ആര്‍.എസ്.എസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ തീവ്രവാദ സംഘടനയെന്ന് മുന്‍ പൊലീസ് മേധാവി

കൊല്‍ക്കത്ത: ഹിന്ദുത്വവാദികളായ ആര്‍.എസ്.എസ് ആണ് ഇന്ത്യയിലെ ഒന്നാമത്തെ തീവ്രവാദ സംഘടനയെന്ന് മുന്‍ മഹാരാഷ്ട്ര പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ എസ്.എം മുഷ് രിഫ്. ഇന്ത്യയിലാകമാനം 13തീവ്രവാദ കേസുകളിലെങ്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇന്ത്യയില്‍ ഇപ്പോള്‍ അസഹിഷ്ണുത വര്‍ധിച്ചു വരികയാണെന്ന കാര്യത്തില്‍ വിയോജിച്ച അദ്ദേഹം അസഹിഷ്ണുത നേരത്തെ തന്നെ ഇവിടെ നിലനില്‍ക്കുന്ന ഒന്നാണെന്ന് അഭിപ്രായപ്പെട്ടു.

‘ആര്‍.എസ്.എസ് ഇന്ത്യയിലെ നമ്പര്‍ വണ്‍ തീവ്രവാദ സംഘടനയാണെന്നതില്‍ സംശയമില്ല’ -അദ്ദേഹം വ്യക്തമാക്കി. 2007ലെ മക്ക മസ്ജിദ് ബോംബ് സ്ഫോടനം, 2006ലെയും 2008ലെയും മലേഗാവ് സ്ഫോടനം, 2007ലെ സംഝോദ എക്സ്പ്രസ് ബോംബിങ് തുടങ്ങിയ ഉദാഹരണങ്ങള്‍ നിരത്തുകയും ചെയ്തു. ആര്‍.ഡി.എക്സ് ഉപയോഗിച്ച് നടത്തിയ ചുരുങ്ങിയ 13 തീവ്രവാദി ആക്രമണങ്ങളിലെങ്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം നിലവില്‍ ഉണ്ട്. ബജ്റംഗ്ദള്‍ പോലുള്ള സംഘടനകളെ കൂടി കൂട്ടുകയാണെങ്കില്‍ കേസുകളുടെ എണ്ണം 17ആയി ഉയരുമെന്നും മുഷ് രിഫ് പറഞ്ഞു. ഭരിക്കുന്നത് ഏത് പാര്‍ട്ടിയാണെന്ന കാര്യമൊന്നും കാവി തീവ്രവാദത്തിന് പ്രശ്നമല്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു തീവ്രവാദികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്ന ഹേമന്ത് കര്‍ക്കരെയുടെ മരണത്തില്‍ ഇന്‍റലിജന്‍സ് ബ്യൂറോക്ക് പങ്കുണ്ടെന്നും കര്‍ക്കരെയുടെ മരണം അന്വേഷിച്ച് സത്യം പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതു ജനങ്ങളുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടായില്ളെങ്കില്‍ അത് ഒരിക്കലും പുറത്തു വരികയില്ളെന്നും മുന്‍ പാലീസ് മേധാവി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.