രാമക്ഷേത്രനിര്‍മാണത്തിന് ഗൗരവകരമായ ശ്രമം വേണം: ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: അന്തരിച്ച വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന്‍െറ സ്വപ്നം സഫലമാക്കാന്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഗൗരവകരമായ ശ്രമമുണ്ടാകണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സിംഗാളിന്‍െറ അനുസ്മരണ ചടങ്ങിലാണ് ഭഗവത് രാമക്ഷേത്ര വിഷയം വീണ്ടും എടുത്തിട്ടത്. ഈ മാസമാദ്യം അവസാനമായി സിംഗാളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും രാമക്ഷേത്രത്തിന്‍െറ കാര്യമാണ് പറഞ്ഞതെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.

സിംഗാളിന് രണ്ടാഗ്രഹങ്ങളാണുണ്ടായിരുന്നത്; അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും വേദങ്ങളുടെ പ്രചാരണവും. ഇത് പൂര്‍ത്തികരിക്കണമെങ്കില്‍ ഈ രണ്ട് വിഷയങ്ങളും പരിഹരിക്കണമെന്ന് പ്രതിജ്ഞയെടുത്തേ മതിയാകൂ. വരും വര്‍ഷങ്ങളില്‍ രാമക്ഷേത്രമെന്ന അശോക് സിംഗാളിന്‍െറ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹത്തിന്‍െറ ചൈതന്യം നയിക്കട്ടെ എന്നും മോഹന്‍ ഭഗവത് പറഞ്ഞു.
കഴിഞ്ഞ മാസം സിംഗാളിന്‍െറ ജന്മദിനാഘോഷ വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍െറ സാന്നിധ്യത്തില്‍ വി.എച്ച്.പി രാമക്ഷേത്ര നിര്‍മാണത്തിന് നടപടി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് കര്‍സേവകര്‍ പണിത താല്‍ക്കാലിക രാമക്ഷേത്രം ബലപ്പെടുത്തി .സുപ്രീംകോടതി നിര്‍ദേശപ്രകാരം താല്‍ക്കാലിക ക്ഷേത്രത്തിന് മുള നാട്ടിയുണ്ടാക്കിയ തൂണുകളും ചാക്കുകൊണ്ടുണ്ടാക്കിയ മറകളും പോളിത്തീന്‍ ഷീറ്റുകളും മാറ്റിയാണ് താല്‍ക്കാലിക ക്ഷേത്രം  ബലപ്പെടുത്തിയത്. കോടതി നിയമിച്ച രണ്ട് നിരീക്ഷകരുടെ സാന്നിധ്യത്തിലായിരിരുന്നു പണി. നിരീക്ഷകരില്‍ ഒരാള്‍ വിരമിച്ച ജഡ്ജിയും മറ്റൊന്ന് സിറ്റിംഗ് ജഡ്ജിയുമാണ്. റൂര്‍ക്കിയിലെ സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് താല്‍ക്കാലിക ക്ഷേത്രത്തിനുള്ള തീപിടിക്കാത്ത മേല്‍ക്കൂര നിര്‍മിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.