ബി.ജെ.പിയില്‍ ബിഹാര്‍ പുകയുന്നു

ന്യൂഡല്‍ഹി: ബിഹാറിലേറ്റ തിരിച്ചടിയെ ചൊല്ലി ബി.ജെ.പിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. പ്രകോപനപരമായ പ്രസ്താവന നടത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും സംവരണവിരുദ്ധ പരാമര്‍ശം നടത്തിയ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിനെയും ബിഹാര്‍ നേതാക്കള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ മോഹന്‍ ഭാഗവതിന്‍െറ രക്ഷക്ക് അമിത് ഷാ രംഗത്തുവന്നു. അമിത് ഷാ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി.
ഭാഗവതിന്‍െറ സംവരണ വിരുദ്ധ പരാമര്‍ശങ്ങളാണ് പരാജയത്തിന് കാരണമായതെന്ന് പാര്‍ട്ടിയില്‍നിന്ന് വ്യാപക വിമര്‍ശമുയരുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
തോല്‍വിയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അമിത് ഷാ മോഹന്‍ ഭാഗവതിന് അമര്‍പ്പിച്ചു. ആര്‍.എസ്.എസ് തലവന്‍െറ സംവരണവിരുദ്ധ പരാമര്‍ശംകൊണ്ടുണ്ടായ പരാജയമല്ല ബിഹാറിലേത് എന്ന് അമിത് ഷാ കൂടിക്കാഴ്ചയില്‍ ധരിപ്പിച്ചു.
ബിഹാറിലെ പരാജയം അറിഞ്ഞുതുടങ്ങിയ സമയത്തുതന്നെ ആര്‍.എസ്.എസ് തലവനെ സംരക്ഷിക്കാന്‍ അമിത് ഷാ ഏതാനും ബി.ജെ.പി നേതാക്കളെ ഒരുക്കിനിര്‍ത്തിയിരുന്നു. ഇതനുസരിച്ച്, മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവന ബിഹാര്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ളെന്ന അഭിപ്രായവുമായി രവിശങ്കര്‍ പ്രസാദ് അടക്കമുള്ള നേതാക്കള്‍ രംഗത്തുവരുകയും ചെയ്തു.
എന്നാല്‍, പാര്‍ട്ടി അധ്യക്ഷന്‍െറ നിലപാട് പരസ്യമായി തള്ളിക്കളഞ്ഞ ബിഹാറിലെ തലമുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ഹുകും സിങ് നാരായണ്‍ യാദവ്, ഭാഗവതിന്‍െറ പ്രസ്താവന പിന്നാക്കജാതിക്കാര്‍ക്കും ദലിതുകള്‍ക്കും ബി.ജെ.പിയില്‍ അവിശ്വാസമുണ്ടാക്കിയെന്ന് തുറന്നടിച്ചു. ആ പരാമര്‍ശം ജനങ്ങളെ അടിമുടി ഞെട്ടിച്ചുകളഞ്ഞു.
സാമൂഹിക ചൂഷണത്തിനും ജാതിവിവേചനത്തിനുമെതിരെ ജനം കൂടുതല്‍ പോരാട്ടം നടത്തിയ പ്രദേശമാണ് ബിഹാറെന്നും ഹുകും  സിങ് ഓര്‍മിപ്പിച്ചു. ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതാണ് ബി.ജെ.പി ചെയ്യുന്നതെന്ന ധാരണയാണ് ജനങ്ങള്‍ക്കുണ്ടായിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭാഗവതിന്‍െറ പ്രസ്താവന തെറ്റല്ലായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് സമയത്തായിരുന്നില്ല അത് പറയേണ്ടത് എന്ന് ബി.ജെ.പിയോട്  സഖ്യമുണ്ടാക്കിയ മഹാദലിത് നേതാവ് ജിതിന്‍ റാം മാഞ്ചി അഭിപ്രായപ്പെട്ടു. ബി.ജെ.പി സംവരണം ഇല്ലാതാക്കും എന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നതില്‍ ലാലു പ്രസാദ് യാദവ് വിജയിച്ചുവെന്നും മാഞ്ചി പറഞ്ഞു.
പാകിസ്താനില്‍ പടക്കം പൊട്ടിക്കുമെന്ന അമിത് ഷായുടെ പ്രകോപനപരമായ പ്രസ്താവന ദോഷംചെയ്തുവെന്നും മാഞ്ചി കുറ്റപ്പെടുത്തി. ബിഹാറി നേതാക്കളെ മാറ്റിനിര്‍ത്തി അമിത് ഷാ ഏകപക്ഷീയമായി പ്രവര്‍ത്തനം നടത്തിയതിനെ വിമര്‍ശിച്ച ശത്രുഘ്നന്‍ സിന്‍ഹ തിങ്കളാഴ്ച നിതീഷിനെ നേരില്‍ കണ്ട് അഭിനന്ദനങ്ങളറിയിച്ചു. നിതീഷ് ബിഹാറിലെ എക്കാലത്തേയും മികച്ച നേതാവാണെന്നും ശത്രു പറഞ്ഞു. ചില നേതാക്കളുടെ പ്രസ്താവനകള്‍ ബിഹാറിലെ തിരിച്ചടിക്ക് കാരണമായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അഭിപ്രായപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.