ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് കൊത്തിയെടുത്ത രണ്ടു ലോറി കല്ലുകള്‍ അയോധ്യയിലേക്ക് എത്തിച്ച സംഘ്പരിവാര്‍ 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക ചേരിതിരിവിനുള്ള രാഷ്ട്രീയ പദ്ധതിക്ക് തുടക്കം കുറിച്ചു.
ഞായറാഴ്ചയാണ് വിശ്വഹിന്ദു പരിഷത് അവരുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാംസേവക് പുരത്ത് കല്ലുകള്‍ ഇറക്കിയത്. വി.എച്ച്.പിയുടെ ക്ഷേത്രനിര്‍മാണ പദ്ധതിയുടെ ചെറിയൊരംശം മാത്രമാണിത്. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തു നിന്ന് കിലോമീറ്ററുകള്‍ മാറിയുള്ള വി.എച്ച്.പി ഭൂമിയിലാണ് കല്ലുകള്‍ എത്തിച്ചത്. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് ഇവിടേക്ക് ഏറെ ദൂരമുണ്ട്. മോദിസര്‍ക്കാര്‍ അധികാരത്തില്‍വന്ന പശ്ചാത്തലത്തില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് താല്‍ക്കാലിക ക്ഷേത്രത്തിനു പകരം വിശാലമായ രാമക്ഷേത്രം പണിയുമെന്ന സന്ദേശം അണികള്‍ക്ക് കൈമാറുന്ന വിധമാണ് വി.എച്ച്.പി കല്ലിറക്കല്‍ നടത്തിയത്. ഈ മാസമാദ്യം 23ാം ബാബരി മസ്ജിദ് വാര്‍ഷിക ദിനത്തില്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ അമ്പലം പണിയുമെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന അയോധ്യ കേസില്‍ തല്‍സ്ഥിതി തുടരണമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പരമോന്നത നീതിപീഠം വ്യക്തമാക്കിയതാണ്. അതു മറികടന്ന് ക്ഷേത്രനിര്‍മാണം മുന്നോട്ടുനീക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഒത്തുകളിയോ വിപുലമായ ഗൂഢനീക്കങ്ങളോ ആവശ്യമാണ്.
കൊണ്ടുവന്നത് രാമക്ഷേത്രത്തിന്‍െറ
രണ്ടാം നിലക്കുള്ള ശില –കത്യാര്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍ കൊണ്ടുവന്നത് രാജസ്ഥാനില്‍നിന്നാണെന്നും അത് രണ്ടാം നിലക്ക് വേണ്ടിയുള്ളതാണെന്നും ബി.ജെ.പി നേതാവ് വിനയ് കത്യാര്‍ എം.പി ‘മാധ്യമ’ത്തോടു പറഞ്ഞു. അയോധ്യയിലേക്ക് വീണ്ടും ശിലകള്‍ കൊണ്ടുവന്നുവെന്ന വാര്‍ത്ത ശരിയാണെന്നും അതില്‍ അദ്ഭുതപ്പെടാനൊന്നുമില്ളെന്നും വിനയ് കത്യാര്‍ കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രം നിര്‍മിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുക്കമാണ്. കോടതി വിധി രാമക്ഷേത്രത്തിന് അനുകൂലമാകുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ടാണ് നിര്‍മാണസാമഗ്രികള്‍ ഒരുക്കുന്നത്. ക്ഷേത്രത്തിന്‍െറ ഒന്നാം നില വരെയുള്ള നിര്‍മാണത്തിന്‍െറ മുഴുവന്‍ സാമഗ്രികളും ഒരുക്കിക്കഴിഞ്ഞു. രണ്ടാം നിലക്ക് ആവശ്യമായ നിര്‍മാണ പ്രവൃത്തിയാണിപ്പോള്‍ തുടങ്ങുന്നത്.
അതിനുള്ള ശിലകളാണ് രാജസ്ഥാനില്‍നിന്ന് കൊണ്ടുവരുന്നത്. തങ്ങളുടെ പദ്ധതിയനുസരിച്ച് മൂന്ന് നിലയിലുള്ള ക്ഷേത്രം നിര്‍മിക്കാനാണ് പ്ളാന്‍ തയാറാക്കിയിട്ടുള്ളതെന്നും വിനയ് കത്യാര്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍ കൊണ്ടുവന്നത് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന കോണ്‍ഗ്രസ് ആരോപണം കത്യാര്‍ തള്ളിക്കളഞ്ഞു. അയോധ്യയില്‍ പള്ളി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നവരല്ളേ കോണ്‍ഗ്രസുകാര്‍ എന്ന് കത്യാര്‍ തിരിച്ചുചോദിക്കുകയും ചെയ്തു.
