ന്യൂഡല്‍ഹി: ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പ്രവചനങ്ങള്‍ മറികടന്ന ബിഹാറില്‍ നിതീഷ്-ലാലു-കോണ്‍ഗ്രസ് സഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയപ്പോള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പൂര്‍ണമായും പാളി. അതേസമയം, ഫലം കൃത്യമായി പ്രവചിച്ച എക്സിറ്റ് പോള്‍ ഫലം പ്രമുഖ ചാനല്‍ മുക്കിയതിന്‍െറ വിവരങ്ങളും പുറത്തുവന്നു.
സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് വേണ്ടി ആക്സിസ് ആഡ് പ്രിന്‍റ് മീഡിയ നടത്തിയ എക്സിറ്റ്പോള്‍ പ്രവചിച്ചത് മഹാസഖ്യത്തിന് 169 മുതല്‍ 183 വരെ സീറ്റുകളാണ്. ബി.ജെ.പിക്ക് 58-60ഉം കോണ്‍ഗ്രസിന് 26-30ഉം ലഭിക്കുമെന്നും അവര്‍ പ്രവചിച്ചു. യഥാര്‍ഥ്യവുമായി പൂര്‍ണമായും ചേര്‍ന്നുനില്‍ക്കുന്നതാണ് അതെന്ന് ഫലം വന്നതോടെ വ്യക്തമായി. എന്നാല്‍, പോളിങ് പൂര്‍ത്തിയായ ശനിയാഴ്ച വൈകീട്ട് സംപ്രേഷണം ചെയ്യേണ്ടിയിരുന്ന എക്സിറ്റ് പോള്‍ ഫലം പക്ഷേ, ചാനല്‍ പുറത്തുവിട്ടില്ല. മഹാസഖ്യത്തിനും കോണ്‍ഗ്രസിനും ഇത്രകണ്ട് സീറ്റ് കിട്ടുമെന്ന് പറയാനാവില്ളെന്നായിരുന്നു ചാനല്‍ മേധാവികളുടെ നിലപാട്. പിന്നില്‍ ഉന്നതരുടെ ഇടപെടലുകള്‍ സംശയിക്കപ്പെടുന്നുമുണ്ട്. വന്‍തുക മുടക്കി റിലയന്‍സ് ഗ്രൂപ് ചാനല്‍ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ചാനലിന്‍െറ മുഖമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയെ പോലുള്ളവര്‍ സി.എന്‍.എന്‍-ഐ.ബി.എന്‍ വിട്ടത്. പുറത്തുവന്ന ആറ് എക്സിറ്റ് പോളുകളും പറഞ്ഞത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എ.ബി.പി-നീല്‍സണ്‍, ഇന്ത്യ ടുഡേ-സീസെറോ, ഇന്ത്യ ടി.വി-സി വോട്ടര്‍, ന്യൂസ് നാഷന്‍, ടൈംസ് നൗ-സി വോട്ടര്‍ എന്നിവ പ്രവചിച്ചത് മഹാസഖ്യത്തിന് കൂടിയാല്‍ 132 സീറ്റ് വരെയാണ്. ന്യൂസ് എക്സ്-സി.എന്‍.എക്സ് സര്‍വേ 140 സീറ്റ് പറഞ്ഞു. അതിനപ്പുറം പറയാന്‍ ആരും ധൈര്യം കാണിച്ചില്ല. എല്ലാം തകര്‍ത്ത് മഹാസഖ്യം 178ലത്തെിയപ്പോള്‍ ചാനലുകളുടെ മുന്‍വിധികള്‍ കൂടിയാണ് തകര്‍ന്നത്. ടുഡെയ്സ്-ചാണക്യ സര്‍വേ ബി.ജെ.പിക്ക് 155 സീറ്റാണ് പ്രവചിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് കൈയടി നേടിയ ചാണക്യയുടെ ഏകപക്ഷീയമായ പ്രവചനം ഇക്കുറി പൂര്‍ണമായും പിഴച്ചു. പെട്ടി തുറന്ന ആദ്യ മിനിറ്റുകളില്‍ ബി.ജെ.പി മുന്നില്‍ വന്നെങ്കിലും ഒരു മണിക്കൂര്‍ പിന്നിട്ടതോടെ മഹാസഖ്യത്തിന്‍െറ മുന്നേറ്റമാണെന്ന് വ്യക്തമായ സൂചന വന്നു.
മഹാസഖ്യത്തിന്‍െറ ലീഡ്നില കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയ ശേഷവും ബി.ജെ.പിക്ക് ഭൂരിപക്ഷമെന്നാണ് എന്‍.ഡി.ടി.വി പോലുള്ളവര്‍ അറിയിച്ചുകൊണ്ടിരുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പി പ്രതിനിധികള്‍ ഈ കണക്ക് ചൂണ്ടിക്കാട്ടി, പരാജയപ്പെട്ടുവെന്ന് പറയാന്‍ സമയമായില്ളെന്ന് വാദിച്ചു. ബി.ജെ.പിക്ക് കനത്ത തോല്‍വി സമ്മാനിച്ച ഡല്‍ഹി തെരഞ്ഞെടുപ്പിലും ചാനലുകളുടെ സര്‍വേ ബി.ജെ.പിയുടെ പതനം മറച്ചുപിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.