പ്രകൃതിവിഭവം സംരക്ഷിക്കണമെന്ന് രാഷ്ട്രപതി

പാന്ത്നഗര്‍ (ഉത്തര്‍ഖണ്ഡ്): ഭക്ഷണത്തിന്‍െറയും ശുദ്ധജലത്തിന്‍െറയും വിതരണം ഉറപ്പാക്കാന്‍ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനസംഖ്യ വളരുന്നതിനൊപ്പം ഭൂമിയുടെ ലഭ്യത കുറഞ്ഞുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യമാകെ 1200 ലക്ഷം ഹെക്ടര്‍ ഭൂമി നശിച്ചുകൊണ്ടിരിക്കുകയാണ്. ഭൂവിനിയോഗത്തിനും മണ്ണുസംരക്ഷണത്തിനും കാര്യക്ഷമമായ നടപടികളെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ജി.ബി. പന്ത് കാര്‍ഷിക-സാങ്കേതിക സര്‍വകലാശാലയില്‍ ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മണ്ണിന്‍െറ ഗുണനിലവാരവും ജലലഭ്യതയും കുറയുന്നത് കൃഷിയുടെ ഉല്‍പാദനക്ഷമതയെയും പോഷകാംശമുള്ള ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തെയും ബാധിക്കുന്നു. പോഷകാഹാരക്കുറവ്, കുട്ടികളിലെ തൂക്കമില്ലായ്മ, ശിശുമരണനിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ‘ആഗോള ഹങ്കര്‍ ഇന്‍ഡെക്സി’ല്‍ 104 രാജ്യങ്ങളില്‍ ഇന്ത്യ 80ാം സ്ഥാനത്താണ്. ഇത് തുടരാനാകില്ല. നമ്മുടെ ജനങ്ങള്‍ക്ക് പോഷകാംശമുള്ള ആഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സമയബന്ധിതപരിപാടികള്‍ അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ നയരൂപവത്കരണത്തില്‍ കൃഷിക്ക് ഏറ്റവും ഉയര്‍ന്ന പ്രാധാന്യം ലഭിക്കണം. എങ്കിലേ വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ ജനതയെ തീറ്റിപ്പോറ്റാനാകൂ എന്ന് രാഷ്ട്രപതി ഓര്‍മിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.