കൊൽക്കത്ത: കൊൽക്കത്തയിലെ അക്രോപോളിസ് മാളിൽ വീണ്ടും തീപിടിത്തം. അഗ്നിശമന സേന എത്തുന്നതിന് മുമ്പ് ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീയണച്ചു. തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് മാളിലെ ഫുഡ് കോർട്ടിൽ തീപിടിത്തമുണ്ടായത്. ഈ വർഷം ജൂണിലും ഇവിടെ സമാനമായ തീപിടിത്തം ഉണ്ടായിരുന്നു.
ചെറിയ തീപിടിത്തം ഉടൻ തന്നെ മാൾ ജീവനക്കാർ അണച്ചുവെന്നും ഫയർ ടെൻഡർ ആവശ്യമായി വന്നില്ലെന്നും കൊൽക്കത്ത പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുമ്പോൾ ഫുഡ് കോർട്ടിലുണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും ഓടി രക്ഷപ്പെട്ടു. തുടർന്ന് മാൾ ഒഴിപ്പിക്കുകയും മാളിൽ സുരക്ഷാ ഡ്രിൽ നടത്തുകയും ചെയ്തു.
ജൂൺ 14ന് മൂന്നാം നിലയിലെ മെസാനൈൻ നിലയിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 49 ദിവസത്തേക്ക് മാൾ അടച്ചുപൂട്ടിയിരുന്നു. അഗ്നിശമന സേനയുടെയും കൽക്കട്ട മുനിസിപ്പൽ കോർപ്പറേഷന്റെയും അനുമതിയെ തുടർന്ന് ആഗസ്റ്റ് 3 ന് വീണ്ടും തുറന്നു.
ജൂണിലെ സംഭവത്തിനുശേഷം ഈ ഔട്ട്‌ലെറ്റ് പുനഃസ്ഥാപിച്ചതായിരുന്നു. എക്‌സ്‌ഹോസ്റ്റ് ഫാനുകളുടെ എണ്ണവും അവയുടെ ശക്തിയും വർധിപ്പിക്കാനും ഭാവിയിൽ അടിയന്തര സാഹചര്യമുണ്ടായാൽ എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ ജനലുകൾ സ്ഥാപിക്കണമെന്നും മാൾ അധികൃതരോട് അഗ്നിശമന വിഭാഗം നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.