നിതീഷിന്‍െറ സത്യപ്രതിജ്ഞ ബഹിഷ്കരിച്ചതിനുള്ള മറുപടി; മുലായമിന്‍െറ ജന്മദിനാഘോഷത്തില്‍ ലാലു വിട്ടുനിന്നു

 
ന്യൂഡല്‍ഹി: നിതീഷ്കുമാറിന്‍െറ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് മുലായം സിങ് യാദവും കുടുംബവും വിട്ടുനിന്നതിന് പിന്നാലെ, മുലായം സിങ്ങിന്‍െറ ജന്മദിനാഘോഷപരിപാടിക്ക് ലാലു പ്രസാദ് യാദവും കുടുംബവും എത്തിയില്ല.  ഇന്ത്യന്‍ രാഷ്ട്രീയത്തിലെ യാദവ നേതാക്കള്‍ തമ്മില്‍ കൂടുതല്‍ അകലുന്നതിന്‍െറ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.  മുലായമും ലാലുവും കുടുംബക്കാരുമാണ്.  
മുലായമിന്‍െറ പേരക്കുട്ടിയും മെയിന്‍പുരി എം.പിയുമായ തേജ് പ്രതാപ് കല്യാണം കഴിച്ചത് ലാലുവിന്‍െറ ഇളയ മകള്‍ രാജലക്ഷ്മിയെയാണ്. കഴിഞ്ഞ വര്‍ഷം നടന്ന വിവാഹം  ബിഹാറില്‍ രൂപംകൊണ്ട ജനതാപരിവാര്‍ ഏകീകരണനീക്കങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്തു.
എന്നാല്‍,  ബിഹാര്‍ തെരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നപ്പോള്‍  നിതീഷ്-ലാലു-കോണ്‍ഗ്രസ്  മഹാസഖ്യത്തില്‍ നിന്ന് മുലായം പിന്മാറി. മാത്രമല്ല, എന്‍.സി.പിയെയും പപ്പുയാദവിനെയും കൂട്ടി എല്ലാ മണ്ഡലങ്ങളിലും മഹാസഖ്യത്തിനെതിരെ സ്ഥാനാര്‍ഥികളെയും നിര്‍ത്തി.  ദയനീയ പരാജയമേറ്റുവാങ്ങിയ മുലായം ബിഹാര്‍ തെരഞ്ഞെടുപ്പിലെ ദുരന്ത കഥാപാത്രമായി.
 എന്നാല്‍, മുലായമിനെ നേരിട്ട് കുറ്റപ്പെടുത്താതിരുന്ന ലാലുവും നിതീഷും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുലായമിനെയും മകനും യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെയും ക്ഷണിച്ചു.
എന്നാല്‍, പിതാവും മകനും  പങ്കെടുത്തില്ല. ലാലുവിന്‍െറ മരുമകന്‍ എന്ന നിലയില്‍ തേജ് പ്രതാപ് മാത്രമാണ്  പട്നയില്‍ നിതീഷിന്‍െറ സ്ഥാനാരോഹണച്ചടങ്ങിലുണ്ടായിരുന്നത്.  
മുലായമിന്‍െറ 76ാം ജന്മദിനാഘോഷത്തിന്  ജന്മനാടായ യു.പിയിലെ സൈഫെയില്‍ മൂന്നുദിവസം നീളുന്ന ഗംഭീര ആഘോഷത്തിന്‍െറ സമാപനമാണ് ഞായറാഴ്ച നടന്നത്.  എ.ആര്‍. റഹ്മാന്‍െറ സംഗീതപരിപാടി ഉള്‍പ്പെടെ അരങ്ങേറിയ ചടങ്ങില്‍   പ്രമുഖ നേതാക്കളും വ്യവസായ പ്രമുഖരുമെല്ലാം പങ്കെടുത്തു.
ലാലുവും കുടുംബവും ഞായറാഴ്ച എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിതീഷിന്‍െറ സ്ഥാനാരോഹണം ബഹിഷ്കരിച്ച മുലായമിന് ലാലു അതേ രീതിയില്‍ മറുപടി നല്‍കി. അതേസമയം, മുലായം കുടുംബത്തിന്‍െറ മരുമകളെന്നനിലയില്‍ ലാലുവിന്‍െറ ഇളയ മകള്‍ രാജലക്ഷ്മി മുലായമിന്‍െറ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു.  ലാലുവിന്‍െറയും കുടുംബത്തിന്‍െറയും അസാന്നിധ്യം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അതില്‍ കാര്യമില്ളെന്ന വിശദീകരണവുമായി മുലായം കുടുംബം രംഗത്തത്തെി.  
 പുതിയ സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് ലാലു സൈഫെയില്‍ എത്താതിരുന്നതെന്ന് തേജ് പ്രതാപ് പറഞ്ഞു.  മുലായമിന്‍െറ ജന്മദിനാഘോഷം രാഷ്ട്രീയ പരിപാടിയല്ളെന്നും  രാഷ്ട്രീയ നേതാക്കള്‍ എന്ന നിലക്ക് ആരെയും ക്ഷണിച്ചിട്ടില്ളെന്നും  മുലായമിന്‍െറ സഹോദരനും യു.പി മന്ത്രിയുമായ ശിവപാല്‍ യാദവ് പറഞ്ഞു. അതുകൊണ്ടുതന്നെ ലാലുവും കുടുംബവും വിട്ടുനിന്നത് വലിയ ചര്‍ച്ചയാക്കേണ്ടതില്ളെന്നും അദ്ദേഹം വ്യക്തമാക്കി.  
ജനതാപരിവാര്‍ ഒന്നിക്കുമ്പോള്‍ അതിന്‍െറ അധ്യക്ഷസ്ഥാനം മുലായമിന് എന്നായിരുന്നു ധാരണ. ജനതാപരിവാര്‍ പൊളിച്ച് പുറത്തുപോയ മുലായമിന്‍െറ തീരുമാനം വലിയ നഷ്ടത്തിലേക്കാണ് അദ്ദേഹത്തെ നയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.