ന്യൂഡൽഹി: പാർലമെന്റിലേക്കുള്ള വഴിയിൽ തനിക്ക് മുന്നിൽ വന്നുനിന്ന് ബി.ജെ.പി എം.പിമാർ തടസ്സം തീർക്കുകയായിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ബി.ജെ.പി എം.പിമാർ ഞാൻ പാർലമെന്റിൽ പ്രവേശിക്കുന്നത് തടഞ്ഞു. അവർ എന്നെയും ഖാർഗെയെയും പ്രിയങ്കയെയും പിടിച്ചുതള്ളി. സംഭവിച്ചത് എന്താണെന്ന് നിങ്ങളുടെ കാമറകളിലുണ്ടെ’ന്ന് രാഹുൽ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
‘പാർലമെന്റിലെ മുഖ്യകവാടത്തിലൂടെ ഉള്ളിലേക്ക് പോകുകയായിരുന്ന എന്റെ മുന്നിൽ വന്ന് ബി.ജെ.പി എം.പിമാർ തടസ്സം സൃഷ്ടിച്ചു. എന്നെ പിടിച്ചുതള്ളി. തള്ളിയവരെ തടുത്തതോടെ ഉന്തുംതള്ളുമായി. പാർലമെന്റിൽ പ്രവേശിക്കുകയെന്നത് എന്റെ അവകാശമാണ്. ഇതിലെ കേന്ദ്രവിഷയം ഭരണഘടനക്ക് മേൽ ബി.ജെ.പി നടത്തുന്ന ആക്രമണമാണ്. അംബേദ്കറിന്റെ ഓർമകളെ ബി.ജെ.പി അപമാനിക്കുകയാണ്. അതിനെതിരായ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെ’ന്നും രാഹുൽ പറഞ്ഞു.
ന്യൂഡൽഹി: ഭരണഘടന ശിൽപി ബി.ആർ. അംബേദ്കർക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി സംഘർഷമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അംബേദ്കറുടെ പ്രതിക്ക് സമീപത്തുനിന്ന് സമാധാനപരമായി പാർലമെന്റ് മന്ദിരത്തിലേക്ക് പോകുകയായിരുന്ന പ്രതിപക്ഷ എം.പിമാരെ കൈയിൽ വടികളുമായി കവാടത്തിലുണ്ടായിരുന്ന ബി.ജെ.പി എം.പിമാർ തടയുകയായിരുന്നു.
പാർലമെന്റ് സമ്മേളനം ആരംഭിച്ചതു മുതൽ അദാനിക്കെതിരെ ഉയർന്ന അമേരിക്കയിലെ കേസ് അടക്കമുള്ള പ്രധാന വിഷയങ്ങൾ വഴിതിരിച്ചുവിടാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഭരണഘടനാവിരുദ്ധവും അംബേദ്കർവിരുദ്ധവുമാണ്. അംബേദ്കറുടെ പാരമ്പര്യവും സംഭാവനകളും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമർശവും അദ്ദേഹത്തിനെതിരെ അവർ പ്രതിഫലിപ്പിക്കുന്ന മാനസികാവസ്ഥയും അപലപനീയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
ന്യൂഡൽഹി: പാർലമെന്റിലെ അനിഷ്ട സംഭവങ്ങൾക്ക് കോൺഗ്രസ് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വ്യാഴാഴ്ച പാർലമെന്റിലുണ്ടായത് പരിഷ്കൃത സമൂഹത്തിന് സങ്കൽപിക്കാൻപോലും കഴിയാത്ത കാര്യങ്ങളാണ്. സ്പീക്കറുടെ ചെയറിന്റെ അന്തസ്സ് കളങ്കപ്പെട്ടു. കോൺഗ്രസ് എം.പിമാർ സ്പീക്കറുടെ ചെയറിന് മുകളിൽ കയറി. ആദിവാസി വിഭാഗക്കാരിയായ വനിത എം.പിക്ക് നേരിട്ട ദുരനുഭവം ഞെട്ടിക്കുന്നതാണ്.
മറ്റൊരു വാതിൽ വഴി അകത്തുകടക്കാമെന്നിരിക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ളവർ ബി.ജെ.പി എം.പിമാർ പ്രതിഷേധിച്ചിരുന്ന കവാടത്തിലൂടെ ബലംപ്രയോഗിച്ച് അകത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. മുമ്പ് ഇവിടെ കോൺഗ്രസ് എം.പിമാർ പ്രതിഷേധിച്ചപ്പോൾ തങ്ങൾ മറ്റൊരു കവാടത്തിലൂടെയാണ് അകത്തുകടന്നിരുന്നത്. മനഃപൂർവം സംഘർഷമുണ്ടാക്കുകയായിരുന്നു പ്രതിപക്ഷ എം.പിമാരുടെ ലക്ഷ്യംമെന്നും അദ്ദേഹംപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.