ന്യൂഡൽഹി: അഞ്ച് മുസ്‍ലിം യുവാക്കളുടെ കൊലപാതകത്തിൽ കലാശിച്ച വർഗീയ സംഘർഷം നടന്ന സംഭലിലേക്ക് തിരിച്ച ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്റെ അഞ്ച് എം.പിമാരെ ഉത്തർപ്രദേശിലെ ഹാപൂരിൽ പൊലീസ് തടഞ്ഞു.
നിരോധനാജ്ഞ ഏർപ്പെടുത്തിയ സംഭലിലേക്ക് മാത്രമല്ല, അയൽ ജില്ലയിലേക്ക് പോലും ലീഗ് എം.പിമാരെ കടത്തിവിടരുതെന്നാണ് തങ്ങൾക്കുള്ള ഉത്തരവെന്ന് പറഞ്ഞാണ് ജില്ല മജിസ്ട്രേട്ടും ജില്ല പൊലീസ് മേധാവിയും ചേർന്ന് എം.പിമാരെ തിരിച്ചയച്ചത്. തുടർന്ന് ഹാപൂരിൽനിന്ന് ഉത്തർപ്രദേശ് പൊലീസ് അകമ്പടിയായി വന്ന് അഞ്ച് എം.പിമാരെയും ഡൽഹിയുടെ അതിർത്തി കടത്തുകയായിരുന്നു.
മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, ഡോ.എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് ഗനി, അഡ്വ.വി.കെ. ഹാരിസ് ബീരാൻ എന്നിവർ ഉച്ചക്ക് ഒന്നര മണിക്കാണ് ഡൽഹിയിൽനിന്ന് സംഭലിലേക്ക് തിരിച്ചത്. മുറാദാബാദിൽ പോയി മുസ്‍ലിം ലീഗ് പ്രവർത്തകരെയും കൂട്ടി സംഭലിൽ പോകാനായിരുന്നു എം.പിമാർ തീരുമാനിച്ചത്. എന്നാൽ, സംഭലിൽനിന്ന് 130 കിലോമീറ്റർ അകലെ ഹാപൂർ സജറാബി ടോൾപ്ലാസയിൽ എം.പിമാർക്കായി വാഹനങ്ങൾ അരിച്ചുപെറുക്കികൊണ്ടിരുന്ന വൻ പൊലീസ് സന്നാഹം തടയുകയായിരുന്നു. സംഭലിലേക്ക് പോകാൻ അനുവദിക്കില്ലെങ്കിൽ മുറാദാബാദിലേക്ക് എങ്കിലും പോകാൻ അനുവദിക്കൂ എന്ന് എം.പിമാർ ആവശ്യപ്പെട്ടെങ്കിലും ഇവിടെനിന്ന് ഡൽഹിയിലേക്ക് മടക്കി അയക്കാനാണ് തങ്ങൾക്ക് മുകളിൽനിന്നുള്ള ഉത്തരവെന്ന് ജില്ല മജിസ്ട്രേട്ട് പറഞ്ഞു.
അതോടെ തങ്ങളെ കാണാൻ കാത്തിരുന്നവരെ വിവരമറിയിച്ച് അവരെ ഡൽഹിയിൽ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി സംഘം മടങ്ങി.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രദേശത്തെ ജനങ്ങളെയും നേരിൽ കാണാനായിരുന്നു തങ്ങൾ പുറപ്പെട്ടതെന്ന് മുസ്‍ലിം ലീഗ് എം.പിമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംഭലിൽ സ്ഥിതിഗതികൾ ശാന്തമല്ലെന്നും ജനങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകളാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ദാക്ഷിണ്യമില്ലാതെ കള്ളക്കേസുകളിൽ കുടുക്കുന്നുണ്ടെന്ന് ജനം പറയുന്നു.
എം.പിമാരെന്ന നിലക്ക് അധികാരികളെ വിവരമറിയിച്ചായിരുന്നു യാത്ര. ആരും സംഭലിലേക്ക് പോകാൻ പാടില്ലെന്ന യു.പി പൊലീസ് സമീപനം പ്രാകൃതമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. ഫാഷിസ്റ്റ് നിലപാടാണിത്. ഇരകളോട് ഡൽഹിയിൽ വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുമായി ചർച്ച നടത്തി ഭാവി നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.