ഇത് ബി.ജെ.പിയുടെ ‘നോട്ട് ജിഹാദ്’; കേസ് മാത്രം പോര, കർശന നടപടി വേണം -ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയിൽനിന്ന് അഞ്ച​ുകോടി രൂപ കള്ളപ്പണം കണ്ടെടുത്തുവെന്ന വിവാദത്തിൽ പ്രതികരണവുമായി ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. ബഹുജൻ വികാസ് അഘാഡി (ബി.വി.എ) പ്രവർത്തകരും നേതാക്കളുമാണ് പാൽഘഡിലെ വോട്ടർമാർക്ക് ബി.ജെ.പി പണം വിതരണം ചെയ്യുന്നതായി ആരോപിച്ച് കൈയോടെ പിടികൂടിയത്. താവ്‌ഡെക്കെതിരെ കേസെടുത്താൽ മാത്രം പോരെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

‘ഇതാണോ വോട്ടിന് വേണ്ടിയുള്ള ബി.ജെ.പിയുടെ നോട്ട് ജിഹാദ്? 'ബാതേംഗേ ഔർ ജിതേംഗേ’ (വിജയിക്കാൻ പണം വിതരണം ചെയ്യും) എന്നത് ഇതാണോ? പണക്കെട്ടുകൾ ഉയർത്തിക്കാണിക്കുന്ന വിഡിയോ മഹാരാഷ്ട്ര മുഴുവനും കണ്ടു. ഇക്കാര്യത്തിൽ മഹാരാഷ്ട്ര നാളെ തീരുമാനമെടുക്കും’ -ഉദ്ധവ് പറഞ്ഞു. ബി.ജെ.പി നേതാക്കൾ ഉയർത്തിയ ‘ബടേംഗേ തോ കാട്ടേംഗേ’ എന്ന മുദ്രാവാക്യവും ‘വോട്ട് ജിഹാദ്’ ആരോപണവും എടുത്തടിച്ചാണ് താക്കറെയുടെ പ്രതികരണം.

‘വോട്ട് ജിഹാദിനെ’ ‘വോട്ടുകളുടെ ധർമയുദ്ധം’ ഉപയോഗിച്ച് ചെറുക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊതുയോഗങ്ങളിൽ പറഞ്ഞിരുന്നു. ‘ചില സംസ്ഥാനങ്ങളിലെ സർക്കാരുകളെ അട്ടിമറിച്ച് പുതിയ സർക്കാർ രൂപീകരിക്കാൻ സഹായിച്ചതിന് താവ്‌ഡെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതിന് പിന്നിലെ രഹസ്യം പരസ്യമായി’ -ഉദ്ധവ് താക്കറെ പറഞ്ഞു.

ബി.ജെ.പി ജനറൽ സെക്രട്ടറി വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്ന വിവരം ബഹുജൻ വികാസ് അഘാഡി (ബി.വി.എ) തലവൻ ഹിതേന്ദ്ര താക്കൂറാണ് പുറത്തുവിട്ടത്. താവ്‌ഡെ താമസിച്ചിരുന്ന വിരാറിലെ ഹോട്ടലിൽ നിന്നാണ് ഇവർ കൈ​യോടെ പിടികൂടിയത്.

മോദിക്കും ബി.ജെ.പിക്കുമെതിരെ ഗുരുതര വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തിയിരുന്നു. "മോദിജീ, ഈ 5 കോടി ആരുടെ ‘സേഫി’ൽ നിന്നാണ് വന്നത്? പൊതുജനങ്ങളുടെ പണം കൊള്ളയടിച്ച് ആരാണ് നിങ്ങൾക്ക് ടെമ്പോ വാനിൽ അയച്ചത്?" എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. മോദിയുടെ തന്നെ കള്ളപ്പണവിരുദ്ധ പരാമർശങ്ങൾ പ്രയോഗിച്ചാണ് രാഹുലിന്റെ തിരിച്ചടി.

ഇക്കഴിഞ്ഞ മേയിൽ മോദി രാഹുലിനെതിരെ നടത്തിയ ‘അംബാനിയിൽനിന്നും അദാനിയിൽ നിന്നും ഷെഹ്‌സാദ (രാഹുൽ ഗാന്ധി) എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ?’ എന്ന വിവാദ പരാമർശവും ‘ഏക് ഹേ തോ സേഫ് ഹേ’ എന്ന പരാമർശവും കടമെടുത്താണ് അതേനാണയത്തിൽ രാഹുലി​ന്റെ ആക്രമണം. ബി.ജെ.പി സ്ഥാനാർഥി രാജൻ നായിക്കിന് വിതരണം ചെയ്യാനാണ് പണവുമായി താവ്ഡെ എത്തിയതെന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ ആരോപിച്ചിരുന്നു. പാൽഘഡിലെ വോട്ടർമാർക്ക് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പണം വിതരണം ചെയ്തതായി ബഹുജൻ വികാസ് അഘാഡി (ബി.വി.എ) തലവൻ ഹിതേന്ദ്ര താക്കൂറിന്റെ പരാതിയിൽ താവ്‌ഡെക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിരുന്നു.

Tags:    
News Summary - Is this BJP's note jihad for votes: Uddhav takes dig at Vinod Tawde amid cash distribution allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.