ദേശീയഗാനത്തില്‍ മാറ്റം വരുത്തണമെന്ന് സുബ്രമണ്യന്‍ സ്വാമി


ന്യൂഡല്‍ഹി: ‘ജനഗണമന’യുടെ ഈണം നിലനിര്‍ത്തി ചില വരികളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ഡോ. സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ ഗാനത്തില്‍ വരുത്തിയത് മാതൃകയാക്കിയുള്ള മാറ്റം വേണമെന്നാണ് നിര്‍ദേശം. ജനഗണമനയാണോ വന്ദേമാതരമാണോ ദേശീയഗാനമാക്കേണ്ടത് എന്നതു സംബന്ധിച്ച് ഭരണഘടനാ അസംബ്ളിയില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നുവെന്നോര്‍മപ്പെടുത്തിയാണ് ഇക്കാര്യം സ്വാമി ഉന്നയിക്കുന്നത്.  
അന്നത്തെ പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കിടയില്‍ രണ്ടു പക്ഷം ഉയര്‍ന്നതിനാല്‍ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ജനഗണമന തെരഞ്ഞെടുക്കുകയായിരുന്നു.
പിന്നീട് വേണമെങ്കില്‍ മാറ്റം വരുത്താം എന്ന ചിന്തയില്‍ തന്നെയായിരുന്നു അത്. ജനഗണമനയില്‍നിന്ന് ബ്രിട്ടീഷ് രാജാവിനെ സൂചിപ്പിക്കുന്ന വരികള്‍ ഒഴിവാക്കി ദേശസ്നേഹം തുളുമ്പുന്ന സംസ്കൃതപദങ്ങള്‍ ഉപയോഗിക്കണം എന്ന്  നേതാജി ആവശ്യപ്പെട്ടിരുന്നു എന്നാണ് സ്വാമിയുടെ പക്ഷം. അത്തരം ഒരു മാറ്റം നേതാജിക്കും മറ്റു ദേശാഭിമാനികള്‍ക്കും നല്‍കുന്ന ആദരവായിരിക്കുമെന്നും കത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.