കാത്തിരിപ്പ് നിഷ്ഫലം; വിധി വേദനിപ്പിക്കുന്നു –അര്‍പുതമ്മാള്‍

കോഴിക്കോട്: ഏറെ നാളായുള്ള കാത്തിരിപ്പ് വ്യര്‍ഥമാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്‍െറ വിധി വന്നതെന്ന് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍െറ അമ്മ അര്‍പുതമ്മാള്‍. ഏറെ പ്രതീക്ഷയുണ്ടായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചപ്പോള്‍. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചില്‍നിന്നും സമാനമായ ഒരു തീര്‍പ്പാണ് പ്രതീക്ഷിച്ചത്. കാരണം പേരറിവാളന്‍ കുറ്റവാളിയല്ല എന്നും നിരപരാധിയാണ് എന്നും നിരവധി തെളിവുകള്‍ പുറത്തുവന്നതിനുശേഷം വരുന്ന വിധിയായതുകൊണ്ട് തന്നെ ഉന്നത ന്യായപീഠത്തില്‍നിന്നും കനിവും നീതിയും പ്രതീക്ഷിച്ചു.

പല തവണ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഓരോ വിധിയും വരുന്ന ദിവസം അത്യധികം ശുഭാപ്തിവിശ്വാസത്തോടെ അവന്‍െറ വരവും പ്രതീക്ഷിച്ചിരിക്കും. ഓരോ തവണയും നിരാശയായിരുന്നു ഫലം. ഇത്തവണയും വ്യത്യസ്തമല്ല. ഇനി എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത് എന്നുപോലും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് താനെന്ന് ചെന്നൈയിലെ വാടകവീട്ടില്‍നിന്ന് ഫോണില്‍ ‘മാധ്യമ’ത്തോട്് സംസാരിക്കവെ അവര്‍ പറഞ്ഞു.
നിസ്സഹായതയേക്കാളേറെ രോഷമായിരുന്നു അവരുടെ വാക്കുകളില്‍. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ചില പോരാട്ടങ്ങളില്‍ തങ്ങളെപ്പോലുള്ളവരുടെ ജീവിതങ്ങളായിരിക്കും ഹോമിക്കപ്പെടുന്നത്. തമിഴ്നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഒരു ഉത്തരവിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിനാണ്. സി.ബി.ഐ അന്വേഷിച്ച കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷയിളവ് കൊടുത്ത സന്ദര്‍ഭങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ളേ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് അവര്‍ ഉയര്‍ത്തുന്നത്.

1991 ജൂണിലാണ് പേരറിവാളനെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കുന്നത്. ചില ചോദ്യങ്ങള്‍ ചോദിച്ച് അപ്പോള്‍ത്തന്നെ വിട്ടയക്കുമെന്ന ഉറപ്പിലായിരുന്നു അര്‍പുതമ്മാളും ഭര്‍ത്താവും മകനെ ഹാജരാക്കിയത്. അതിനുശേഷം 25 വര്‍ഷങ്ങള്‍ കഴിഞ്ഞു. മകന്‍െറ നിരപരാധിത്വം തെളിയിക്കുന്നതിന് അവര്‍ മുട്ടാത്ത വാതിലുകളില്ല. ഓരോ വിധി വരുമ്പോഴും നീതിപീഠത്തിന് മുന്നില്‍ വിധേയരായി അവര്‍ അടുത്ത കോടതിയുടെ കനിവിനായി കാത്തു. സുപ്രീംകോടതി വധശിക്ഷയില്‍നിന്ന് ഇളവ് നല്‍കിയതിന് പിന്നാലെ ജയലളിത സര്‍ക്കാര്‍ പ്രതികള്‍ക്ക് മോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ അവര്‍ കരുതി തങ്ങളുടെ പോരാട്ടം ഫലം കണ്ടു എന്ന്. എന്നാല്‍, തമിഴ്നാട് സര്‍ക്കാറിന്‍െറ ഉത്തരവിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തതോടെ ഇവരുടെ മോചനം അനിശ്ചിതത്വത്തിലായി. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തൊനാകാതെ, പ്രതീക്ഷക്കായി ഒരു കച്ചിത്തുരുമ്പു തേടുകയാണ് ഇപ്പോള്‍ ഈ അമ്മ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.