് പാണ്ഡയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. 10 മുതൽ 11 മണിക്കൂർ വരെ നീണ്ട ശസ്ത്രക്രിയക്ക് ശേഷം കണ്ണു തുറന്ന മൻമോഹൻ സിങ്, ആദ്യം അന്വേഷിച്ചത് സ്വന്തം ആരോഗ്യത്തെക്കുറിച്ചായിരുന്നില്ലെന്ന് ഡോ. രമാകാന്ത് പാണ്ഡ എൻ.ഡി.ടി.വിയോട് പറഞ്ഞു.
അദ്ദേഹം ആദ്യം ചോദിച്ചത് ‘എന്‍റെ രാജ്യം എങ്ങനെയുണ്ട്? കശ്മീർ എങ്ങനെയുണ്ട്’ എന്നായിരുന്നു അദ്ദേഹം അന്വേഷിച്ചതെന്ന് ഡോക്ടർ വെളിപ്പെടുത്തി. ശസ്ത്രക്രിയയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. രാജ്യത്തെക്കുറിച്ചാണ് എനിക്ക് കൂടുതൽ ആശങ്ക -എന്നും മൻമോഹൻ പറഞ്ഞെന്ന് ഡോക്ടർ പറയുന്നു. സാധാരണ ഇത്തരം ശസ്ത്രക്രിയകൾക്ക് ശേഷം രോഗികൾ പലപ്പോഴും നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെടാറുണ്ട്. എന്നാൽ, അദ്ദേഹം ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ല -ഡോക്ടർ പറഞ്ഞു.
ഡോ. മൻമോഹൻ സിങ്ങിന്‍റെ സംസ്കാരം നാളെ 11.45ന് പൂർണ ദേശീയ ബഹുമതികളോടെ നിഗംബോധ് ഘട്ടിൽ നടക്കും. രാവിലെ എട്ടിന് എ.ഐ.സി.സി ആസ്ഥാനത്ത് എത്തിക്കും. പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് നിഗംബോധ് ഘട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.