വാഷിങ്ടൺ: 1984ലെ സിഖ് വിരുദ്ധ കലാപം ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട വർഷങ്ങളിലൊന്നാണെന്ന് യു.എസ് സെനറ്റർ പാറ്റ് ടൂമി. സിഖുകാർക്കെതിരെ നടന്ന അതിക്രമങ്ങൾ അതിന്‍റെ ഉത്തരവാദികൾ ഓർക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.
1984 ഒക്ടോബർ 31ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകർ കൊലപ്പെടുത്തിയതിന് പിന്നാലെ ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വലിയ അക്രമങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയിലുടനീളം അന്ന് 3,000ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ കൂടുതലും റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്.
"ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട വർഷങ്ങളിലൊന്നാണ് 1984. ഇന്ത്യയിലെ വംശീയ വിഭാഗങ്ങൾക്കിടയിൽ സിഖ് സമൂഹത്തെ ലക്ഷ്യംവെച്ച് അക്രമസംഭവങ്ങൾ പൊട്ടിപുറപ്പെടുന്നത് ലോകം നിരീക്ഷിച്ചു. പഞ്ചാബ് പ്രവിശ്യയിലെ സിഖുകാരും കേന്ദ്ര സർക്കാരും തമ്മിൽ പതിറ്റാണ്ടുകളായി നിലനിന്ന വംശീയ സംഘർഷത്തിന് ശേഷം 1984 നവംബർ ഒന്നിന് ആരംഭിച്ച ദുരന്തത്തെ ഇന്ന് ഞങ്ങൾ ഓർക്കുന്നു. ഇത്തരം കേസുകളിൽ ഔദ്യോഗിക കണക്കുകളും യഥാർഥ കഥകളും മുഴുവനായി പുറത്ത് വരാറില്ല. ഇന്ത്യയിലുടനീളം 30,000ത്തിലധികം സിഖ് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ബോധപൂർവം ലക്ഷ്യം വെക്കുകയും ബലാത്സംഗം ചെയ്തെന്നുമാണ് കണക്കാക്കപ്പെടുന്നത്"- ടൂമി പറഞ്ഞു.
ഭാവിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിന്, അവരുടെ മുൻകാല രൂപങ്ങൾ നാം തിരിച്ചറിയേണ്ടതുണ്ട്. സിഖുകാർക്കെതിരെ നടന്ന അതിക്രമങ്ങൾ നാം ഓർക്കണം. അതിലൂടെ സിഖുകാരുൾപ്പടെ ലോകമെമ്പാടുമുള്ള മറ്റ് സമുദായങ്ങൾക്കെതിരെയുള്ള ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനിരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഖ് മതത്തിന്‍റെ ഏകദേശം 600 വർഷം നീണ്ടുനിൽക്കുന്ന ചരിത്രം ഇന്ത്യയിലെ പഞ്ചാബ് മേഖലയിലേക്കാണ് നയിക്കുന്നത്. ആഗോളതലത്തിൽ ഏകദേശം 30 ദശലക്ഷം അനുയായികളും യു.എസിൽ 700,000 ആളുകളുമുള്ള സിഖ് മതം ലോകത്തിലെ പ്രധാന മതങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.