ഗംഗാജലത്തിന്‍െറ ഒൗഷധമൂല്യം ഉറപ്പാക്കാന്‍ കേന്ദ്രം ഗവേഷണത്തിന്


ന്യൂഡല്‍ഹി: ഗംഗാജലത്തിന്‍െറ ഒൗഷധഗുണത്തിന് ശാസ്ത്രീയ പിന്‍ബലമേകാന്‍ ഗവേഷണ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍. ആറു മാസത്തിനകം ഇതു സംബന്ധിച്ച പഠനങ്ങളും ഗവേഷണ ഫലങ്ങളും ചര്‍ച്ചചെയ്ത് ഒൗഷധമൂല്യം സംബന്ധിച്ച കൃത്യമായ ഉറപ്പുകള്‍ നല്‍കാനാകുമെന്ന് ഗംഗാ നദിയെക്കുറിച്ചുള്ള  സെമിനാറില്‍  സംസാരിക്കവെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി.  കേന്ദ്ര ജലവിഭവ-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് ധനസഹായവും മന്ത്രി ഉറപ്പുനല്‍കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് ആണ് ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കുക. കണ്ടത്തെലുകള്‍ ആരോഗ്യമന്ത്രാലയം വിജ്ഞാപനമായി പുറത്തിറക്കും.
ശാസ്ത്രജ്ഞരും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സെമിനാര്‍ സംഘടിപ്പിച്ചത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും റൂര്‍ക്കി ഐ.ഐ.ടിയും ചേര്‍ന്നാണ്. ഗംഗയിലെ അപകടകരമായ ബാക്ടീരിയ സാന്നിധ്യവും സെമിനാറില്‍ ചര്‍ച്ചചെയ്തു. ഇത് ഗംഗാ സ്നാനം നടത്തുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഒമ്പത് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഗംഗാനദി കുടിവെള്ള സ്രോതസ്സായും വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്. ഗംഗാജലത്തിന്‍െറ ഒൗഷധഗുണം സംബന്ധിച്ച ഗവേഷണം ഗംഗാ ശുചീകരണ പദ്ധതിക്ക് പുതിയ വഴിത്തിരിവാകുമെന്ന് ഗംഗാ പുനരുജ്ജീവനത്തിന്‍െറ കൂടി ചുമതലയുള്ള കേന്ദ്ര ജലവിഭവ മന്ത്രി ഉമാഭാരതി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.