വരള്‍ച്ച: കേന്ദ്രത്തിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം

ന്യൂഡല്‍ഹി: വരള്‍ച്ചയുടെ പിടിയിലമര്‍ന്ന സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താത്തതിന് കേന്ദ്രസര്‍ക്കാറിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം. ദുരിതബാധിതരെ സഹായിക്കാന്‍ ഓരോ സംസ്ഥാനവും വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതുവരെ കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നതെന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു. വരള്‍ച്ചബാധിത മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അമാന്തം കാണിക്കുകയാണെന്നും ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി.
വരള്‍ച്ചബാധിത സംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് യോഗേന്ദ്ര യാദവിന്‍െറ നേതൃത്വത്തിലുള്ള ‘സ്വരാജ് അഭിയാന്‍’ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വരള്‍ച്ചബാധിത സംസ്ഥാനമാണെന്ന് പ്രഖ്യാപിക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളാണെന്നും അതിന് നടപടിക്രമങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നിര്‍മല വാദിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചില്ളെങ്കില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമില്ളേയെന്ന് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ ചോദിച്ചു.
നമ്മുടേത് ഫെഡറല്‍ വ്യവസ്ഥയാണെന്നും സംസ്ഥാനങ്ങള്‍ തന്നെയാണ് പ്രഖ്യാപനം നടത്തേണ്ടത് എന്നുമായിരുന്നു നിര്‍മലയുടെ മറുപടി. സംസ്ഥാന സര്‍ക്കാറിന്‍െറ അധികാരങ്ങളില്‍ ഇടപെടാന്‍ കേന്ദ്രത്തിന് കഴിയില്ല. ഫണ്ട് ആവശ്യമുണ്ടെങ്കില്‍ അനുവദിക്കുകയാണ് കേന്ദ്രത്തിന്‍െറ ഉത്തരവാദിത്തമെന്നും അത് നല്‍കുമെന്നും അഭിഭാഷക ബോധിപ്പിച്ചു. വരള്‍ച്ച കൈകാര്യംചെയ്യാനുള്ള കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിക്കുമെന്നും കേന്ദ്രം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.