'നരഭോജി ബിഹാരികളെ അപമാനിച്ചു' -അമിത് ഷാക്കെതിരെ ലാലു

പട്ന: ബി.ജെ.പി ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടിച്ച് ആഘോഷം നടക്കുമെന്ന് പ്രസ്താവനയിറക്കിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. 'നരഭോജി'ക്ക് (അമിത്ഷാ) ഒടുവില്‍ ഭ്രാന്തായെന്ന് ലാലു പറഞ്ഞു. പ്രസ്താവനയിലൂടെ അമിത് ഷാ ബിഹാരികളെയും ബിഹാറിനെയും അപമാനിച്ചെന്നും ലാലു വിമര്‍ശിച്ചു. അമിത് ഷായുടെ പ്രസ്താവനക്കെതിരെ ആര്‍.ജെ.ഡി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കും.

ബിഹാറില്‍ ലാലുവും നിതീഷും ചേര്‍ന്ന് തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കുകയാണെന്ന് പത്രങ്ങളില്‍ ബി.ജെ.പി പരസ്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ലാലുപ്രസാദിന്‍െറ പ്രതികരണം. സെപ്റ്റംബര്‍ 30ന് നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ ലാലുവിനെ കാലിത്തീറ്റ കള്ളന്‍ എന്ന് വിളിച്ചിരുന്നു. ഇതിന് പകരമായാണ് അമിത് ഷായെ ആദ്യമായി ലാലു നരഭോജി എന്ന് വിളിച്ചത്.

വിവിധ നേതാക്കള്‍ അമിത് ഷായുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നു. അമിത് ഷാ, ബിഹാറില്‍ നിങ്ങള്‍ പരാജയപ്പെടുമ്പോള്‍ രാജ്യം മുഴുവന്‍ പടക്കം പൊട്ടുമെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. പരാജയങ്ങളെ വര്‍ഗീയവത്കരിക്കുന്നത് നിര്‍ത്തൂയെന്നും ബൃന്ദ ആവശ്യപ്പെട്ടു.

ബി.ജെ.പി ബിഹാറില്‍ പരാജയപ്പെടുകയാണെങ്കില്‍ എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, ചരിത്രകാരന്‍മാര്‍, മിതവാദികളായ പൗരന്‍മാര്‍ എന്നിവര്‍ക്ക് ആശ്വാസമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. അവര്‍ അത് ആഘോഷിക്കുമെന്നും ചിദംബരം വ്യക്തമാക്കി.

ബി.ജെ.പി ബിഹാറില്‍ തോറ്റാല്‍ ഇന്ത്യയൊട്ടുക്കും നിലക്കാതെ പടക്കം പൊട്ടുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പരിഹസിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.