ശ്രീനഗര്‍: കശ്മീരിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് ജമ്മു രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. മുഫ്തി മുഹമ്മദ് സഈദ് അംഗങ്ങള്‍ തന്നെ മന്ത്രിസഭയില്‍ തുടരാനാണ് പി.ഡി.പിയുടെ തീരുമാനം. എന്നാല്‍, കൂട്ടുകക്ഷിയായ ബി.ജെ.പി ഒരു സ്വതന്ത്ര അംഗത്തെ മാറ്റാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഉദ്ദംപുര്‍ എം.എല്‍.എയും ധന-ഐ.ടി വകുപ്പ് സഹമന്ത്രിയുമായ പവന്‍കുമാര്‍ ഗുപ്തക്ക് പകരം മറ്റൊരാളെ പരീക്ഷിക്കാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. സ്വതന്ത്ര അംഗത്തെ മാറ്റി ബി.ജെ.പിയില്‍നിന്നുള്ളവരെ തന്നെ മന്ത്രിയാക്കണമെന്ന എം.എല്‍.എമാരുടെ അപേക്ഷ പരിഗണിച്ചാണ് നീക്കം. 13ാമത്തെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന മെഹബൂബക്കൊപ്പം 16 കാബിനറ്റ് മന്ത്രിമാരും എട്ട് സഹമന്ത്രിമാരും ചുമതലയേല്‍ക്കും. വകുപ്പുകളുടെ വീതം വെപ്പില്‍ മാറ്റം വരാന്‍ സാധ്യതയില്ല.
ആഭ്യന്തരം, ധനം, റവന്യു, നിയമം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ പി.ഡി.പിയും ആരോഗ്യം, നഗര വികസനം, വൈദ്യുതി, വാണിജ്യം-വ്യവസായം, പബ്ളിക് ഹെല്‍ത്ത് എന്‍ജിനീയറിങ് വകുപ്പുകള്‍ ബി.ജെ.പിയുമായിരുന്നു നേരത്തെ കൈകാര്യം ചെയ്തിരുന്നത്. ഞായറാഴ്ച കുടുംബത്തോടൊപ്പം ജമ്മുവിലത്തെിയ മെഹബൂബയും ഉപമുഖ്യമന്ത്രിയാവുന്ന ബി.ജെ.പി നേതാവ് നിര്‍മല്‍ സിങ്ങും സത്യപ്രതിജ്ഞക്ക് മുമ്പ് കൂടിക്കാഴ്ച നടത്തും. നിലപാടുകളില്‍ വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികള്‍ തമ്മിലുള്ള സര്‍ക്കാറിനെ വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് ഇരു പാര്‍ട്ടികളും. സജാദ് ഖനി ലോണിന്‍െറ നേതൃത്വത്തിലുള്ള പീപ്ള്‍സ് കോണ്‍ഫറന്‍സില്‍ അംഗമായ സഖ്യത്തിന് 87 അംഗ നിയമസഭയില്‍ 56 എം.എല്‍.എമാരുടെ ഭൂരിപക്ഷമാണുള്ളത്. പി.ഡി.പിക്ക് 27ഉം ബി.ജെ.പിക്ക് 25ഉം പീപ്ള്‍സ് കോണ്‍ഫറന്‍സിന് രണ്ടും അംഗങ്ങളുണ്ട്. സത്യപ്രതിജ്ഞ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, ജിതേന്ദ്ര സിങ് എന്നിവരും പങ്കെടുക്കും.
തുടക്കത്തില്‍ കടുംപിടിത്തത്തിലായിരുന്ന മെഹബൂബയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചക്കുശേഷമാണ് സര്‍ക്കാര്‍ രൂപവത്കരണത്തിലേക്കത്തെിയത്. അതേസമയം, അധികാരത്തിലത്തെിയാല്‍ രാജ്യത്ത് മുഖ്യമന്ത്രിസ്ഥാനത്തത്തെുന്ന ആദ്യ മുസ്ലിം വനിതയായിരിക്കും മെഹബൂബ മുഫ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.