ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. മൻമോഹന്‍റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് സോണിയ അനുശോചിച്ചു.
തനിക്ക് സുഹൃത്തും തത്വചിന്തകനും വഴികാട്ടിയുമായിരുന്നു. ജ്ഞാനത്തിന്‍റെയും വിനയത്തിന്‍റെയും പ്രതിരൂപവും പൂർണമനസ്സോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത നേതാവിനെയാണ് പാർട്ടിക്ക് നഷ്ടമായത്. അദ്ദേഹത്തിന്‍റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിച്ചെന്നും സോണിയ പറഞ്ഞു.
സാമൂഹിക നീതി, മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയോടുള്ള മൻമോഹൻ സിങ്ങിന്‍റെ പ്രതിബദ്ധത ആഴമേറിയതും അചഞ്ചലവുമായിരുന്നു. അദ്ദേഹത്തെ പോലൊരു നേതാവ് ഉണ്ടായതിൽ കോൺഗ്രസും രാജ്യത്തെ ജനങ്ങളും എന്നെന്നും അഭിമാനിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ മില്ലകാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി പ്രവർത്തക സമിതി യോഗം മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യത്തെ മാറ്റിമറിച്ചതായി അനുശോചന പ്രമേയത്തിൽ കോൺഗ്രസ് അഭിപ്രായപ്പെട്ടു. മൻമോഹൻ സിങ്ങിന്റെ ജീവിതവും പ്രവർത്തനവും ഇന്ത്യയുടെ ഭാഗധേയത്തെ ആഴത്തിൽ രൂപപ്പെടുത്തിയെന്നും പ്രവർത്തക സമിതി അനുശോചിച്ചു.
സമാനതകളില്ലാത്ത ദീർഘവീക്ഷണത്തോടെ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക മാത്രമല്ല, ആഗോള വിപണികളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളുടെ പരമ്പര തന്നെ മൻമോഹൻ സിങ് തുടങ്ങിയത് കോൺഗ്രസ് അനുസ്മരിച്ചു. രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ ജയറാം രമേഷ്, കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എ.ഐ.സി.സി ആസ്ഥാനത്ത് അനുശോചന യോഗം ചേർന്നത്.
ശനിയാഴ്ച രാവിലെ എട്ടിന് മൃതദേഹം എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് രാവിലെ എട്ടര മുതൽ ഒമ്പതര വരെ കോൺഗ്രസ് ആസ്ഥാനത്തും പൊതുദർശനത്തിന് വെക്കും. സംസ്കാര ചടങ്ങുകൾ 11.45ന് പൂർണ ദേശീയ ബഹുമതികളോടെ നിഗംബോധ് ഘട്ടിൽ നടക്കും.
മന്‍മോഹന്‍ സിങ് ഡല്‍ഹി എയിംസില്‍ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹത്തെ ശ്വാസകോശ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1991 മുതല്‍ 1996 വരെ നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ പരിഷ്‌കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗത പാതയില്‍നിന്ന് വഴിമാറ്റിയത്. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിപദം വഹിച്ച മന്‍മോഹന്‍ സിങ്, സിഖ് സമുദായത്തില്‍നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.