പള്ളി പൊളിച്ചതു പോലെ, അത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നുവെന്ന സന്ദേശത്തിലൂടെ പഴയ കര്‍സേവകര്‍ക്കും വിവിധ സംഘ്പരിവാര്‍ സംഘടനകള്‍ക്കുമിടയില്‍ ആവേശം നിറക്കാനാണ് വി.എച്ച്.പി ലക്ഷ്യമിടുന്നത്. മറുവശത്ത്, യു.പിയില്‍ സാമുദായിക ചേരിതിരിവിനും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പുതിയ ആശങ്കകള്‍ക്കുമാണ് ഈ നടപടി വഴിവെക്കുന്നത്.
ക്ഷേത്രത്തിനെന്ന പേരില്‍ കല്ലു കൊത്തലും ചില ഒരുക്കങ്ങളും വര്‍ഷങ്ങളായി നടക്കുന്നുണ്ട്. ഇതിനായി വി.എച്ച്.പി വന്‍തോതില്‍ ഫണ്ട് സമാഹരണവും നടത്തി. എന്നാല്‍, സംഘ്പരിവാറിനുള്ളിലും പുറത്തും ഇതിന്‍െറ കണക്കുകള്‍ അജ്ഞാതമാണ്. പണപ്പിരിവും കേന്ദ്രത്തിലെ ഭരണവുമെല്ലാം ഉണ്ടായിട്ടും ക്ഷേത്രനിര്‍മാണത്തിന് വഴി തെളിയാത്ത നിരാശക്കുകൂടി ഇടക്കാലാശ്വാസം നല്‍കലാണ് കല്ലിറക്കല്‍.
കല്ലിറക്കല്‍ തുടരുമെന്ന് രാമജന്മഭൂമി ന്യാസ് പ്രസിഡന്‍റ് നൃത്യഗോപാല്‍ദാസ് പറയുന്നു. മോദി സര്‍ക്കാറില്‍ നിന്ന് അനുകൂല സിഗ്നല്‍ കിട്ടിയിട്ടുണ്ടെന്നാണ് കല്ലിറക്കിയ വി.എച്ച്.പി നേതാക്കള്‍ പറയുന്നത്. തന്‍െറ ജീവിതകാലത്തു തന്നെ അമ്പലം നിര്‍മിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഈയിടെ കൊല്‍ക്കത്തയില്‍ പറഞ്ഞിരുന്നു. കര്‍സേവകര്‍ ഭരണകൂടത്തെയും കോടതിയെയും നോക്കുകുത്തിയാക്കി ബാബരി മസ്ജിദ് പൊളിച്ച ദുരനുഭവം കൂടി മുന്‍നിര്‍ത്തി യു.പി സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയിലാണ്. സാമുദായിക ധ്രുവീകരണം വഴിയുള്ള നേട്ടത്തിലുടെ, ബിഹാറിലെ തോല്‍വിക്ക് യു.പിയില്‍ പകരം വീട്ടാനുള്ള മുന്നൊരുക്കങ്ങളിലാണ് ബി.ജെ.പി. അധികാരത്തിലിരിക്കുന്ന സമാജ്വാദി പാര്‍ട്ടിയെക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ബി.എസ്.പിയുടെ പിന്നാക്ക വോട്ടുരാഷ്ട്രീയം ബി.ആര്‍. അംബേദ്കറെ ‘ഏറ്റെടുത്ത്’ മറികടക്കാന്‍ അടുത്തിടെ ശ്രമം ഊര്‍ജിതമാക്കിയിരുന്നു.
കല്ലിറക്കലിനു പിന്നില്‍ രാഷ്ട്രീയമാണുള്ളതെന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സഫര്‍യാബ് ജിലാനി പറഞ്ഞു. കൊത്തിവെച്ചിരുന്ന കുറെ കല്ലുകള്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു മാറ്റിയത് സുപ്രീംകോടതി മുമ്പാകെ കേസ് നിലനില്‍ക്കെ, അപ്രസക്തമാണെന്ന് അദ്ദേഹം വിലയിരുത്തി. 10-15 ശതമാനം വോട്ടര്‍മാരെ തൃപ്തിപ്പെടുത്താനുള്ള സംഘ് പരിവാര്‍ നീക്കം മാത്രമാണത്. മുസ്ലിംകള്‍ സുപ്രീംകോടതി വിധി മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.